ചൈനീസ് ആളില്ലാ വിമാനം 24 കിലോമീറ്റർ ഉയരത്തിൽ പറന്നു, ലക്ഷ്യം ദുരൂഹം

ബഹിരാകാശത്തോളം പറന്നുയരാന്‍ കഴിവുള്ള ചാര ഡ്രോണുകള്‍ (ആളില്ലാ വിമാനം) ചൈന വിജയകരമായി പരീക്ഷിച്ചു. സമുദ്രനിരപ്പില്‍ നിന്നും 20 കിലോമീറ്റര്‍ ഉയരത്തില്‍ വരെ ഡ്രോണ്‍ പറത്തുകയെന്ന വെല്ലുവിളിയാണ് ചൈന വിജയകരമായി പൂര്‍ത്തിയാക്കിയത്. വായുവിന്റെ കട്ടികുറവും കഠിനമായ തണുപ്പുള്ള അന്തരീക്ഷവുമായതിനാല്‍ ഭൂമിയുടെ അന്തരീക്ഷത്തിനോടു ചേര്‍ന്നുള്ള ഈ ബഹിരാകാശത്തെ ഡെത്ത് സോണ്‍ എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.

കട്ടികുറഞ്ഞ വായുവിലൂടെ പറക്കുന്നത് ഡ്രോണുകള്‍ക്ക് അതീവ ദുഷ്‌കരമാണ്. ഇതിനൊപ്പം തണുത്ത അന്തരീക്ഷം ഡ്രോണുകളിലെ ബാറ്ററികള്‍ പോലുള്ള ഇലക്ട്രോണിക് ഭാഗങ്ങള്‍ തകരാറിലാകുന്നതിന് കാരണമാവുകയും ചെയ്യും. ഈ വെല്ലുവിളികളെ മറികടക്കാന്‍ ശേഷിയുള്ള ഡ്രോണ്‍ നിര്‍മിക്കുകയായിരുന്നു ചൈനയുടെ ലക്ഷ്യം. മറ്റു രാജ്യങ്ങളുടെ സൈനിക വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുകയാണ് ഈ ചൈനീസ് ഡ്രോണുകളുടെ നിര്‍മാണലക്ഷ്യമെന്നും സൂചനയുണ്ട്.

ഡെത്ത് സോണ്‍ എന്നറിയപ്പെടുന്ന ഈ മേഖലയില്‍ നിലവില്‍ കാര്യമായ മനുഷ്യനിര്‍മിത വസ്തുക്കളൊന്നുമില്ല. വിമാനങ്ങള്‍ക്ക് പറക്കാന്‍ കഴിയാത്ത അത്ര ഉയരമാണിത്. ഇതിനൊപ്പം സാറ്റലൈറ്റുകള്‍ക്കാണെങ്കില്‍ ഇത്ര താഴെ പ്രവര്‍ത്തിക്കാനുമാകില്ല. നോര്‍ത്തോപ് ഗ്രൂമാനിന്റെ ആര്‍ക്യു4 ഗ്ലോബല്‍ ഹോക്ക് എന്ന ഡ്രോണാണ് ഇതുവരെ ഏറ്റവും ഉയരത്തില്‍ പറന്നതിന്റെ റെക്കോഡുണ്ടാക്കിയിരുന്നത്. ആര്‍ക്യു4 ഗ്ലോബല്‍ ഹോക്ക് 19 കിലോമീറ്റര്‍ ഉയരം വരെ പറന്നു.

എന്നാല്‍ മംഗോളിയയില്‍ നടന്ന ചൈനയുടെ പരീക്ഷണത്തിനിടെ ഡ്രോണ്‍ 25 കിലോമീറ്റര്‍ വരെ ഉയരത്തില്‍ പറന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. നിശ്ചിത ഉയരത്തിലെത്തിക്കഴിഞ്ഞാല്‍ നൂറ് കിലോമീറ്റര്‍ ദൂരത്തേക്ക് വരെ സഞ്ചരിച്ച് വിവരങ്ങള്‍ ശേഖരിക്കാന്‍ ഈ കുഞ്ഞന്‍ ഡ്രോണുകള്‍ക്കാകും. ഒരേസമയം ഇതുപോലുള്ള നൂറുകണക്കിന് ഡ്രോണുകള്‍ വിക്ഷേപിക്കുകയാണ് ചൈനയുടെ പദ്ധതി.

വലിപ്പക്കുറവും അതിവേഗതയും മൂലം ഈ ഡ്രോണുകള്‍ റഡാറുകളുടെ നിരീക്ഷണ വലയില്‍ കുടുങ്ങാന്‍ സാധ്യത കുറവാണ്. ഒരു ഷൂബോക്‌സിനോളം മാത്രം വലിപ്പമുള്ള ഈ ഡ്രോണുകള്‍ക്ക് ഫുട്‌ബോളിന്റെ ഭാരം മാത്രമാണുള്ളത്. ഈ കുഞ്ഞന്‍ ഡ്രോണുകളില്‍ ക്യാമറകളുണ്ടാകില്ല. ക്യാമറകള്‍ വഴി ശേഖരിക്കുന്ന ചിത്രങ്ങളും മറ്റും ഭൂമിയിലേക്കയക്കാന്‍ വലിയ ആന്റിനകള്‍ ആവശ്യമാണെന്നതാണ് ക്യാമറ ഒഴിവാക്കാനുള്ള പ്രധാന കാരണം. അതേസമയം, ഇലക്ട്രോമാഗ്‌നെറ്റിക് സിഗ്നല്‍ ഡിറ്റെക്ടര്‍ വഴി സൈനിക സാന്നിധ്യവും സൈനിക നീക്കങ്ങളും നിരീക്ഷിച്ച് വിവരങ്ങള്‍ കൈമാറുകയാണ് ഈ ഡ്രോണുകള്‍ ചെയ്യുന്നത്. എന്നാൽ ഈ ആളില്ലാ വിമാനങ്ങൾ ഉപയോഗിച്ച് മറ്റു ചില രഹസ്യ നീക്കങ്ങൾ നടത്താനും ചൈനയ്ക്ക് പദ്ധതിയുണ്ട്.