ബെയ്ജിങ്ങില്‍ നടന്ന നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസില്‍ ചൈന 2018 ലേക്കുള്ള 1.11 ട്രില്യണ്‍ യുവാനിന്റെ (175 ബില്യണ്‍ ഡോളര്‍) പ്രതിരോധ ബജറ്റ് പ്രഖ്യാപിച്ചത് വൻ ചർച്ചയായി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 8.1 ശതമാനത്തിന്റെ വളര്‍ച്ചയാണ് പുതിയ ബജറ്റിലുണ്ടായിരിക്കുന്നത്. പ്രതിരോധ രംഗത്തെ വിപുലമായ ചൈനീസ് പദ്ധതികള്‍ അവരെ 2050 ആകുമ്പോഴേക്കും ലോകത്തെ ഏറ്റവും കരുത്തുറ്റ സൈന്യമാക്കി മാറ്റുമെന്ന വ്യക്തമായ സൂചനകളാണ് നല്‍കുന്നത്. നിലവിലെ ശക്തികളായ അമേരിക്കയും റഷ്യവും പ്രതിരോധ മേഖലയിൽ പിന്നോട്ടുപോകുമെന്നും വിദഗ്ധർ നിരീക്ഷിക്കുന്നു.
ഈ ജനുവരിയില്‍ മാത്രം നിരവധി പ്രതിരോധ നേട്ടങ്ങളാണ് ചൈന കൈവരിച്ചിരിക്കുന്നത്. ജെറ്റ് ചാരവിമാനങ്ങള്‍, ഡ്രോണുകള്‍, നാവിക കപ്പലുകള്‍, അത്യാധുനിക മിസൈലുകള്‍ എന്നിങ്ങനെ പോകുന്നു ചൈനീസ് നേട്ടങ്ങള്‍. ലോകത്തെ യുദ്ധരീതികള്‍ തന്നെ മാറ്റി മറിക്കാന്‍ ശേഷിയുള്ള സാങ്കേതികവിദ്യകളില്‍ ചൈനീസ് ശാസ്ത്രജ്ഞര്‍ നിര്‍ണ്ണായക ഗവേഷണത്തിലാണ്.
സാങ്കേതിക വിദ്യയിലുള്ള അധീശത്വമാണ് നിലവില്‍ അമേരിക്കയെ ചൈനയേക്കാള്‍ മുന്നില്‍ നിര്‍ത്തുന്ന പ്രധാന ഘടകം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സൂപ്പര്‍ കംപ്യൂട്ടിംങ്, ക്വാണ്ടം ഇന്‍ഫര്‍മേഷന്‍ സയന്‍സ് തുടങ്ങിയ മേഖലകളില്‍ ചൈനയേക്കാള്‍ ബഹുദൂരം മുന്നിലാണ് അമേരിക്ക. ഇക്കാര്യം തിരിച്ചറിഞ്ഞ് കുറവുകള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ചൈനയും നടത്തുന്നുണ്ട്.
മറ്റു രാജ്യങ്ങളുമായി സാങ്കേതികവിദ്യകള്‍ കൈമാറ്റം ചെയ്യുന്ന കരാറുകളിലെത്തുക വിദേശത്തെ കമ്പനികളേയും ഗവേഷകരേയും ചൈനയിലേക്ക് ആകര്‍ഷിക്കുക, ആഭ്യന്തരമായി കണ്ടുപിടുത്തങ്ങള്‍ നടത്തുന്ന ശാസ്ത്രജ്ഞരെ പ്രോത്സാഹിപ്പിക്കുക തുടങ്ങി വിവിധ മാര്‍ഗ്ഗങ്ങള്‍ ചൈന കുറവ് പരിഹരിക്കാനായി കണ്ടെത്തിയിട്ടുണ്ട്. ചൈനീസ് ഹാക്കര്‍മാര്‍ വലിയ തോതില്‍ വിവരങ്ങള്‍ മോഷ്ടിക്കുന്നുവെന്ന ആരോപണം അമേരിക്ക തന്നെ നേരത്തെ ഉയര്‍ത്തിയിട്ടുണ്ട്. 2014 മെയില്‍ അഞ്ച് ചൈനീസ് സൈനിക ഹാക്കര്‍മാര്‍ക്കെതിരെ അമേരിക്ക കുറ്റം ചുമത്തുക വരെ ചെയ്തിരുന്നു.
പ്രതിരോധ രംഗത്തെ പല നിര്‍ണ്ണായക മേഖലകളിലും ചൈന തന്ത്രപരമായ മുന്നേറ്റം നടത്തുന്നുണ്ട്. ഹൈപ്പര്‍ സോണിക് സാങ്കേതികവിദ്യയില്‍ ചൈന നിരവധി ഗവേഷണങ്ങളാണ് നടത്തുന്നത്. ബെയ്ജിങ്ങില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് രണ്ട് മണിക്കൂർ കൊണ്ടെത്താന്‍ സാധിക്കുന്ന ഹൈപ്പര്‍ സോണിക് വിമാനങ്ങളുടെ പണിപ്പുരയിലാണ് ചൈന. നിലവില്‍ 13 മണിക്കൂറെടുക്കുന്ന ദൂരമാണിത്. ആണവ-ആണവേതര മിസൈലുകള്‍ വഹിക്കാന്‍ ശേഷിയുള്ള ഹൈപ്പര്‍ സോണിക് മിസൈലായ DF-ZF ഗ്ലൈഡറുകളും ചൈന നിര്‍മിക്കുന്നുണ്ട്. ഇതിനുവേണ്ടി ലോകത്തെ ഏറ്റവും വലിയ ഹൈപ്പര്‍ സോണിക് വിന്‍ഡ് ടണല്‍ ചൈന നിര്‍മിച്ചത് നേരത്തെ വാര്‍ത്തയായിരുന്നു.
ക്വാണ്ടം കമ്മ്യൂണിക്കേഷന്‍, കംപ്യൂട്ടിംങ്, ക്രിപ്‌റ്റോഗ്രഫി തുടങ്ങിയ മേഖലകളിലും ചൈന നിര്‍ണ്ണായക മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുകയാണ്. ലോകത്തെ ആദ്യത്തെ ക്വാണ്ടം സാറ്റലൈറ്റ് 2016 ഓഗസ്റ്റില്‍ ചൈന വിക്ഷേപിച്ചിരുന്നു. 76 ബില്യണ്‍ യുവാന്‍ ചിലവിട്ട് ലോകത്തെ ഏറ്റവും ബൃഹത്തായ ക്വാണ്ടം കംപ്യൂട്ടിങ് സെന്റര്‍ സ്ഥാപിക്കുമെന്ന് ചൈന കഴിഞ്ഞ വര്‍ഷമാണ് പ്രഖ്യാപിച്ചത്. ചൈനയുടെ പ്രതിരോധ വിവര കൈമാറ്റ ശൃംഘല സുരക്ഷിതവും അതിവേഗമുള്ളതും ആയിരിക്കുമെന്നതാണ് ക്വാണ്ടം കമ്മ്യൂണിക്കേഷനിലേക്ക് ചൈനയെ ആകര്‍ഷിച്ച പ്രധാന ഘടകം.
ചൈന വളരെയധികം മുന്നേറ്റം നടത്തിയിരിക്കുന്ന മറ്റൊരു പ്രധാന മേഖല വൈദ്യുത കാന്തിക ആയുധങ്ങളാണ്. വളരെയധികം ദൂരത്തുള്ള ലക്ഷ്യസ്ഥാനത്തുള്ള വസ്തുവിനെ ഇലക്ട്രോമാഗ്നെറ്റിക് റെയില്‍ ഗെണ്‍ ഉപയോഗിച്ച് തകര്‍ക്കാനുള്ള സാങ്കേതികവിദ്യ ചൈന സ്വന്തമാക്കി കഴിഞ്ഞു. ചൈനീസ് നാവിക കപ്പലില്‍ നിന്നും ഇലക്ട്രോ മാഗ്നെറ്റിക് ഗണ്ണുപയോഗിച്ച് ലക്ഷ്യം തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
ഇതടക്കമുള്ള നിരവധി പ്രതിരോധ സാങ്കേതിക വിദ്യകളില്‍ വലിയ പുരോഗതി കുറഞ്ഞകാലം കൊണ്ട് ചൈന കൈവരിച്ചുകഴിഞ്ഞു. ബയോടെക്‌നോളജി, റോബോട്ടിക്‌സ്, സൂപ്പര്‍ കംപ്യൂട്ടിങ്, നാനോ ടെക്‌നോളജി, ബഹിരാകാശ ശാസ്ത്രം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിങ്ങനെ പോകുന്നു ചൈനയുടെ പ്രതിരോധ സ്വപ്‌നത്തിലേക്കുള്ള വഴികള്‍. ജനാധിപത്യ രാജ്യങ്ങളെ അപേക്ഷിച്ച് ഭരണ തലത്തിലുള്ള കടമ്പകള്‍ കുറവാണെന്നതും ചൈനയ്ക്ക് പ്രതിരോധമേഖലയിലെ നേട്ടങ്ങള്‍ക്ക് കാരണമാവുകയാണ്. നിലവിലെ സാഹചര്യത്തില്‍ 2050 ആകുമ്പോഴേക്കും ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തിയാവുകയെന്ന ചൈനീസ് സ്വപ്‌നം അപ്രാപ്യമല്ലെന്നുവേണം കരുതാന്‍. ഇതെല്ലാം അയല്‍ രാജ്യമായ ഇന്ത്യയ്ക്ക് തന്നെയാണ് വലിയ ഭീഷണി.