40,000 കോടി, 6 മുങ്ങിക്കപ്പലുകൾ, ലോക ശക്തിയാകാൻ ഇന്ത്യ
Mail This Article
ഇന്ത്യയുടെ പ്രതിരോധ മേഖലയ്ക്ക് ഏറെ ആശ്വാസം നൽകുന്ന വാർത്തയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. തദ്ദേശീയമായി ആറു മുങ്ങിക്കപ്പലുകൾ നിർമിക്കാൻ 40,000 കോടി രൂപയുടെ പദ്ധതിക്കാണ് പ്രതിരോധ മന്ത്രാലയം അനുമതി നൽകിയത്. ഇന്ത്യൻ മഹാസമുദ്രത്തിലെയും അറബിക്കടലിലെയും ചൈന, പാക്കിസ്ഥാൻ വെല്ലുവിളികളെ നേരിടാൻ ലക്ഷ്യമിട്ടാണ് ആറു മുങ്ങിക്കപ്പലുകൾ കൂടി നിർമിക്കുന്നത്.
ലോക രാജ്യങ്ങൾക്കിടയിലെ ഏറ്റവും വലിയ നാവികസേനകളിലൊന്നായ ഇന്ത്യൻ നേവി ആറ് മുങ്ങിക്കപ്പലുകള്‍ കൂടി എത്തുന്നതോടെ കൂടുതൽ ശക്തമാകും. പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിൽ നടന്ന ഡിഫന്‍സ് അക്വസിഷന്‍ കൗണ്‍സിൽ യോഗത്തിലാണ് 40,000 കോടി രൂപ രൂപയുടെ പദ്ധതിക്ക് അനുമതിയായത്.
ആറു മുങ്ങിക്കപ്പലുകളും വിദേശ കമ്പനികളുടെ സഹായത്തോടെ മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് കീഴിൽ നിർമിക്കും. മുങ്ങിക്കപ്പൽ പദ്ധതിക്കൊപ്പം 5,000 മിലാന്‍ ആന്റി–ടാങ്ക് മിസൈലുകള്‍ വാങ്ങാനുള്ള കരാറും പ്രതിരോധമന്ത്രാലയം ഒപ്പുവച്ചു.
നാവിക സേനയുടെ അണ്വായുധ ശേഷിയുള്ള മുങ്ങിക്കപ്പലായ ഐഎന്‍എസ് അരിഹന്തിനും, കാല്‍വരി ക്ലാസിനും ഹെവിവെയ്റ്റ് ടോര്‍പെഡോസ് (മിസൈല്‍) വാങ്ങാനുള്ള നിര്‍ദ്ദേശവും റിപ്പോർട്ടിലുണ്ട്. 21,000 കോടി രൂപ ചെലവിൽ വിദേശ കമ്പനികളുടെ സഹായത്തോടെ നാവിക സേനയ്ക്ക് ഹെലികോപ്റ്റർ നിര്‍മിച്ചതു പോലെയാണ് ആറു മുങ്ങിക്കപ്പലുകളും നിർമിക്കുക.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത അരിഹന്ത് മുങ്ങിക്കപ്പൽ നേരത്തെ തന്നെ പരീക്ഷണങ്ങളെല്ലാം പൂർത്തിയാക്കിയിരുന്നു. അരിഹന്ത് നാവിക സേനയുടെ ഭാഗമായതോടെ കര, വ്യോമ, കടല്‍ മാര്‍ഗം അണ്വായുധ മിസൈൽ വിക്ഷേപിക്കാൻ ശേഷിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഇടം നേടിയിരുന്നു.