ഇന്ത്യൻ ഡ്രോൺ ചൈനയിൽ വീഴും മുൻപെ വിഡിയോ അയച്ചു, പരിശോധിക്കാൻ ഇസ്രായേൽ!

ചൈനീസ് വ്യോമാർതിര്‍ത്തിയിൽ തകർന്നു വീണ അത്യാധുനിക ഡ്രോൺ തകരുന്നതിന് മുന്‍പ് പകര്‍ത്തിയ വിഡിയോകളും മറ്റു വിവരങ്ങളും പരിശോധിക്കുമെന്ന് ഇന്ത്യ. ഇതിനായി ഇസ്രായേലിന്റെ സഹായം തേടിയിട്ടുണ്ട്. ഇസ്രായേൽ നിർമിത ഹെറോൺ ഡ്രോണാണ് കഴിഞ്ഞ ദിവസം തകർന്നു വീണത്.

എന്നാൽ തകർന്നു വീഴുന്നതിന്റെ തൊട്ടുമുന്‍പ് വരെ ഡ്രോണിൽ നിന്ന് കൺട്രോൾ സ്റ്റേഷനിലേക്ക് വിഡിയോ ഫീഡ് അയച്ചിരുന്നു. വിമാനത്തിലെ ബ്ലാക്ക് ബോക്സിന് സമാനമായ സംവിധാമാണ് ഡ്രോണിലെ ഡിജിറ്റൽ അനലിറ്റിക്കൽ സിസ്റ്റം. ഇതു പരിശോധിച്ചാൽ ഹെറോൺ ഡ്രോൺ തകർന്നു വീഴാനുള്ള കാരണം വ്യക്തമാകും. ഇസ്രായേൽ എയ്‌റോസ്പേസ് ഇൻഡസ്ട്രീസാണ് ഹെറോൺ ഡ്രോൺ നിർമിക്കുന്നത്. 

ഇന്ത്യയുടെ ഡ്രോൺ ചൈനീസ് വ്യോമാർതിര്‍ത്തിയിലേക്കു കടന്നെന്നും അതിർത്തിക്കു സമീപം തകർന്നു വീണെന്നും ചൈനീസ് മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്‍. തകർന്നുവീണ ‍ഡ്രോണ്‍  ചൈനീസ് സൈന്യം പരിശോധിച്ചുവരികയാണെന്നും അതിർത്തി സേനകൾ ഈ വിഷയത്തിൽ ഉത്തരവാദിത്വത്തോടെയുള്ള സമീപനമാണു നടത്തിയതെന്നും ചൈനീസ് സേനയിലെ ഡപ്യൂട്ടി ഡയറക്ടര്‍ ഷാങ് സൂലി പറഞ്ഞു. ചൈനക്കെതിരായ ഏതു വെല്ലുവിളികളും സൈന്യം പ്രതിരോധിക്കുമെന്നും ഷാങ് അറിയിച്ചിട്ടുണ്ട്. 

അതിർത്തി നിരീക്ഷണത്തിനും ഭീകരരെ നേരിടാനും ഹെറോൺ ഡ്രോണുകൾ സഹായിക്കുന്നുണ്ട്. സ്ഥിരതയുള്ളതും അകലെയുള്ള ലക്ഷ്യങ്ങളില്‍ വരെ മിന്നലാക്രമണം നടത്താനും ശേഷിയുളളതാണ് ഹെറോൺ. ഈറ്റന്‍/ഹെറോണ്‍ ടിപി വിഭാഗത്തില്‍പ്പെട്ട ഡ്രോണുകൾ നിലവിൽ ഇന്ത്യ ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ പരിഷ്കരിച്ച പതിപ്പ് വാങ്ങാനും പദ്ധതിയുണ്ട്. കരാർ പ്രകാരം മെയ്ക്ക് ഇന്‍ ഇന്ത്യാ പദ്ധതിയിലൂടെ ഹെറോൺ ഡ്രോണുകൾ നിർമിച്ചേക്കും. 

പാക്കിസ്ഥാനുമായും ചൈനയുമായും ഉണ്ടായേക്കാവുന്ന യുദ്ധങ്ങളിലും ഭീകരരെ നേരിടാനും ഇത്തരം ദീര്‍ഘദൂര ആധുനിക ആയുധങ്ങള്‍ക്ക് ഏറെ പ്രധാന്യമുണ്ട്. ഇസ്രായേല്‍ എയ്‌റോ സ്‌പെയ്‌സ് ഇന്‍ഡസ്ട്രീസ് വികസിപ്പിച്ച ഹെറോണ്‍ ടിപിക്ക് 45,000 അടി ഉയരത്തില്‍ വരെ പറക്കുവാന്‍ ശേഷിയുണ്ട്. ആയുധങ്ങളുമായി 30 മണിക്കൂര്‍ നേരം പറക്കാനും സാധിക്കും. പഠാൻകോട്ട് ഭീകരരെ കണ്ടെത്തി കൃത്യമായി നേരിടാൻ സഹായിച്ചത് ഹെറോൺ ഡ്രോണുകളുടെ നിരീക്ഷണമായിരുന്നു. 

ഏതു കാലാവസ്ഥയിലും പ്രവര്‍ത്തിക്കുന്ന ഹെറോണിന് എയർ ടു ഗ്രൗണ്ട് മിസൈൽ ആക്രമണം നടത്താനും സാധിക്കും. ഒരു ടൺ വരെ ഭാരം വഹിച്ച് പറക്കാൻ ശേഷിയുള്ള ഹെറോണിൽ അത്യാധുനിക ആയുധങ്ങൾ ഘടിപ്പിക്കാൻ കഴിയും. താഴെ നിന്നു ഒരാൾക്ക് നിയന്ത്രിക്കാവുന്ന ഹെറോൺ ഡ്രോൺ യുദ്ധഭൂമിയിൽ വൻ നാശം വിതക്കാൻ ശേഷിയുള്ളതാണ്.