മൂന്നാം ലോകമഹായുദ്ധത്തിന് അമേരിക്കയുടെ പറക്കും കംപ്യൂട്ടർ വിമാനം, ചൈനീസ് എഐ!

മൂന്നാം ലോകമഹായുദ്ധം സംഭവിച്ചാൽ കാര്യങ്ങൾ നിയന്ത്രിക്കുക ആയുധങ്ങൾ മാത്രമായിരിക്കില്ല. ഭാവിയിലെ യുദ്ധങ്ങളില്‍ ആയുധങ്ങളേക്കാള്‍ അല്‍ഗോരിതങ്ങള്‍ക്കായിരിക്കും മുന്‍തൂക്കമെന്ന് ഗവേഷകരുടെ മുന്നറിയിപ്പ്. അമേരിക്കയും റഷ്യയും ചൈനയും അടക്കമുള്ള രാജ്യങ്ങള്‍ വലിയ തോതില്‍ റോബോട്ടിക് ആയുധങ്ങളുടെ മേഖലയില്‍ മുതല്‍ മുടക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പുതിയ പഠനഫലം വന്നിരിക്കുന്നത്. ഈ രംഗത്ത് ഒന്നുകില്‍ അമേരിക്കയ്ക്ക് മുന്നില്‍ നിന്നു നയിക്കുകയോ മുന്നിലെത്തുന്നവരുടെ ഇരയായി മാറുകയോ ചെയ്യാമെന്ന മുന്നറിയിപ്പും ഗവേഷകർ മുന്നറിയിപ്പ് നല്‍കുന്നു. 

കഴിഞ്ഞ വര്‍ഷം മാത്രം അമേരിക്ക ഏകദേശം 740 കോടി ഡോളറാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുള്ള ആയുധങ്ങള്‍ക്കായി മാത്രം മുടക്കിയത്. അമേരിക്കയുടെ ഈ നീക്കം ആയുധ കിടമത്സരരംഗത്ത് പുതിയ രീതിക്ക് തന്നെ കാരണമാകുന്നുവെന്ന സൂചനകളുണ്ടായിരുന്നു. റോബോട്ടിക് ആയുധങ്ങളുടെ രംഗത്ത് റഷ്യയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള വെല്ലുവിളി മറികടക്കാനായി കൂടുതലായി അല്‍ഗോരിതങ്ങളുടെ നിര്‍മാണത്തില്‍ അമേരിക്ക ശ്രദ്ധിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. 

രാജ്യങ്ങള്‍ പ്രതിരോധ രംഗത്തെ സൈനികരെ പരിശീലിപ്പിക്കുന്ന രീതിയില്‍ തന്നെ പ്രകടമായ മാറ്റങ്ങളുണ്ടെന്ന് ഡേറ്റ സയന്‍സ് ആന്റ് അനലറ്റിക്‌സ് സ്ഥാപനമായ ഗോവിനി പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുൻപ് തോക്കുകള്‍ എങ്ങനെയാണോ പ്രതിരോധ രംഗത്തെ മാറ്റിമറിച്ചത് അതുപോലുള്ള മാറ്റമാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വരുത്തിക്കൊണ്ടിരിക്കുന്നത്. അമേരിക്കന്‍ പ്രതിരോധ രംഗത്തെ പ്രധാന കമ്പനികളായ ലോക്ക്ഹീഡ് മാര്‍ട്ടിന്‍, റൈത്തോണ്‍, ലീഡോസ് തുടങ്ങിയവയെല്ലാം തന്നെ എഐ മേഖലയിലേക്കുകൂടി പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചു കഴിഞ്ഞു. 

സൈനികര്‍ക്കായുള്ള പരിശീലനത്തിനു യുദ്ധമേഖലയില്‍ എത്തിപ്പെട്ട പ്രതീതി ഉളവാക്കുന്നതിന് വെര്‍ച്വല്‍ റിയാലിറ്റി ഉപയോഗിക്കുന്നുണ്ട്. ഏറെ വൈകാതെ മനുഷ്യനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും കൂടിച്ചേര്‍ന്ന രൂപമായിരിക്കും സൈനികനായി പ്രതിരോധത്തിനിറങ്ങുക. 2030 ആകുമ്പോഴേക്കും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് ചൈന രാജ്യാന്തര തലത്തില്‍ തന്നെ മുന്നിലെത്തുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നുകഴിഞ്ഞു. 

മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ചൈനയുടേയും റഷ്യയുടേയും ഈ രംഗത്തെ പുരോഗതി അതിവേഗത്തിലുള്ളതാണ്. അമേരിക്കയും മേഖലയില്‍ ശ്രദ്ധേയമായ പുരോഗതി പ്രാപിച്ചിട്ടുണ്ട്. ശത്രുരാജ്യങ്ങളിലെ നിരീക്ഷണത്തിന് ഡ്രോണുകളും ചരക്കുകള്‍ കൈമാറുന്നതിന് പൈലറ്റില്ലാത്ത ഹെലിക്കോപ്റ്ററുകളും ഉപയോഗിക്കുന്ന കാര്യത്തില്‍ ഇപ്പോള്‍ തന്നെ വലിയ പുരോഗതികള്‍ കൈവരിക്കാന്‍ അമേരിക്കയ്ക്കായി. 

F 35 സ്‌ട്രൈക്ക് ഫൈറ്റര്‍ വിമാനം ഇതിനൊരു ഉദാഹരണമാണ്. എട്ട് ദശലക്ഷം വരി കോഡുകളാണ് ഈ വിമാനത്തിനായി ചെയ്തിരിക്കുന്നത്. പറക്കുന്ന കംപ്യൂട്ടറായും കംപ്യൂട്ടര്‍ നിയന്ത്രിക്കുന്ന ഫൈറ്റര്‍ ജെറ്റായുമാണ് ഇതിനെ പ്രതിരോധ വിദഗ്ധര്‍ വിശേഷിപ്പിക്കുന്നത്. ലോക്ഹീഡ് മാര്‍ട്ടിന്‍ നിര്‍മിക്കുന്ന F 35 യുദ്ധവിമാനത്തിന് ഇപ്പോള്‍ തന്നെ ആവശ്യക്കാര്‍ ഏറെയാണ്. വര്‍ഷങ്ങള്‍ക്കകം 138 F 35 പോര്‍ വിമാനങ്ങള്‍ വാങ്ങാന്‍ ഇപ്പോള്‍ തന്നെ ബ്രിട്ടന്‍ കരാര്‍ ഒപ്പിട്ടുകഴിഞ്ഞു. 

നാല് വര്‍ഷം മുൻപുള്ളതിനേക്കാള്‍ യുദ്ധഭീതിയിലാണ് നിലവില്‍ ലോകമെന്ന് കഴിഞ്ഞ ആഴ്ച നാറ്റോ മുന്നറിയിപ്പ് നല്‍കിയിരുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തെ ചൈനയുടേയും റഷ്യയുടേയും കുതിപ്പിനെക്കുറിച്ചും നാറ്റോ റിപ്പോര്‍ട്ട് സൂചിപ്പിച്ചിട്ടുണ്ട്. എഐ ആയുധങ്ങള്‍ നിലവില്‍ രാജ്യങ്ങളുടെ കുത്തകയാണ്. സമീപഭാവിയില്‍ ഏതെങ്കിലും ഭീകര സംഘടനകളുടെ കൈവശം ഇത് എത്തിപ്പെടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ലെന്നും നാറ്റോ റിപ്പോര്‍ട്ടിലുണ്ട്.