യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഉത്തര കൊറിയൻ മേധാവി കിം ജോങ് ഉൻ സിംഗപ്പൂരിലെത്തി. എയർ ചൈനയുടെ സിഎ61 വിമാനത്തിലാണ് കിമ്മെത്തിയത്. ചാങ്കി രാജ്യാന്തര വിമാനത്താവളത്തിൽ പ്രാദേശിക സമയം ഉച്ച കഴിഞ്ഞ് 2.40 നാണ് ലാൻഡ് ചെയ്തത്. ബോയിങ് 747 വിമാനത്തിലാണ് സഞ്ചരിച്ചത്
തുടർന്ന് 3.05 നാണ് ബെൻസ് സെഡാനിൽ കിം ജോങ് ഉൻ ഹോട്ടലിലേക്ക് തിരിച്ചത്. പൊലീസ് വാഹനങ്ങൾ, മൊബൈൽ ഹോസ്പിറ്റൽ എന്നിവയും കിമ്മിനെ പിന്തുടരുന്നുണ്ട്. കൊറിയൻ ഫ്ലാഗുള്ള രണ്ടു കാറുകളാണ് വിമാനത്താവളത്തിൽ നിന്നു തിരിച്ചത്.
കിം ജോങ് ചൈന വഴിയാണ് സിംഗപ്പൂരിലേക്ക് പറന്നത്. ഫ്ലൈറ്റ് റഡാർ 24 റിപ്പോർട്ട് പ്രകാരം ചൈനയിലെ നാലു പ്രവിശ്യകളിലൂടെയാണ് കിമ്മിന്റെ വിമാനം സഞ്ചരിച്ചത്. തീരപ്രദേശങ്ങളിൽ കൂടിയായിരുന്നു സഞ്ചാരം. കൂടുതൽ സമയവും ചൈനയുടെ വ്യോമ പരിധിയിൽ കൂടി തന്നെയാണ് വിമാനം പറന്നത്. അതേസമയം, കിമ്മിന്റെ വിമാനം പോകുന്ന റൂട്ടിൽ നിന്നെല്ലാം സാധാരണ വിമാനങ്ങളെ സഞ്ചരിക്കാൻ അനുവദിച്ചിരുന്നില്ല.
കിമ്മിന്റെ വിമാനം പോകുന്ന വഴിയിലെല്ലാം എയർ ട്രാഫിക് കൺട്രോൾ വ്യക്തമായ സന്ദേശം കൈമാറിയിരുന്നു. കിമ്മിനെ സിംഗപ്പൂരിൽ എത്തിക്കുന്നതിന്റെ ചുമത ചൈനയാണ് വഹിച്ചത്. ഉത്തര കൊറിയയില്‍ നിന്നു പൊങ്ങിയ വിമാനത്തിന്റെ പൂർണ്ണ സുരക്ഷയും ചൈന ഏറ്റെടുക്കുകയായിരുന്നു.