ചൈനയുടെ ആ പക്ഷിക്കൂട്ടങ്ങളെ ഭയക്കണം; അവ ‘ലക്ഷ്യമിടുന്നത്’ നിങ്ങളെ!

‘ആകാശത്തിലെ പറവകളെ നോക്കൂ, അവ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരകളിൽ ശേഖരിച്ചു വയ്ക്കുന്നില്ല...’ –ഇങ്ങനെയാണെങ്കിലും ചൈനയുടെ ഏറ്റവും പുതിയ നീക്കത്തോടു ചേർത്തു വായിക്കുമ്പോൾ ഇതിൽ അൽപം മാറ്റം വരുത്തേണ്ടി വരും. ചൈന ആകാശത്തിലേക്കയച്ച പറവകൾ വിതയ്ക്കുന്നതു ഭീതിയാണെന്നു മാത്രം. ‘കൊയ്യുന്നതാകട്ടെ’ രാജ്യത്തെ ജനങ്ങളെക്കുറിച്ചുള്ള വിവരങ്ങളും. ഭരണകൂടം ഈ വിവരങ്ങൾ ശേഖരിച്ചു വയ്ക്കുകയും ചെയ്യുന്നുണ്ട്. 

ചൈനയുടെ ഏറ്റവും പുതിയ ചാരപ്പണിയുടെ വിവരങ്ങളാണ് ഈ ‘പക്ഷി’കളിലൂടെ പുറത്തു വരുന്നത്. പക്ഷികളെപ്പോലും വിശ്വസിക്കാൻ സാധിക്കാത്ത വിധം അവയുടെ ആകൃതിയിലുള്ള ഡ്രോണുകളാണ് ചൈന നിർമിച്ചെടുത്തിരിക്കുന്നത്. അത്യാധുനിക സർവൈലൻസ് ടെക്നോളജിയാണ് ഇതിനു വേണ്ടി ചൈന വികസിപ്പിച്ചെടുത്തതും. നിലവിൽ സ്വന്തം രാജ്യത്തെ ജനങ്ങളെത്തന്നെ നിരീക്ഷിക്കാനാണ് ചൈനയുടെ തീരുമാനം. പല പ്രവിശ്യകളിലും പരീക്ഷണാടിസ്ഥാനത്തിൽ ഈ ‘സ്പൈ ബേഡ് പ്രോഗ്രാം’ നടപ്പാക്കുകയും ചെയ്തു. 

ജനങ്ങളെ രഹസ്യമായി നിരീക്ഷിക്കുന്നതിൽ കുപ്രസിദ്ധി നേടിയ രാജ്യമാണു ചൈന. അക്കൂട്ടത്തിലേക്കാണ് ഈ പക്ഷിച്ചാരന്മാരും പറന്നിറങ്ങുന്നത്. സൗത്ത് ചൈന മോണിങ് പോസ്റ്റാണ് ഈ നിർണായക വിവരം ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. രാജ്യത്തെ അഞ്ചു പ്രവിശ്യകളിലാണ് ചൈനീസ് ചാരക്കണ്ണുകളുടെ ഏറ്റവും പുതിയ വകഭേദം പരീക്ഷിക്കുന്നത്. എന്നാൽ ഇവ ഏതൊക്കെയാണെന്നത് തികച്ചും രഹസ്യം. പ്രാവുകളുടെ ആകൃതിയിലാണ് സ്പൈ ബേഡ് പ്രോഗ്രാമിലെ ഡ്രോണുകൾ നിർമിച്ചിരിക്കുന്നത്. 

ഷാൻഷി പ്രവിശ്യയിലെ നോർത്ത് വെസ്റ്റേൺ പോളി ടെക്നിക്കൽ യൂണിവേഴ്സിറ്റിക്കാണ് ഇതിന്റെ നിർമാണ ചുമതല. നേരത്തേ ചൈനയുടെ സ്റ്റെൽത്ത് ഫൈറ്റർ ജെറ്റുകൾക്കാവശ്യമായ സാങ്കേതികത തയാറാക്കി നൽകി പേരെടുത്തതാണ് ഈ യൂണിവേഴ്സിറ്റി. ചൈനീസ് വ്യോമസേന ഈ ജെറ്റുകളാണ് ഉപയോഗിക്കുന്നത്. അതേസമയം ‘പ്രാവുഡ്രോണു’കളുടെ ടെക്നോളജി ഇപ്പോഴും ആരംഭത്തിലാണെന്നു പറയുന്നു ഗവേഷകർ. എന്നാൽ ഭാവിയിലേക്ക് വൻ ഉപയോഗങ്ങളാണ് ഇവ വഴിയുണ്ടാകുക. 

ഒരേസമയം ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലും യുദ്ധമേഖലകളിലും എളുപ്പത്തിൽ ഉപയോഗിക്കാം ഇവയെ. ഓരോ റോബട്ടിക് പക്ഷിയെയും ജിപിഎസ് ടെക്നോളജി വഴി ട്രാക്ക് ചെയ്യാം. എല്ലാറ്റിലും ഓരോ എച്ച്ഡി ക്യാമറുമുണ്ട്. ഫ്ലൈറ്റ് കൺട്രോൾ സിസ്റ്റം വഴിയാണു പറക്കൽ. ഈ സിസ്റ്റം ബന്ധിപ്പിച്ചിരിക്കുന്നത് ചൈനീസ് സാറ്റലൈറ്റുകളുമായാണ്. അവയ്ക്ക് റിമോട്ട് കൺട്രോൾ വഴി റോബട്ടിക് പക്ഷികളെ നിയന്ത്രിക്കാമെന്നു ചുരുക്കം. 

‘ചിറകടിക്കുന്നതിനു’ വേണ്ടി ഒരു ചെറിയ ഇലക്ട്രിക് മോട്ടോറും പക്ഷികളിൽ ഘടിപ്പിച്ചിട്ടുണ്ട്. എവിടെയെങ്കിലും പറന്നിറങ്ങിയാൽ പോലും മറ്റു പക്ഷികളിൽ നിന്നു വേർതിരിച്ചറിയാനാകില്ല ഇവയെ! 

അടുത്തിടെ ഡ്രോൺഷിപ്പുകളുടെ വിന്യാസവും ചൈന ഒരുക്കിയിരുന്നു. ആരുമില്ലാതെ തന്നെ സഞ്ചരിക്കാൻ കഴിയുന്ന കപ്പലുകളാണിവ. നിയന്ത്രണം ഒരു ‘മദർ ഷിപ്പി’നായിരിക്കും. ശത്രുക്കളുടെ കപ്പൽ വിന്യാസത്തിനു നേരെ ഒരു സ്രാവിനെപ്പോലെ പാഞ്ഞു കയറി എല്ലാം നശിപ്പിക്കാനാകും എന്നതാണ് പ്രത്യേകത. ചൈനയുടെ ഭാഗത്ത് ആൾനാശവും ഉണ്ടാകില്ല. ഇത്തരത്തിലുള്ള 56 കപ്പലുകളുമായി തെക്കൻ ചൈന കടലിൽ സൈനികാഭ്യാസവും അടുത്തിടെ ചൈന നടത്തിയിരുന്നു.