അമേരിക്കയുടെ ആയുധരഹസ്യം ചോർന്നു, ഡാർക് വെബിൽ വിൽപനയ്ക്ക്

എല്ലാം കംപ്യൂട്ടറൈസ്ഡ് ആകുന്നതില്‍ സന്തോഷിക്കുന്നവരെ ഞെട്ടിക്കുന്ന വാര്‍ത്ത- അമേരിക്കന്‍ എയര്‍ ഫോഴ്‌സ് ക്യാപ്റ്റന്റെ കംപ്യൂട്ടറിലേക്ക് ഹാക്കര്‍ നുഴഞ്ഞു കയറി അത്യാധുനിക സൈനിക ഡ്രോണുകളെ കുറിച്ച് രഹസ്യ വിവരങ്ങള്‍ ചോർത്തി. പിന്നീട് ഡേറ്റകൾ ഡാര്‍ക്ക് വെബിലെത്തിക്കുയും ചെയ്തിരിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തി. ഇതാകട്ടെ, സമീപകാലത്തു നടന്ന ഇത്തരം ആക്രമണങ്ങളില്‍ ഒന്നു മാത്രമാണ്. അമേരിക്കന്‍ സൈനിക രഹസ്യങ്ങളിലേക്കും പൊതുമേഖലയിലുമായി ഇത്തരം നിരവധി ആക്രമണങ്ങള്‍ നടന്നിരിക്കുന്നു. ഇത്തരം മറ്റൊരു നുഴഞ്ഞു കയറ്റ സംഭവത്തില്‍ ഒരു നേവി കോണ്‍ട്രാക്ടറുടെ കംപ്യൂട്ടറില്‍ നുഴഞ്ഞു കയറി മുങ്ങിക്കപ്പലുകളെ കുറിച്ചും സമുദ്രാന്തര്‍ഭാഗത്തുള്ള ആയുധങ്ങളെ കുറിച്ചുമുള്ള വിവരങ്ങള്‍ ചോര്‍ത്തിയതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്തിരുന്നു.

വാര്‍ത്തകള്‍ ശരിയാണെങ്കില്‍, ഭാവിയിലെ യുദ്ധങ്ങള്‍ ഭൗതിക തലത്തില്‍ മാത്രമല്ല നടക്കാന്‍ പോകുന്നതെന്ന വാദം അംഗീകിരിക്കേണ്ടതായി വരും. ഡ്രോണുകളെ കുറിച്ചുള്ള വാര്‍ത്ത പുറത്തു കൊണ്ടുവന്ന റെക്കോഡഡ് ഫ്യൂച്ചര്‍ (Recorded Future) പുറത്തുവിട്ട രേഖകളില്‍ അമേരിക്കയുടെ MQ-9A റീപ്പര്‍ ഡ്രോണുകളുടെ (Reaper drones) നിർമാണത്തിൽ ഏര്‍പ്പെട്ടിരിക്കുന്ന സാങ്കേതിക വിദഗ്ധരുടെ പേരു വിവരങ്ങളും അവയില്‍ ഘടിപ്പിച്ചിരിക്കുന്ന ആയുധങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഉള്‍പ്പെടും. അമേരിക്ക നിര്‍മിച്ച വിനാശകാരിയായ വൈമാനികനില്ലാത്ത റീപ്പര്‍ ഡ്രോണുകള്‍ സുരക്ഷയ്ക്കായും ശത്രു പാളയങ്ങള്‍ തകര്‍ക്കാനും ഉപയോഗിക്കുന്നുണ്ട്.

റെക്കോഡഡ് ഫ്യൂച്ചര്‍ പറയുന്നത് അമേരിക്കന്‍ നിയമപാലകര്‍ ഇതേപ്പറ്റി അന്വേഷിക്കുന്നുണ്ടെന്നാണ്. ഡ്രോണുകളെക്കുറിച്ചുള്ള രഹസ്യം ചോര്‍ത്തിയത് ദക്ഷിണ അമേരിക്കിയല്‍ നിന്നുള്ള ഹാക്കറാണെന്നാണ് തങ്ങളുടെ ബലമായ വിശ്വാസമെന്ന് അവര്‍ പറഞ്ഞു. എന്നാല്‍, അന്വേഷണം നടന്നുകൊണ്ടിരിക്കുകയായതിനാല്‍ കൂടുതല്‍ കാര്യം പുറത്തുവിടാന്‍ താത്പര്യമില്ലെന്നും അവര്‍ പറഞ്ഞു. ഇങ്ങനെ ഒരു അന്വേഷണം നടക്കുന്നുവെന്നോ ഇല്ലെന്നോ പറയാന്‍ തങ്ങള്‍ തയാറല്ലെന്നാണ് അമേരിക്കയുടെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ പറഞ്ഞത്. നുഴഞ്ഞുകയറ്റം നടന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങളോടു പ്രതികരിക്കാന്‍ അമേരിക്കന്‍ വ്യോമസേന വിസമ്മതിച്ചു. 

പെന്റഗണ്‍ നെറ്റ്‌വർക്കുകൾ ലക്ഷക്കണക്കിനുള്ള ആക്രമണങ്ങളാണ് ദിവസവും നേരിടുന്നത്. വെറുതെ പണിയൊന്നുമില്ലാതെ ബോറടിച്ചിരിക്കുന്ന, പക്വമതികളല്ലാത്ത ആക്രമണകാരികള്‍ മുതല്‍ പല രാജ്യങ്ങളും നേരിട്ടു നടത്തുന്ന ആക്രമണങ്ങള്‍ വരെ ഇതില്‍ പെടും. ഡ്രോണുകളുടെ രഹസ്യം കവര്‍ന്ന ഹാക്കര്‍, അത് ഡാര്‍ക്ക് വെബില്‍ വില്‍ക്കാന്‍ ശ്രമിച്ചതായും അറിയുന്നു. ഡാര്‍ക്ക് വെബിലെത്തുന്ന രേഖകള്‍ ഉപരിതല വെബില്‍ നടത്തുന്ന സാധാരണ സെര്‍ചുകളില്‍ വരില്ല. ആധികാരികമായ രേഖകളാണ് ചോര്‍ന്നിരിക്കുന്നതെന്ന് റെക്കോഡഡ് ഫ്യൂച്ചര്‍ ഉറപ്പിച്ചു പറയുന്നു. 

ഡാര്‍ക് വെബിലെ സന്ദേശ ബോര്‍ഡുകള്‍ പിന്തുടര്‍ന്ന മറ്റൊരു ഗവേഷണ ഗ്രൂപ്പായ ഇന്‍സ്‌കിറ്റ് (Insikt) ഡാര്‍ക്ക് വെബില്‍ ഹാക്കര്‍മാരോട് വില്‍പ്പനയുടെ വിശാദംശങ്ങള്‍ അന്വേഷിച്ചു. തങ്ങള്‍ അടുത്ത ഇരയെ കാത്തരിക്കുകയാണെന്നും അതു കൂടാതെ ഡ്രോണ്‍ ആക്രമണത്തില്‍ നിന്നു ലഭിച്ച വിഡിയോ ക്ലിപ്പുകള്‍ ഇടവേളകളില്‍ ആസ്വദിക്കാറുണ്ടെന്നുമാണ് അവര്‍ കൊടുത്ത മറുപടി. 

ഹാക്കര്‍മാരുടെ കൈയ്യിലെത്തിയ വിശദാംശങ്ങള്‍ ശത്രു രാജ്യങ്ങളിലെ വിദഗ്ധരുടെ കൈയ്യിലെത്തിയാല്‍ അവര്‍ക്ക് അത്യാധുനികവും അതിശക്തവുമായ റീപ്പര്‍ ഡ്രോണുകളുടെ പ്രവര്‍ത്തനത്തിലെ ശക്തി-ദൗര്‍ബല്യങ്ങള്‍ അനാവരണം ചെയ്‌തെടുക്കാനാകുമെന്ന് ഗവേഷകര്‍ പറയുന്നു. 

വ്യോമ സേന ഉദ്യോഗസ്ഥന്‍ ഉപയോഗിച്ചിരുന്ന നെറ്റ്ഗിയര്‍ റൗട്ടറിലെ ഭേദ്യത ചൂഷണം ചെയ്താണ് ഹാക്കര്‍മാര്‍ ഡേറ്റ കവര്‍ന്നത്. സുരക്ഷാ ഗവേഷകര്‍ നെറ്റ്ഗിയര്‍ റൂട്ടറുകള്‍ വാങ്ങി ആദ്യം കണക്ടു ചെയ്യുമ്പോള്‍ തന്നെ അതിന്റെ ഡീഫോള്‍ട്ട് പാസ്‌വേഡ് മാറ്റേണ്ടത് അത്യാവശ്യമാണെന്നു പറയുന്നുണ്ട്. പാസ്‌വേഡ് മാറ്റുന്നില്ലെങ്കില്‍ ഹാക്കര്‍മാര്‍ക്ക് ഇതിന്റെ ലോഗ്-ഇന്‍ വിവരങ്ങള്‍ തിരക്കേണ്ട കാര്യം പോലുമില്ല. 

റെക്കോഡഡ് ഫ്യൂട്ടറിന്റെ ഗവേഷകര്‍ പറയുന്നത്, നെറ്റ്ഗിയര്‍ പല തവണ ഇത്തരം റൂട്ടറുകളുടെ പാസ്‌വേഡ് മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടും മാറ്റാത്ത അസംഖ്യം ആളുകള്‍ ഉണ്ടെന്നും അവരില്‍ ഉന്നതോദ്യോഗസ്ഥര്‍ വരെ ഉണ്ടെന്നുമാണ്.