പാക്കിസ്ഥാനെ ലക്ഷ്യമിട്ട് ഇന്ത്യ; അഗ്നി–4 മിസൈൽ വിജയകരമായി വിക്ഷേപിച്ചു

അഗ്നി–നാല് (ഫയൽ ചിത്രം)

പാക്കിസ്ഥാനു വെല്ലുവിളി ഉയർത്തുന്ന ഇന്ത്യയുടെ ഭൂഖണ്ഡാന്തര മിസൈൽ അഗ്നി–4 വീണ്ടും വിജയകരമായി വിക്ഷേപിച്ചു. ഞായറാഴ്ച രാവിലെ 8.30 നാണ് അഗ്നി–4 പരീക്ഷിച്ചത്. ഒഡീഷാ തീരത്തെ ഡോ. അബ്ദുൾ കലാം ദ്വീപിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ നിന്നായിരുന്നു പരീക്ഷണം. പരീക്ഷണം പൂർണവിജയമായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.

അണ്വായുധങ്ങൾ വഹിക്കാൻ ശേഷിയുള്ള മിസൈലിന്റെ ദൂരപരിധി 4,000 കിലോമീറ്ററാണ്. ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത അഗ്നി–4 മിസൈലിൽ രണ്ടു ഘട്ടമായുള്ള വെപ്പൺ സിസ്റ്റമാണ്. 20 മീറ്റർ നീളവും 17 ടൺ ഭാരവുമുള്ള അഗ്നി–4ൽ അഞ്ചാം തലമുറ ടെക്നോളജിയാണ് ഉപയോഗിച്ചിരിക്കുന്നത്. ഒരു ടൺ അണ്വായുധങ്ങൾ വരെ വഹിക്കാൻ അഗ്നി നാലിനു സാധിക്കും.

അഗ്നി–4 ന്റെ ആറാം പരീക്ഷണമാണിത്. 2011, 12, 14, 15, 17 എന്നീ വർഷങ്ങളിലും പരീക്ഷണം നടത്തിയിരുന്നു. പാക്കിസ്ഥാനെ ലക്ഷ്യമിട്ടാണ് അഗ്നി–4 വികസിപ്പിച്ചെടുത്തത്. അഗ്നി 1, 2, 3, 5 പൃഥ്വി എന്നി മിസൈലുകളും ഇന്ത്യ നേരത്തെ വിജയകരമായി പരീക്ഷിച്ചിരുന്നു.