ഇന്ത്യൻ സ്മാർട്ഫോൺ വിപണിയിൽ വിപ്ലവം സൃഷ്ടിച്ച ചൈനീസ് കമ്പനിയായ ഷൗമി കഴിഞ്ഞ വർഷം രാജ്യത്തെ ഇലക്ട്രോണിക്സ് വിപണിയെ ഞെട്ടിച്ചത് ഫുൾ എച്ച്ഡി സ്മാർട് ടിവികൾ അവതരിപ്പിച്ചുകൊണ്ടായിരുന്നു. നിലവിലുള്ള വിപണിവിലയെക്കാൾ പകുതിയിലധികം താഴ്‍ത്തിയാണ് അതേ നിലവാരമുള്ള ടിവികൾ ഷൗമി മി ബ്രാൻഡിൽ വിപണിയിലെത്തിച്ചത്. ഓൺലൈൻ, ഓഫ്‍ലൈൻ വ്യാപാരകേന്ദ്രങ്ങൾ വഴി ഒരു വർഷത്തിനുള്ളിൽ 10 ലക്ഷം ടിവികൾ വിറ്റഴിഞ്ഞു എന്ന പുതിയ കണക്ക് അവതരിപ്പിച്ച് ഷൗമി പുതിയ വിപണികൾ കീഴടക്കാനൊരുങ്ങുകയാണ്.
ഓഗസ്റ്റിൽ അഞ്ചു ലക്ഷം ടിവി വിറ്റ കമ്പനി പിന്നീട് നടന്ന ഓൺലൻ ഷോപ്പിങ് ഫെസ്റ്റിവലുകളിലൂടെയാണ് ബാക്കി വിറ്റത്. ഇക്കഴിഞ്ഞ ദിപാവലി വിൽപനയിൽ മാത്രം 1 ലക്ഷം മി ടിവികൾ വിറ്റഴിഞ്ഞു. ആകർഷകമായ വിലയ്ക്കൊപ്പം ശ്രദ്ധേയമായ ഓഫറുകളും നൽകിയതാണ് മി ടിവി ശ്രേണിക്ക് വിപണിയിൽ സഹായകമായത്.
ഗൂഗിൾ സർട്ടിഫൈഡ് ആൻഡ്രോയ്ഡ് ടിവിയുമായി മൈക്രോമാക്സ്
ഇന്ത്യൻ ഇലക്ട്രോണിക്സ്-സ്മാർട്ഫോൺ കമ്പനിയായ മൈക്രോമാക്സ് കമ്പനിയുടെ ആദ്യത്തെ ഗൂഗിൾ സർട്ടിഫൈഡ് ആൻഡ്രോയ്ഡ് സ്മാർട് ടിവികൾ വിപണിയിലെത്തിച്ചു. പ്രത്യേകം പേരു നൽകിയിട്ടില്ലാത്ത രണ്ടു മോഡലുകളാണ് കഴിഞ്ഞ ദിവസം അവതരിപ്പിച്ചത്.
49 ഇഞ്ച് മോഡലിന് 51,000 രൂപയും 55 ഇഞ്ച് 4കെ ടിവിക്ക് 61,000 രൂപയുമാണ് വില. ആൻഡ്രോയ്ഡ് ഓറിയോ ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ടിവിക്ക് ഡോൾബി ഡിടിഎസ് സർട്ടിഫിക്കേഷനുമുണ്ട്. ക്വാഡ്കോർ പ്രൊസെസ്സർ, 2.5 ജിബി റാം, 16 ജിബി സ്റ്റോറേജ്, ബിൽറ്റ് ഇൻ ക്രോംകാസ്റ്റ്, എംഎച്ച്എൽ കണക്ടിവിറ്റി, ഗൂഗിൾ വോയ്സ് അസിസ്റ്റന്റ് എന്നിവയാണ് ഈ മോഡലുകളുടെ മികവുകൾ.