138 വർഷം കേൾപ്പിച്ച ഹെഡ്ഫോൺ ജാക്കിന് ആപ്പിൾ വിധിച്ചത് ദയാവധം (1878–2016)

138 വർഷത്തോളം ടെക് ലോകം അടക്കി ഭരിച്ച ഹെഡ്ഫോൺ ജാക്ക് മടങ്ങുകയാണ്. ഐഫോൺ 7 അവതരിപ്പിച്ച വേദിയിൽ ഹെഡ്ഫോൺ ജാക്കിന്റെ ഭാവി പ്രവചിച്ചു കഴിഞ്ഞു. ആപ്പിള്‍ 3.5mm ഹെഡ്‌ഫോണ്‍ ജാക്ക് എടുത്തുകളയാന്‍ പോകുന്നുവെന്ന കേട്ടുകേള്‍വി പുറത്തു വന്നപ്പോള്‍ മുതല്‍ വളരെയധികം ആളുകള്‍ ആ നീക്കത്തിനെതിരെ പ്രതികരിച്ചിരുന്നു. ഇവരില്‍ പലരും 3.5mm ജാക്കില്‍ കണക്ടു ചെയ്യാവുന്ന വിലകൂടിയ ഹെഡ്‌സെറ്റുകളുടെ ഉടമകളായിരുന്നു. അവര്‍ക്ക് മറുപടി എഴുതിയവര്‍ പറഞ്ഞത് ആപ്പിള്‍ തന്നെയോ മറ്റു തേഡ് പാര്‍ട്ടി നിര്‍മ്മാതാക്കളോ ലൈറ്റ്‌നിങ് പോര്‍ട്ടില്‍ നിന്ന് 3.5mm ജാക്കിലേക്കുള്ള ഒരു കണ്‍വേര്‍ട്ടര്‍ നിര്‍മ്മിച്ച് പ്രശ്‌നം പരിഹരിച്ചോളുമെന്നാണ്. അതു തന്നെയാണു സംഭവിച്ചതും. ഈ വര്‍ഷത്തെ എല്ലാ ഐഫോണ്‍ 7, 7S പാക്കുകളിലും ഇയര്‍പോഡുകള്‍ക്കൊപ്പം ഒരു കണ്‍വേര്‍ട്ടറും ഉണ്ടാകും. അടുത്ത വര്‍ഷം മുതല്‍ അവ കാണുകയുമില്ല.

ചിലരെങ്കിലും 3.5mm ജാക്കിനെ പഴയകാലത്തിന്റെ ശേഷിപ്പെന്നും വിശേഷിപ്പിച്ചിരുന്നു. പുതുതായി എന്തെങ്കിലും പരീക്ഷിക്കണമെങ്കില്‍ ധൈര്യം വേണമെന്നാണ് ഹെഡ്ഫോൺ ജാക്ക് എടുത്തു കളഞ്ഞതിനെ കുറിച്ച് ആപ്പിള്‍ മാര്‍ക്കറ്റിങ് തലവന്‍ പ്രതികരിച്ചത്.

3.5mm കണക്ടറിന് നൂറു വര്‍ഷത്തിലേറെ പഴക്കമുണ്ട്. അവസാനമായി അതിനെന്തെങ്കിലും മാറ്റം വരുത്തിയതാകട്ടെ അമ്പതിലേറെ വര്‍ഷം മുൻപും എന്നാണ് ആപ്പിള്‍ വൈസ് പ്രസിഡന്റ് ഗ്രെഗ് ജോസ്‌വിയാക്ക് പറഞ്ഞത്. ഈ ഓഡിയോ കണക്ടറിനെ പുച്ഛിച്ചു തള്ളാനും വയ്യ. ഒരു പ്രശ്‌നവുമില്ലാതെ പലതരം ഡിവൈസുകളില്‍ നിന്ന് ഇത്രയേറെ വര്‍ഷം സ്വരം പകര്‍ന്ന് ചെവിയിലെത്തിക്കുക എന്നത് ഒട്ടും നിസ്സാര കാര്യമല്ല. 1998ല്‍ ഫ്‌ളോപ്പി ഡിസ്‌കുകളെ ഒഴിവാക്കന്‍ ആപ്പിള്‍ തീരുമാനിച്ചപ്പോഴും അതിനെതിരെ ഉപയോക്താക്കള്‍ പ്രതികരിച്ചിരുന്നു.

ഐഫോണില്‍ പരീക്ഷിക്കാവുന്ന പുതിയ സാധ്യതകളെ പിന്നോട്ടു വലിച്ചിരുന്ന ഘടകങ്ങളിലൊന്ന് ഈ ജാക്കായിരുന്നു എന്നാണ് കമ്പനിയുടെ സീനിയര്‍ വൈസ് പ്രസിഡന്റ് ഡാൻ റിക്കിയോ പറഞ്ഞത്. വായു നിറച്ച ഈ കൊച്ചു ദ്വാരം വിലപ്പെട്ട സ്ഥലം കൈയ്യേറി അവിടെ സ്ഥിതി ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പുതിയ ഫോണില്‍ കണക്ടറിനെ പുറംതള്ളി ഇരട്ട ക്യാമറാ സിസ്റ്റത്തിനും പുതിയ ഹോം ബട്ടണും വേണ്ട സ്ഥലമുണ്ടാക്കി. കൂടാതെ ഫോണിലേക്ക് വെള്ളമിറങ്ങാനുള്ള പഴുതുകള്‍ കുറയ്ക്കാനും ഈ നീക്കം സഹായിച്ചു. എന്നാല്‍ എന്താണ് ഹെഡ്‌ഫോണ്‍ ജാക്ക് ഇല്ലാതാവുന്നതിലൂടെ ആപ്പിള്‍ മൊബൈല്‍ സിസ്റ്റത്തില്‍ വരുന്ന പ്രധാന മാറ്റം? ഒറ്റയടിക്ക് ഒരുപാടു മാറ്റങ്ങള്‍ കൊണ്ടുവന്നാല്‍ അത് സാങ്കേതികവിദ്യയെ സ്‌നേഹിക്കുന്നവര്‍ക്കു പോലും പിടിക്കുമോയെന്ന് ഏതു കമ്പനിക്കും സംശയമുണ്ടാകും. ആപ്പിളിന്റെ ഐഫോണ്‍ നിര്‍മ്മാണ രീതികളെ പറ്റിയുള്ള വാര്‍ത്തകള്‍ പിന്തുടരുന്നവര്‍ പറയുന്നത് അടുത്ത ഐഫോണില്‍ (2017) ശരിക്കും വിപ്ലവകരമായ മാറ്റം പ്രതീക്ഷിക്കാമെന്നാണ്.