മാര്‍ച്ച് ഐപാഡ് മാസമയായാണു കണക്കാക്കുന്നത്. പുതിയ ഐപാഡ് പ്രോയും മറ്റും രംഗപ്രവേശനം ചെയ്യുമെന്ന് റിപ്പോര്‍ട്ടുകൾ ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ ദിവസത്തെ അപ്രതീക്ഷിത ലോഞ്ചില്‍ പുതിയ 9.7 ഇഞ്ച് ഐപാഡും ഐഫോണ്‍ 7ന്റെ ചുവന്ന മോഡലും മാത്രമാണ് പുറത്തിറക്കിയത്. നിലവിലുള്ള ഐപാഡ് എയര്‍ 2ന്റെ പിന്‍ഗാമിയാണ് പുതിയ മോഡല്‍. എന്നാല്‍ 'എയര്‍', 'പ്രോ' തുടങ്ങിയ വിശേഷണങ്ങൾ ഒന്നുമില്ലാതെ വെറുതെ ഐപാഡ് എന്നു മാത്രമാണ് പുതിയ മോഡലിനെ ആപ്പില്‍ വിളിച്ചിരിക്കുന്നത്.
64 ബിറ്റ് ഡെസ്‌ക് ടോപ്-ക്ലാസ് ആര്‍ക്കിടെക്ചറുള്ള പുതിയ ഐപാഡ്, എയര്‍ 2നെക്കാള്‍ മികച്ച പ്രകടനം നടത്തുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഐപാഡ് എയര്‍ 2 A8x പ്രോസസര്‍ ഉപയോഗിക്കുമ്പോള്‍ പുതിയ മോഡല്‍ ഐഫോണ്‍ 6sല്‍ കണ്ട A9 പ്രോസസര്‍ പിടിപ്പിച്ചിരിക്കുന്നു. പ്രോസസറിനെ കൂടാതെ 8610 mAh ബാറ്ററി ഉപയോഗിച്ചിരിക്കുന്നതിനാല്‍ മോഡലിന് എയര്‍ 2 മോഡലിനെക്കാള്‍ കനം കൂടിയിട്ടുണ്ട്. സ്‌ക്രീന്‍ റെസലൂഷന്‍ 1536 x 2048 പിക്‌സല്‍സാണ്.
മുന്‍പ് ഐപാഡ് തുടക്ക മോഡലുകള്‍ക്കു വില 499 ഡോളറിലാണു തുടങ്ങിയിരുന്നതെങ്കില്‍ 32GB സംഭരണ ശേഷിയുള്ള പുതിയ മോഡലിന് വില 329 ഡോളര്‍ മാത്രമാണ് എന്നത് വാര്‍ത്തയാണ്. ഇന്ത്യ ഉൾപ്പടെയുള്ള വിപണികളിലെ ആപ്പിള്‍ പ്രേമികളെ ആകര്‍ഷിക്കുക എന്നതായിരിക്കും പ്രധാന ലക്ഷ്യം. 128GB വേര്‍ഷനു പോലും വില 429 ഡോളറാണ്.
എട്ടു മെഗാപിക്സൽ പിന്‍ ക്യാമറയുടെ വെളിച്ചം കുറഞ്ഞ സീനുകളിലെ പ്രകടനം ഗംഭീരമായിരിക്കുമെന്ന് ആപ്പിള്‍ പറഞ്ഞു. ഐപാഡ് മിനി 4നും വില കുറച്ചു. 128 ജിബിയ്ക്ക് 399 ഡോളറാണു വില. പുതിയ പ്രത്യേക എഡിഷന്‍ ഐഫോണ്‍ റെഡിന് സ്‌പെസിഫിക്കേഷനില്‍ മാറ്റമില്ല. 7ന് 750 ഡോളറും, 7 പ്ലസിന് 870 ഡോളറുമാണ് വില.