ആപ്പിൾ, ഈ ചതി വേണ്ടായിരുന്നു: ഇന്ത്യയിലെ ഐഫോണ്‍ ഉപയോക്താക്കള്‍ എന്തു ചെയ്യണം?

മുൻനിര ടെക് കമ്പനി ആപ്പിള്‍ മനപ്പൂര്‍വ്വം ഐഫോണുകളെ തളര്‍ത്തുന്നു എന്ന റിപ്പോർട്ട് വന്നത് കഴിഞ്ഞ ദിവസമാണ്. ഈ സാഹചര്യത്തില്‍ നിലവിലെ ഉപയോക്താക്കള്‍ക്ക് എന്തൊക്കെ ചെയ്യാനാകും? ഒന്നും തന്നെ ചെയ്യാനാവില്ല എന്നതാണ് സത്യം. എന്നാല്‍ പരിഗണിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചും സെക്കൻഡ് ഹാന്‍ഡ് വിപണിയില്‍ നിന്ന് ഐഫോണ്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചും ഒരു കുറിപ്പ്.

നിലവില്‍, ഐഫോണ്‍ 6/6s/7/SE എന്നീ മോഡലുകളിലാണ് ആപ്പിള്‍ പവര്‍ മോഡ് എനേബിൾ ചെയ്തിട്ടുള്ളത്. എന്നാല്‍, ഏതു സമയത്തും തങ്ങള്‍ ഐപാഡ് അടക്കമുള്ള പുതിയ മോഡലുകളിലെല്ലാം ഈ മോഡ് എനേബിൾ ചെയ്യുമെന്നാണ് ആപ്പിള്‍ പറയുന്നത്. സാധാരണഗതിയില്‍ ഒരു കൊല്ലത്തോളം പ്രവര്‍ത്തിച്ച  ഉപകരണങ്ങളെല്ലാം ഇതിന്റെ പരിധിയില്‍ വരുന്നവയാണ്. പെട്ടെന്നു ഫോണ്‍ ഷട്ഡൗണ്‍ ആകുന്നതിനു പ്രതിവിധി ആയാണ് ഈ മോഡ് തങ്ങള്‍ കൊണ്ടുവന്നതെന്ന് ആപ്പിള്‍ സമ്മതിച്ചും കഴിഞ്ഞല്ലോ. 

ബാറ്ററി മാറ്റിവയ്ക്കലാണ് ഒരു പ്രതിവിധി. വിദേശ രാജ്യങ്ങളില്‍ ഉള്ളവര്‍ക്ക് വേണമെങ്കില്‍ അതു പരീക്ഷിക്കാം. ഏകദേശം 79 ഡോളറാണ് ഇതിനായി ആപ്പിള്‍ ഈടാക്കുന്നത്. ഇന്ത്യയില്‍ ഏകദേശം 5000 രൂപ എന്നു കൂട്ടാം. എന്നാല്‍ രസകരമായ കാര്യം എന്താണെന്നു വച്ചാല്‍ ആപ്പിള്‍ ഇന്ത്യയില്‍ ഐഒഎസ് ഉപകരണങ്ങളുടെ ബാറ്ററി മാറ്റില്ല എന്നതാണ്! വാറന്റി കഴിഞ്ഞ ശേഷമാണെങ്കില്‍ ഡിവൈസ് പരിശോധിച്ച ശേഷം ഒരു റീ ഹാഷ്ഡ് പ്രൊഡക്ട് (ഉപയോഗിച്ച ഫോണ്‍ അറ്റകുറ്റപണി നടത്തി വച്ചിരിക്കുന്നത്) നല്‍കുകയേ ഉള്ളൂ. ആ വഴി തിരഞ്ഞെടുക്കുന്നത് ഒട്ടും ഉചിതമല്ല. അതിലും ഭേദം പുതിയ ഫോണ്‍ വാങ്ങുന്നതാകാം. 

മറ്റൊരു സാധ്യത, പുതിയ ഒഎസിലേക്ക് അപ്‌ഡേറ്റു ചെയ്യാതിരിക്കുക എന്നതാണ്. മിക്കവരും അതു ചെയ്തിരിക്കും. ചെയ്തില്ലെങ്കില്‍ ഫോണ്‍ പെട്ടെന്നു ഷട്ഡൗണ്‍ ആകുന്ന പ്രശ്‌നം പ്രതീക്ഷിക്കുകയും ചെയ്യാം. എന്റെ ഫോണ്‍ അല്‍പം സ്ലോ ആയി എന്നു സമാധാനിച്ചിരിക്കുക എന്നതാണ് ഏറ്റവും ഉചിതവും തന്ത്രപരവുമായ മാര്‍ഗ്ഗം. പഴക്കം നേരിടുമ്പോള്‍ ഐഫോണിനു മാത്രമല്ല എല്ലാ ഫോണുകള്‍ക്കും പ്രവര്‍ത്തനക്ഷമത കുറയും. മറ്റു പല കമ്പനികളുടെ ഫോണുകളും ഈ കാര്യത്തില്‍ കുപ്രസിദ്ധവുമാണ്. ഇവിടെ ആകെ സംഭവിച്ചത് തങ്ങളുടെ ഉപകരണങ്ങള്‍ സ്ലോ ആകില്ലെന്ന ഐഫോണ്‍ ഉപയോക്താക്കളുടെ വീരവാദത്തിന് ഔദ്യോഗികമായി ലഭിച്ച തിരിച്ചടിയാണ്. 

മുഴുവന്‍ പ്രതാപവുമുള്ള ഒരു ഐഫോണ്‍ എപ്പോഴും കൈയ്യില്‍ വേണമെന്നുള്ളവര്‍ക്ക് പഴയ ഫോണ്‍ വിറ്റിട്ട് പുതിയത് ഒന്നു വാങ്ങാം. കാശുള്ളവര്‍ക്കു സ്വീകരിക്കാവുന്ന ഏറ്റവും നല്ല രീതി ഇതാണ്.

സെക്കൻഡ് ഹാന്‍ഡ് മാര്‍ക്കറ്റ്

ഇന്ത്യയില്‍ ആപ്പിളിന്റെ ഉപകരണങ്ങള്‍ക്കും നിക്കോണ്‍, ക്യാനന്‍ തുടങ്ങിയ കമ്പനികളുടെ ക്യാമറകള്‍ക്കും, മറ്റ് പ്രമുഖ നിര്‍മാതാക്കളുടെ ഉപകരണങ്ങള്‍ക്കും തരക്കേടില്ലാത്ത റീ സെയ്ല്‍ വിലയുണ്ട്. ഇനി ഐഫോണുകളും ഐപാഡുകളും ചോദിക്കുന്ന വില കൊടുത്തു വാങ്ങിയാല്‍ കുടുങ്ങുമെന്ന് ഉറപ്പാണല്ലോ. ആപ്പിള്‍ പുതിയ തരം ബാറ്ററി സാങ്കേതികവിദ്യയോ, ബാറ്ററിയെ പിഴിഞ്ഞു ചണ്ടിയാക്കാത്ത പ്രൊസസറും മറ്റുമോ ഉപയോഗിച്ചു തുടങ്ങാത്തിടത്തോളം കാലം മോഹവില കൊടുത്ത് ഐഒഎസ് ഉപകരണങ്ങള്‍ വാങ്ങിയാല്‍ എന്തു സംഭവിക്കും എന്നു നോക്കാം:

ഐഫോണ്‍ 6s എന്ന മോഡല്‍ നിങ്ങള്‍ സെക്കന്‍ഡ് ഹാന്‍ഡ് മാര്‍ക്കറ്റില്‍ നിന്നു വാങ്ങുന്നു എന്നു സങ്കല്‍പ്പിക്കക. 2015ല്‍ ആണ് ഈ മോഡല്‍ ഇറങ്ങുന്നത്. ആ വര്‍ഷം മുതലുള്ള ഹാന്‍ഡ്‌സെറ്റുകള്‍ മാര്‍ക്കറ്റില്‍ ലഭ്യമായിരിക്കും. രണ്ടു രീതിയിലായിരിക്കും ഇവ. ഒന്നുകില്‍ പവര്‍ മോഡ് എനേബിൾ ചെയ്തവ. അല്ലെങ്കില്‍ പഴയ ഒഎസില്‍ ഉള്ളവ. പഴയ ഒഎസില്‍ ഉളളവ നിന്ന നില്‍പ്പില്‍ ഷട്ഡൗണ്‍ ചെയ്യുന്ന അസുഖം പിടിച്ചവയാകാം. തമ്മില്‍ പുതിയ ഒഎസില്‍ ഉള്ളതു തന്നെ വാങ്ങുക. എന്തായാലും ലോകത്തെ ഏറ്റവും വലിയ ടെക് കമ്പനികളില്‍ ഒന്ന്, ഉള്ളിലെ മറ്റ് ഇലക്ട്രോണിക്‌സിനു കേടുവരാതിരിക്കാനും തങ്ങളുടെ അഭിമാനം സംരക്ഷിക്കാനും ചെയ്ത പണിയാണല്ലൊ. 

ഈ ഫോണ്‍ വാങ്ങിയത് 2015ല്‍ ആണെന്നു സങ്കല്‍പ്പിക്കുക. വാറന്റിയും ബാറ്ററിയുടെ നല്ല കാലവും കഴിഞ്ഞുവെന്ന് ഉറപ്പിക്കാം. ഉടമ 50,000 രൂപയോളം കൊടുത്തായിരിക്കും വാങ്ങിയത് എന്നതിനാല്‍ 25,000 രൂപ ചോദിക്കുന്നുവെന്നും കരുതുക. ഫോണിന് പ്രത്യക്ഷത്തില്‍ മറ്റു പ്രശ്‌നങ്ങള്‍ ഇല്ലെങ്കില്‍ പോലും ഇത്രയും തുക കൊടുത്ത് വാങ്ങുന്ന ഈ സെക്കന്‍ഡ് ഹാന്‍ഡ് പ്രൊഡക്ടിന് മുഴുവന്‍ പ്രവര്‍ത്തനശേഷിയും ഇല്ലാത്തതാണെന്ന് ആപ്പിള്‍ ഔദ്യോഗികമായി പറഞ്ഞു കഴിഞ്ഞു. ഇനി ബാറ്ററി എത്രനാള്‍ ഉപയോഗിക്കാം എന്നറിയില്ല. വാങ്ങി അഞ്ചു മാസം കഴിഞ്ഞപ്പോള്‍ ബാറ്ററി പണിമുടക്കി എന്നു കരുതുക. ആപ്പിള്‍ ഓതറൈസ്ഡ് സര്‍വീസ് സെന്ററുകാരന്‍ ഫോണ്‍ വാങ്ങി വച്ചിട്ട് ഏകദേശം 25,000 രൂപയ്ക്ക് റീഹാഷ്ഡ് പ്രൊഡക്ട് തരാമെന്നു പറയുന്നുവെന്നു കരുതുക. അതു വാങ്ങുകയാണെങ്കില്‍ 50,000 രൂപ അപ്പോള്‍ തന്നെ നിങ്ങള്‍ ഫോണിനു മുടക്കുന്നു. അങ്ങനെ മാറിക്കിട്ടുന്ന ഫോണിനും മേല്‍പ്പറഞ്ഞ പ്രശ്‌നങ്ങള്‍ ബാധകമാണ്. എന്നാല്‍, ഇപ്പോള്‍ പുതിയ ഐഫോണ്‍ 6s/32GB വില്‍ക്കുന്നത് 38,000 രൂപയ്ക്കാണെന്ന് ഓര്‍ക്കുക. എക്‌സ്ചേഞ്ച് തുടങ്ങിയ ഓഫറുകളുണ്ടെങ്കില്‍ അതിലും കുറഞ്ഞും കിട്ടാം. ഒരു കൊല്ലത്തേക്കെങ്കിലും മറ്റു തലവേദനകള്‍ ഇതോടെ കുറയ്ക്കാം. ഈ കാര്യങ്ങള്‍ ഏതു മോഡല്‍ ഐഫോണിനും ഐപാഡിനും ബാധകമായേക്കാം. 

സെക്കന്‍ഡ് ഹാന്‍ഡ് മാര്‍ക്കറ്റില്‍ നിന്നു വാങ്ങുന്ന ഐഒഎസ് ഉപകരണങ്ങളുടെ ബില്ലു ചോദിച്ചു വാങ്ങുക. വാറന്റി അവസാനിച്ചതാണെങ്കില്‍ പോലും ഡിവൈസിന്റെ പഴക്കം കൃത്യമായി അറിയാനുള്ള എളുപ്പ മാര്‍ഗ്ഗങ്ങളില്‍ ഒന്നാണത്. ബല്ലും മറ്റും ഒറിജിനല്‍ ആണെന്നുറപ്പു വരുത്താനാകുമോ എന്നും നോക്കുക. പാടുപെട്ടുണ്ടാക്കിയ പൈസ ഐഫോണ്‍ ആഗ്രഹം മാറ്റാനായി വെറുതെ കളയാതിരിക്കാനുള്ള ഒരു മാര്‍ഗ്ഗമാണിത്. 

പൈസ കുറച്ച് തേര്‍ഡ് പാര്‍ട്ടി ബാറ്ററികള്‍ മാറ്റിവയ്ക്കാമല്ലൊ എന്നു പറഞ്ഞാല്‍ അതു ശരിയാണെന്ന് അംഗീകരിക്കേണ്ടി വരും. പക്ഷേ, അധികം താമസിയാതെ ഉപകരണത്തിന് മൊത്തം കേടുവരില്ലെന്ന് ഉറപ്പിക്കാനാവില്ല എന്നതാണ് ഇതിന്റെ ഒരു പ്രശ്‌നം. സെക്കന്‍ഡ് ഹാന്‍ഡ് പ്രൊഡക്ടുകള്‍ നന്നായി വില കുറച്ചു കിട്ടിയെങ്കില്‍ മാത്രം പരിഗണിക്കുന്നതാണ് ബുദ്ധിയെന്ന് ഇനി എടുത്തു പറയേണ്ട കാര്യമില്ലല്ലോ.