ലോകത്ത് 150 കോടി ആളുകൾ അനുദിനം ഉപയോഗിക്കുന്ന ഏറ്റവും പ്രചാരമുള്ള മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റമാണ് ആൻഡ്രോയ്ഡ്. 2008ലാണ് ലോകം ആദ്യമായി ആൻഡ്രോയ്ഡ് എന്നു കേട്ടതെങ്കിലും അതിനും 20 വർഷം മുൻപേ ഒരാൾ ആ വിളി കേട്ടിരുന്നു. ആൻഡ്രോയ്ഡ് സൃഷ്ടാവായ ആൻഡി റൂബിന്റെ ഇരട്ടപ്പേരായിരുന്നു ആൻഡ്രോയ്ഡ്. 1
988-90 കാലത്ത് ആപ്പിളിൽ ജോലി ചെയ്യുമ്പോൾ റോബോട്ടുകളോടു താൽപര്യമുള്ള ആൻഡിയെ ആൻഡ്രോയ്ഡ് എന്ന് സഹപ്രവർത്തകർ വിളിച്ചതിൽ അദ്ഭുതമില്ല. റോബോട്ടിക്‌സ് ഗവേഷണങ്ങൾക്കിടയിൽ ഹോബിയായി വികസിപ്പിച്ചെടുത്ത ഒഎസിനു പേരിടുമ്പോൾ ആൻഡ്രോയ്ഡ് എന്നല്ലാതെ മറ്റൊന്നും ആൻഡിയുടെ മനസ്സിൽ വന്നില്ല.
2014ൽ ഗൂഗിൾ വിട്ട് വീണ്ടും റോബോട്ടിക്‌സിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസിലും ഗവേഷണം തുടർന്നു വന്ന ആൻഡി റൂബിൻ വീണ്ടും എത്തുന്നത് പുതിയൊരു സ്മാർട്‌ഫോണുമായാണ്. പൂർണമായും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ടിതമായി പ്രവർത്തിക്കുന്ന ആൻഡിയുടെ പുതിയ കണ്ടെത്തൽ സ്മാർട്‌ഫോൺ രംഗത്തെ ഡ്രൈവറില്ലാത്ത കാറായിരിക്കും. ഗൂഗിളിൽ നിന്നു പുറത്തു പോയ ശേഷം ആൻഡി സ്ഥാപിച്ച 40 ജീവനക്കാരുള്ള എസ്സെൻഷ്യൻ എന്ന കമ്പനിയാണ് എഐ സ്മാർട്‌ഫോൺ അവതരിപ്പിക്കുന്നത്.
ആപ്പിൾ ഐഫോണിനും മുൻനിര ആൻഡ്രോയ്ഡ് ഫോണുകൾക്കും വെല്ലുവിളിയുയർത്തിക്കൊണ്ട് വീട്ടിലെ മറ്റുപകരണങ്ങളുമായി പ്രവർത്തനം കോർത്തിണക്കാൻ എസ്സെൻഷ്യൽ സ്മാർട്‌ഫോണിനു കഴിയും. ജൂണോടെ ഫോൺ വിപണിയിലെത്തും.