മൊബൈല്‍ സ്‌ക്രീനില്‍ എവിടെ തൊട്ടാലും ഉടമയുടെ വിരലടയാളം തിരിച്ചറിയുന്ന സാങ്കേതിക വിദ്യയുമായി സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍. അടുത്തവര്‍ഷം പുറത്തിറങ്ങാനിരിക്കുന്ന ഐഫോണുകളില്‍ വിരലടയാളം തിരിച്ചറിയുന്നതിനായി പ്രത്യേകം ബട്ടണ്‍ ഉണ്ടാകില്ല. മറിച്ച് മൊബൈല്‍ സ്‌ക്രീന്‍ തന്നെ ആ ബട്ടന്റെ ചുമതല നിര്‍വഹിക്കുകയായിരിക്കും ചെയ്യുക.
ഉത്പന്നങ്ങളുടെ ലാളിത്യം ആഡംബരമാക്കി മാറ്റിയ കമ്പനിയാണ് ആപ്പിള്‍. ആപ്പിളിന്റെ ഏറ്റവും ജനകീയ ഉത്പന്നമായ ഐഫോണ്‍ ഡിസൈന്‍ കൂടുതല്‍ ലളിതമാക്കാനാണ് അവരുടെ പുതിയ നീക്കം. വിരലടയാളം തിരിച്ചറിയുന്നതിന് പ്രത്യേകം ബട്ടണ്‍ എന്നതിന് പകരം സ്‌ക്രീന്‍ തന്നെ ഉപയോഗിക്കുകയാണ് ചെയ്യുന്നത്. ഉടമ സ്‌ക്രീനില്‍ തൊടുമ്പോള്‍ ചെറിയ വൈബ്രേഷനോടെ ഫോണ്‍ പ്രവര്‍ത്തന സജ്ജമാകുന്നു.
നിലവില്‍ ഐഫോണ്‍ തുറക്കുന്നതിനും ആപ്ലിക്കേഷനുകളിലെ വിവരങ്ങള്‍ ഉടമയറിയാതെ നഷ്ടമാകാതിരിക്കാനുമാണ് വിരലടയാളം തിരിച്ചറിയുന്നതിനുള്ള ബട്ടണ്‍ ഉപയോഗിക്കുന്നത്. ഇതല്ലാതെ മറ്റൊന്നുമില്ലാത്ത ഈ ബട്ടണ്‍ സ്മാര്‍ട്ട്‌ഫോണിന്റെ പ്രധാന ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. ആപ്പിളിന്റെ പേ മൊബൈല്‍ സേവനങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും ഈ വിരലടയാളം തിരിച്ചറിയുന്ന സംവിധാനത്തിന് വലിയ പങ്കുണ്ട്.
അടുത്തവര്‍ഷം ഡിസൈനില്‍ വലിയ മാറ്റങ്ങളുമായുള്ള മോഡലുകള്‍ ഐഫോണ്‍ വിപണിയില്‍ ഇറക്കുമെന്നാണ് കരുതുന്നത്. നിലവിലെ മെറ്റാലിക് ബോഡിക്ക് പകരം പൂര്‍ണ്ണമായും ചില്ലുകൊണ്ട് നിര്‍മ്മിച്ച ഐഫോണായിരിക്കും ഇതിലൊന്ന്. ഇതിനൊപ്പം ഓര്‍ഗാനിക് ലൈറ്റ് എമിറ്റിംഗ് ഡയോഡ് (ഒഎല്‍ഇഡി) ഉപയോഗിക്കുന്ന വളഞ്ഞ സ്‌ക്രീനുള്ള ഐഫോണിനും ആപ്പിള്‍ പദ്ധതിയിടുന്നുണ്ട്.