Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആപ്പിളിനു തിരിച്ചടി, യുഎഇയിൽ നിന്ന് 88,000 ഐഫോണുകൾ തിരിച്ചുവിളിക്കുന്നു

iphone6s

സ്മാർട്ട്ഫോൺ വിപണിയിൻ വൻ പ്രതിസന്ധി നേരിട്ടുക്കൊണ്ടിരിക്കുന്ന ആപ്പിളിനു മറ്റൊരു തിരിച്ചടി കൂടി. ബാറ്ററി പ്രശ്നങ്ങളെ തുടർന്ന് ഫോൺ തിരിച്ചുവിളിക്കുകയാണ് ആപ്പിൾ. യുഎഇയിൽ വിതരണം ചെയ്ത 88,000 ഐഫോൺ 6 ഹാൻഡ്സെറ്റുകളാണ് തിരിച്ചുവിളിക്കുമെന്ന് അറിയിച്ചിരിക്കുന്നത്.

യുഎഇയിലെ അറബിക് പത്രമാണ് ഈ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. 2015 ൽ ചൈനയിൽ നിർമിച്ച ഐഫോൺ 6 ഹാൻഡ്സെറ്റുകൾക്കാണ് ബാറ്ററി തകരാർ കണ്ടെത്തിയിരിക്കുന്നതെന്ന് യുഎഇ ധനകാര്യ മന്ത്രാലയവും റിപ്പോർട്ട് സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം, ഐഫോൺ 6ന് ചില ബാറ്ററി പ്രശ്നങ്ങളുണ്ടെന്ന് നേരത്തെ തന്നെ ആപ്പിൾ വാർത്താക്കുറിപ്പ് ഇറക്കിയിരുന്നു. ബാറ്ററി പ്രശ്നമുള്ള ഫോണുകൾ തിരികെ സ്വീകരിക്കുമെന്നും ആപ്പിൾ അറിയിച്ചിരുന്നു. 2015 ൽ സെപ്റ്റംബറിനും ഒക്ടോബറിനും ഇടയിൽ ചൈനയിൽ നിർമിച്ച ഹാൻഡ്സെറ്റുകൾക്കാണ് ബാറ്ററി തകരാർ കണ്ടെത്തിയത്. ബാറ്ററി പ്രശ്നമുള്ള ഐഫോൺ ആണോ എന്ന് ചെക്ക് ചെയ്യാൻ ആപ്പിൾ വെബ്സൈറ്റിൽ സംവിധാനമുണ്ട്. ഫോണിന്റെ സീരിയൽ നമ്പർ ഉപയോഗിച്ച് പ്രശ്നമുള്ള ഐഫോൺ ഹാൻഡ്സെറ്റുകൾ കണ്ടെത്താൻ സാധിക്കും.

ഐഫോണുകള്‍ തനിയേ ഷട്ട് ഡൗണാകുന്നതിന് പിന്നില്‍ വൈറസല്ലെന്നും വളരെ കുറച്ച് ഐഫോണുകള്‍ക്ക് മാത്രമേ ഈ തകരാറുള്ളൂ എന്നുമാണ് ആപ്പിള്‍ നേരത്തെ വിശദീകരണം നൽകിയിരുന്നത്. അതേസമയം എത്ര ഫോണുകളാണ് ഈ സീരിസിലുള്ളതെന്നതിന്റെ കൃത്യം എണ്ണം പുറത്തുവിടാന്‍ കമ്പനി തയ്യാറായിട്ടില്ല.

ആപ്പിള്‍ ഉപഭോക്താക്കളില്‍ ആര്‍ക്കെങ്കിലും ഈ പ്രശ്‌നമുണ്ടെങ്കില്‍ അടുത്തുള്ള ആപ്പിള്‍ റീട്ടെയില്‍ സ്റ്റോറോ ആപ്പിളിന്റെ അംഗീകാരമുള്ള സേവന ദാതാക്കളേയോ സമീപിക്കാവുന്നതാണ്. സീരിയല്‍ നമ്പര്‍ പരിശോധിച്ചശേഷം കുഴപ്പമുള്ള ബാറ്ററി ഇവര്‍ മാറ്റി നല്‍കും. ബാറ്ററി മാറ്റുന്നതിന് മുമ്പ് ഉപഭോക്താക്കള്‍ക്കായി ചില നിര്‍ദ്ദേശങ്ങളും ആപ്പിള്‍ പുറത്തിറക്കിയ കുറിപ്പിലുണ്ട്. ഫോണിലെ വിവരങ്ങള്‍ ഐട്യൂണിലോ ഐക്ലൗഡിലോ സേവ് ചെയ്യണം. ഫൈന്‍ഡ് മൈ ഫോണ്‍ ഓപ്ഷന്‍ ഓഫാക്കിയ ശേഷമേ ഫോണ്‍ ബാറ്ററി മാറ്റാന്‍ നല്‍കാവൂ. ബാറ്ററിയുടെ ശേഷിയെ ബാധിക്കുന്ന സ്‌ക്രീന്‍ പൊട്ടുന്ന തരത്തിലുള്ള പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് ആദ്യം പരിഹരിച്ചതിന് ശേഷമേ ബാറ്ററി മാറ്റി നല്‍കൂ എന്നും ആപ്പിള്‍ പറയുന്നു.

നേരത്തെ ഇതേ പ്രശ്‌നം കൊണ്ട് ഏതെങ്കിലും ഉപഭോക്താവിന് ബാറ്ററി മാറ്റേണ്ടി വന്നിട്ടുണ്ടെങ്കില്‍ ഇതിന് ചെലവായ തുക തിരിച്ചു നല്‍കുമെന്നും കമ്പനി പറയുന്നുണ്ട്. ഐഫോണ്‍ 6 പ്ലസിലെ ടച്ച് ഡിസീസ് പ്രശ്‌നത്തെ പരിഹരിക്കുമെന്ന് മൂന്നു ദിവസം മുമ്പാണ് ആപ്പിള്‍ വ്യക്തമാക്കിയത്. നിരവധി ഉപഭോക്താക്കളില്‍ നിന്ന് ഒരേ പരാതി ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു ആപ്പിളിന്റെ തീരുമാനം. സ്‌ക്രീനുകളുടെ പ്രതികരണ ശേഷി ഇല്ലാതാകുന്നതും മുകള്‍ഭാഗത്തായി ചാരനിറത്തിലുള്ള ബാര്‍ പ്രത്യക്ഷപ്പെടുന്നതുമായിരുന്നു ഐഫോണ്‍ 6പ്ലസില്‍ കണ്ടുവന്ന പൊതു പ്രശ്‌നം.

Your Rating: