ഐഫോണ്‍ 6 എസ് വാങ്ങാനാളില്ല, ഉൽപാദനം കുറച്ചു

ആപ്പിള്‍ ഈയിടെ പുറത്തിറക്കിയ പുതിയ ഐഫോണ്‍ മോഡലായ 6 എസിന് മതിയായ ഡിമാന്റ് ഇല്ലാത്തത് ഈ ഫോണിന്‍റെ ഉല്‍പാദനം മന്ദഗതിയിലാക്കാന്‍ ആപ്പിളിനെ നിര്‍ബന്ധിച്ചിരിക്കുകയാണ്. ചില റിപ്പോര്‍ട്ടുകളിലെ സൂചനകള്‍ പ്രകാരം 10 ശതമാനം 'ഐഫോണ്‍ 6 എസ് ' ഫോണുകളുടെ നിര്‍മ്മാണത്തിലാണ് ആപ്പിള്‍ കുറവ് വരുത്തിയിരിക്കുന്നത്. ഇവയ്ക്കായുള്ള ഹാര്‍ഡ്‌വെയര്‍ കമ്പോണന്റുകളുടെ ഓര്‍ഡറും ആപ്പിള്‍ മരവിപ്പിച്ചിരിക്കുന്നുവെന്നാണ് അറിയാന്‍ സാധിക്കുന്നത്.

ഐഫോണ്‍ 6 എസിനോട് ഉപഭോക്താക്കള്‍ക്ക് മതിയായ താല്‍പര്യം ഇല്ലാത്തതിന്‍റെ പ്രധാന കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത് പുതുതായി ഉള്‍പ്പെടുത്തിയ ത്രിഡി ടച്ച് സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ആപ്പുകളുടെ എണ്ണത്തിലുള്ള കുറവാണ്. പ്രധാന ഫീച്ചറായി ത്രിഡി ടച്ച് സംവിധാനം ഉള്‍പ്പെടുത്തി ഉയര്‍ന്ന വിലയ്ക്കു വില്‍ക്കുന്ന ഫോണില്‍ ഈ സംവിധാനം ഉപയോഗിക്കാന്‍ കഴിയാത്ത ആപ്പുകളുടെ എണ്ണക്കൂടുതല്‍ ഐഫോണ്‍ 6 എസ് ഉപയോക്താക്കളെ നിരാശയിലാഴ്ത്തുന്നു എന്നതും പ്രധാന ഘടകമാണെന്നാണ് കണ്ടെത്തല്‍.

ചില അനലിസ്റ്റുകളുടെ കണ്ടെത്തല്‍ പ്രകാരം ഈ വര്‍ഷത്തിന്‍റെ അവസാന പാദത്തില്‍ 80 ദശലക്ഷം ഐഫോണ്‍ 6 എസ് ഫോണുകള്‍ മാത്രമേ ആപ്പിള്‍ നിര്‍മ്മിക്കാന്‍ സാധ്യതയുള്ളൂ. അതോടൊപ്പം അടുത്ത വര്‍ഷം ആപ്പിളില്‍ നിന്നു 242 ദശലക്ഷം ഐഫോണ്‍ 6 എസ് ഫോണുകള്‍ പ്രതീക്ഷിച്ചിടത്ത് വിപണിയിലെ ഈ പിന്നോക്കാവസ്ഥ പരിഗണിച്ച് 222 ദശലക്ഷത്തിലേക്ക് ഐഫോണ്‍ 6 എസ് നിര്‍മ്മാണം കുറയുമെന്നും വിലയിരുത്തപ്പെടുന്നു. ആപ്പിള്‍ ഷെയറുകളില്‍ 4 ശതമാനത്തിനടുത്ത് ഇടിവ് വന്നതും ഈ കാരണങ്ങളാലാണെന്ന് കരുതപ്പെടുന്നു.

എന്നാല്‍ ഈ പ്രതിസന്ധിക്കിടയിലും നേട്ടമുണ്ടാക്കാന്‍ കരുതിയിറങ്ങുന്ന ആപ്പിളിന്റെ മറ്റൊരു വിപണനതന്ത്രം അമേരിക്കയില്‍ ശ്രദ്ധേ നേടുന്നു. 36.58 ഡോളര്‍ മാസത്തവണയില്‍ നല്‍കി ഐഫോണ്‍ 6 എസ് (64 ജിബി) സ്വന്തമാക്കുകയും തുടര്‍ന്ന വരുന്ന വര്‍ഷങ്ങളില്‍ പുതിയ ഐഫോണ്‍ മോഡലിലേക്ക് അപ്ഗ്രേഡ് ചെയ്യാനുമാണ് ഈ ഓഫറിലൂടെ ആപ്പിള്‍ അവസരമൊരുക്കുന്നത്. ഈ ഇന്‍സ്റ്റാള്‍മെന്‍റ് പദ്ധതി നിരവധിയാളുകളെ ഐഫോണ്‍ 6 എസിലേക്ക് അപ്ഗ്രേഡ് ചെയ്യാന്‍ പ്രേരിപ്പിക്കുന്നുവെന്നാണ് കണ്ടെത്തല്‍. ഐഫോണ്‍ 6 എസ് വിപണിയിലെ മാന്ദ്യം മറികടക്കാന്‍ ഇതടക്കം ഒട്ടേറെ തന്ത്രങ്ങളും ആപ്പിള്‍ മറ്റു രാജ്യങ്ങളിലും പയറ്റുമെന്നാണ് വിപണി നിരീക്ഷകര്‍ കരുതുന്നത്.