ആപ്പിള്‍ ഉപകരണങ്ങളോടുള്ള ഭ്രമം കുറയുമോ? ഏകദേശം രണ്ടു വര്‍ഷം മുൻപിറങ്ങിയ ഐഫോണ്‍ 6, ഐഫോണ്‍ 6 പ്ലസ് മോഡലുകളില്‍ ടച്ച് പ്രശ്‌നങ്ങള്‍ കണ്ടെത്തിയതായി റിപ്പോർട്ട്. ടച്ച് രോഗം (touch disease) എന്നാണ് ഈ സംഭവത്തെ ടെക്‌നോളജി സൈറ്റുകള്‍ വിശേഷിപ്പിക്കുന്നത്. 2014ല്‍ വിറ്റ ഐഫോണ്‍ 6 പ്ലസ് മോഡലുകളില്‍ ഈ പ്രശ്‌നമുള്ളതായി ഐഫിക്‌സിറ്റ് വെബ്‌സൈറ്റാണ് കണ്ടെത്തിയത്
ഐഫോണ്‍ 6 നും ഈ പ്രശ്‌നമുണ്ട്. തങ്ങള്‍ സംസാരിച്ച റിപ്പെയര്‍ സെന്ററുകള്‍ ഈ പ്രശ്‌നം ശരിവച്ചുവെന്നും ഐഫിക്‌സിറ്റ് പറയുന്നു. എന്നാല്‍ ആപ്പിള്‍ കമ്പനി ഈ കണ്ടെത്തലിനെ അംഗീകരിച്ചിട്ടില്ല. 'രോഗബാധ' ശ്രദ്ധിക്കുന്നത് സ്‌ക്രീനിനു മുകളില്‍ ഒരു ചാരനിറത്തിലുള്ള ബാര്‍ മിന്നിത്തിളങ്ങി തുടങ്ങുമ്പോഴാണ്. പിന്നീട് ഫോണിന്റെ ടച്ച് സ്‌ക്രീന്‍ പ്രതികരിക്കാതാകും. ഇത് ഹാര്‍ഡ്‌വെയര്‍ പ്രശ്‌നമാണ്. വിളക്കിച്ചേര്‍ത്തതില്‍ (soldering) വന്ന പിഴവ് എന്നാണ് ഐഫിക്‌സിറ്റ് നിരീക്ഷിക്കുന്നത്. ആപ്പിളിന്റെ സ്വന്തം ഫോറങ്ങളിലും ഈ പ്രശ്‌നം ചര്‍ച്ചാവിഷയമാണ്.
മിക്കവാറും ഫോണുകളുടെ വാറന്റി പിരിയഡ് കഴിഞ്ഞവയാണ് എന്നത് ആപ്പിളിന് തത്കാലം കൈകഴുകാനുള്ള അവസരം നല്‍കുന്നു. ഇതേക്കുറിച്ച് ബിബിസി വാര്‍ത്തയില്‍ പ്രതികരിച്ച നീല്‍ മാവ്സ്റ്റന്‍ പറഞ്ഞത് ഇത് നിരവധി മോഡലുകളെ ബാധിച്ചിട്ടുണ്ടെങ്കില്‍ ആപ്പിള്‍ അത് എത്രയും വേഗം സമ്മതിക്കണം. തുടർന്ന് വേണ്ട പ്രതിവിധി നിര്‍ദ്ദേശിക്കണമെന്നുമാണ്.
സെക്കന്‍ഡ് ഹാന്‍ഡ് ഫോണ്‍ വിപണി തഴച്ചു വളരുന്ന ഇന്ത്യയില്‍ മേല്‍പറഞ്ഞ മോഡലുകള്‍ സൂക്ഷിച്ചു മാത്രം വാങ്ങാന്‍ ആളുകള്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.