ലോകത്ത് ഏറ്റവും കൂടുതൽ വിറ്റുപോകുന്ന സ്മാർട്ട് ഫോൺ ഏതെന്നറിയാമോ? ഉത്തരം കേട്ടാൽ ആദ്യമൊന്ന് അമ്പരക്കും. ഐഫോൺ 6എസ് ആണു സ്മാർട്ട് ഫോൺ വിപണിയിൽ ഇപ്പോഴത്തെ ജനപ്രിയ താരമെന്നു നടപ്പു വർഷത്തിന്റെ രണ്ടാം പാദ വിൽപ്പനയിലെ കണക്കുകൾ സൂചിപ്പിക്കുന്നു. ഇന്ത്യൻ വിപണിയിൽ ഐഫോൺ 6എസിന് 52000 രൂപയോളം വിലയുണ്ട്.
രണ്ടാം പാദത്തിൽ 14.2 മില്യൺ (1.42 കോടി) ഐഫോൺ 6 എസ് മോഡലുകൾ വിറ്റഴിക്കപ്പെട്ടതായി മാർക്കറ്റ് റിസേർച്ച് സ്ഥാപനമായ സ്ട്രാറ്റജി അനലിറ്റിക്സ് പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. 2014ലാണ് ആപ്പിൾ ഐഫോൺ 6 മോഡലുകൾ പുറത്തിറക്കുന്നത്. ആകർഷകമായ രൂപകൽപ്പനയും 4കെ വിഡിയോ, വലിയ മൾട്ടി സ്ക്രീൻ ടച്ച് ഡിസ്പ്ലെ, ഫിംഗർ സെക്യൂരിറ്റി തുടങ്ങിയവയുമാണ് 6എസിന്റെ പ്രധാന ആകർഷണങ്ങൾ. വിപണിയുടെ മനസു പിടിച്ചതും ഈ ഘടകങ്ങളാണെന്നു സ്ട്രാറ്റജി അനലിറ്റിക്സ് എക്സിക്യൂട്ടിവ് ഡയറക്ടർ നെലി മവ്സ്റ്റൺ പറയുന്നു.
വിൽപ്പനയിൽ രണ്ടാം സ്ഥാനത്തും ആപ്പിളാണ്. ഐഫോൺ 6 ആണ് 6എസ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പേർ തെരഞ്ഞെടുക്കുന്നത്. 2016 രണ്ടാം പാദത്തിൽ 85 ലക്ഷം ഐഫോൺ 6 മോഡലുകൾ വിറ്റുപോയി. 83 ലക്ഷം ഗ്യാലക്സി എസ് 7 മോഡലുകൾ വിറ്റഴിച്ച് സാംസങ് വിപണിയിലെ സജീവ സാന്നിധ്യം നിലനിൽത്തുന്നു. ഗ്യാലക്സി എസ് 7 എഡ്ജ് ആണു പട്ടികയിലെ മൂന്നാം സ്ഥാനക്കാരൻ.
ലോകത്തെ മൊത്തം സ്മാർട്ട് ഫോൺ വിൽപ്പനയിൽ ഒരു ശതമാനം വളർച്ച കാണിക്കുന്നതായും റിപ്പോർട്ടിലുണ്ട്. 2015 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ 338 മില്യൺ ഫോണുകളാണു വിറ്റുപോയത്. 2016ൽ ഇതേ കാലയളവിൽ ഇത് 341.5 മില്യൺ (34.15 കോടി) ആയി ഉയർന്നു. ലോക സമ്പദ്വ്യവസ്ഥയിൽ ഉന്മേഷം നിലനിൽക്കുന്നതും സ്മാർട്ട് ഫോൺ നിർമാതാക്കൾ പുത്തൻ സാങ്കേതികവിദ്യ എത്തിക്കാൻ മത്സരിക്കുന്നതും വിപണിക്കു പിന്തുണയേകി.
പുതിയ ഐഫോൺ മോഡലുകൾ (ഐഫോൺ 7) ആപ്പിൾ ഇന്നു പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കവേയാണ് ഐഫോൺ 6 മോഡലുകൾ വിപണിയുടെ മനംകവർന്നെന്ന വാർത്തകൾ വരുന്നത്. ഡ്യുവൽ റിയർ ക്യാമറ, പ്രഷർ സെൻസിറ്റിവ് ഹോം ബട്ടൺ, ബ്ലൂടൂത്ത് സപ്പോർട്ട് ചെയ്യുന്ന ഹെഡ്ഫോൺ തുടങ്ങിയവയാണു പുതിയ മോഡലിലെ പ്രത്യേകതകളെന്നാമു ടെക്നോളജി രംഗത്തുനിന്നു കേൾക്കുന്നത്.