സാങ്കേതികത്തികവിന്റെ വിസ്മയിപ്പിക്കുന്ന പരീക്ഷണങ്ങളുമായി രാജ്യാന്തര ഇലക്ട്രോണിക് ഭീമന്‍മാരായ ആപ്പിള്‍, ഐഫോണ്‍ പരമ്പരയില പുതിയ മോഡല്‍ പുറത്തിറക്കി. സാന്‍ ഫ്രാന്‍സിസ്കോയില്‍ നടന്ന ചടങ്ങില്‍ ആപ്പിള്‍ സിഇഒ ടിംകുക്കാണ് പുതിയ മോഡല്‍ ലോകത്തിന് സമര്‍പ്പിച്ചത്. മുന്‍ മോഡലുകളില്‍ നിന്ന് വ്യത്യസ്തമായി ജറ്റ് ബ്ലാക്ക് നിറംകൂടി ഉള്‍പ്പെടുത്തിയ ഐഫോണ്‍ 7 രണ്ട് ശ്രേണികളില്‍ ലഭ്യമാകും. ഇയര്‍ഫോണ്‍ ജാക്ക് ഒഴിവാക്കിയാണ് പുത്തന്‍ മോഡലിന്റെ വരവ്
സാങ്കേതിക മുന്നേറ്റത്തിന്റെ പിന്‍ബലത്തില്‍ നൂതനമായ പരീക്ഷണങ്ങള്‍ അവതരിപ്പിച്ച് മുമ്പേ നടക്കുന്ന പതിവ് ആപ്പിള്‍ ഇക്കുറിയും തെറ്റിച്ചില്ല. വിപണിയില്‍ സമീപകാലത്തേറ്റ ഉലച്ചിലിനെ നവീനതയുടെ വിസ്ഫോടനം കൊണ്ട് മറികടക്കാന്‍ തന്നെയാണ് ഐഫോണ്‍ 7 ലൂടെ ആപ്പിള്‍ ശ്രമിക്കുന്നതും. ഐഫോണ്‍7, 7 പ്ലസ് എന്നീ രണ്ട് മോഡലുകളാണ് പുതിയ പതിപ്പിലുള്ളത്.
ഐ ഫോണിനെ എന്നും പഴികേള്‍പ്പിച്ച മെമ്മറിശേഷി 32 മുതല്‍ 256 ജിബി വരെ സജ്ജമാക്കി ഉയര്‍ത്തി എന്നതാണ് നിലവിലെ മോഡലിന്റെ സവിശേഷതകളിലൊന്ന്. ഐഫോണ്‍ ശ്രേണിയില്‍ ഇതാദ്യമായി വാട്ടര്‍, ഡസ്റ്റ് പ്രൂഫ് സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. മൊബൈലുകളില്‍ ഒഴിവാക്കാനാകാത്തതെന്ന് കരുതിപ്പോന്ന ഇയര്‍ഫോണ്‍ ജാക്കിനുപകരം ലൈറ്റ്നിങ് കണക്ടറാണ് ഐഫോണ്‍ 7ന്റെ മറ്റൊരു പ്രത്യേകത.
ഇതേ പോര്‍ട്ടില്‍ ഡോംഗിള്‍ ഘടിപ്പിച്ച് 3.5 എംഎമ്മിന്റെ സാധാരണ ഹെഡ്ഫോണും ഉപയോഗിക്കാം. എയര്‍പോഡ് എന്ന വിശേഷണവുമായി പുറത്തിറക്കിയ വയര്‍ലെസ് ഇയര്‍ഫോണുകളും ഒപ്പമുണ്ട്. സെവന്‍പ്ലസ് ശ്രേണിയിലെ രണ്ട് പിന്‍ ക്യാമറകളും ആപ്പിള്‍ കാത്തുവച്ച പുതുമയാണ്. 12 മെഗാപിക്സല്‍ ശേഷിയുള്ള ഇവ സൂമിങ് സുഗമമാക്കാന്‍ സഹായിക്കും. ഐഫോണ്‍ 6 നേക്കാള്‍ രണ്ടുമണിക്കൂര്‍ അധിക ബാറ്ററിശേഷിയും പുതിയ മോഡലിലുണ്ട്.
ഇന്ത്യയില്‍ അടുത്തമാസം ആറോടെ ഐഫോണ്‍7 വിപണിയിലെത്തും. 32 ജിബി മെമ്മറിശേഷിയുള്ള അടിസ്ഥാന മോഡലിന് അറുപതിനായിരം രൂപയാവും ഇന്ത്യന്‍വിപണിയിലെ പ്രതീക്ഷിത വില. സവിശേഷതകള്‍ കൂടുതലുള്ള മറ്റുള്ളവയ്ക്ക് കൂടുതല്‍ കൈപൊള്ളിക്കാനും ശേഷിയുണ്ടെന്ന് ചുരുക്കം.