വര്‍ഷങ്ങൾക്ക് മുൻപ് ഐഫോൺ പുറത്തിറങ്ങുമ്പോൾ അന്നത്തെ ആപ്പിൾ മേധാവി സ്റ്റീവ് ജോബ്സിനു ഒന്നും ചിന്തിക്കാനില്ലായിരുന്നു. കാരണം ആപ്പിൾ കമ്പനി എന്തു പുറത്തിറക്കിയാലും രാപകൽ വരിനിന്ന് ഉപഭോക്താക്കൾ അത് വാങ്ങും. അതൊരു വിശ്വാസമായിരുന്നു. എന്നാൽ ആപ്പിളിന്റെ ഏറ്റവും പുതിയ ഉൽപന്നങ്ങൾ പുറത്തിറങ്ങുമ്പോൾ ആ പ്രതീക്ഷകൾക്ക് മങ്ങലേറ്റിരിക്കുന്നു. കഴിഞ്ഞ വർഷങ്ങളിൽ നേരിട്ട പരാജയം പുതിയ ഐഫോണിനും സംഭവിച്ചാൽ ഒരു തിരിച്ചുവരവ് പ്രയാസമായിരിക്കുമെന്നാണ് ടെക് വിദഗ്ധർ പറയുന്നത്.
സ്വന്തം ഓപ്പറേറ്റിങ് സിസ്റ്റം ഉണ്ടായിട്ടും ബ്ലാക്ക്‌ബെറിക്ക് വിപണിയിൽ പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. അവസാനം ആൻഡ്രോയ്ഡിൽ അഭയംതേടിയിട്ടും വിജയിച്ചുവെന്ന് പറയാറായിട്ടില്ല. നോക്കിയയും പരാജയപ്പെട്ടു മടങ്ങി. ഐഫോണിൽ ലഭ്യമായ മിക്ക ഫീച്ചറുകളും ഇന്ന് ആൻഡ്രോയ്ഡ് സ്മാർട്ട്ഫോണുകളിലുണ്ട്. എന്നാൽ ഐഒഎസാണ് ആപ്പിളിന്റെ ഇന്നത്തെ ശക്തി.
ചൈനീസ് കമ്പനികളെല്ലാം കുറഞ്ഞ വിലയ്ക്ക് അത്യാധുനിക ഫീച്ചറുകളുള്ള ഫോണുകളാണ് ദിവസവും പുറത്തിറക്കുന്നത്. ഈ വിപണിയിലേക്കാണ് പുതിയ ഐഫോണും വരുന്നത്. ഐഫോണിന്റെ ഏറ്റവും വലിയ വിപണി ചൈനയാണ്. ഇവിടെയാണ് സ്മാർട്ട്ഫോണ്‍ രംഗത്ത് വൻ പരീക്ഷണങ്ങൾ നടക്കുന്നതും.
മികച്ച സോഫ്റ്റ്‌വെയർ, ഫൊട്ടോഗ്രാഫിയെ പിടിച്ചടുക്കാൻ അത്യുഗ്രൻ ക്യാമറകൾ, അതിവേഗ പ്രോസസർ, കൂടുതൽ മെമ്മറി, പുതിയ ഡിസൈൻ എന്നിവയാണ് പുതിയ ഐഫോണിൽ നിന്ന് ഉപഭോക്താക്കൾ പ്രതീക്ഷിക്കുന്നത്. ആപ്പിളിന്റെ ഏറ്റവും വലിയ എതിരാളികളായ സാംസങ്ങിന്റെ പുതിയ ഉൽപന്നം ഗാലക്സി നോട്ട് 7 വിപണിയിൽ നിന്നു പിൻവലിച്ചു. ഇത് പുതിയ ഐഫോണിനു തുണയാകുമെന്ന് പറയാം.
എന്തായാലും നിലവിലെ വിപണിയെ ഒരു വർഷം നിരീക്ഷിച്ചായിരിക്കും ആപ്പിൾ പുതിയ ഐഫോൺ നിർമ്മിച്ചിരിക്കുക. ആപ്പിൾ അദ്ഭുതം കാണിക്കും, ഐഫോണിനു പുറമെ പുത്തൻ ഉൽപന്നങ്ങൾ പുറത്തിറക്കി ഉപഭോക്താക്കളെ വിസ്മയിപ്പിക്കുമെന്നാണ് ടെക് ലോകം പ്രതീക്ഷിക്കുന്നത്.