ആപ്പിളിനു തിരിച്ചടി, ഐഫോണിനേക്കാൾ ഭേദം ആന്‍ഡ്രോയിഡ് ഫോണുകള്‍

ആന്‍ഡ്രോയിഡ് ഫോണുകളുമായുള്ള യുദ്ധത്തില്‍ ആപ്പിളിന് തിരിച്ചടിയെന്ന് കണക്കുകള്‍. ബ്ലാന്‍കോ ടെക്‌നോളജി ഗ്രൂപ്പ് നടത്തിയ പഠനത്തിലാണ് ആപ്പിള്‍ ഫോണുകള്‍ ആന്‍ഡ്രോയിഡ് ഫോണുകളെ അപേക്ഷിച്ച് പിന്നിലാണെന്ന കണക്കുള്ളത്. ഈ വര്‍ഷത്തെ മൂന്നാം പാദത്തിലെ കണക്കുകള്‍ പ്രകാരം ആന്‍ഡ്രോയിഡ് ഫോണുകളില്‍ 47 ശതമാനം പെര്‍ഫോമെന്‍സ് പ്രശ്നങ്ങൾ കാണിച്ചപ്പോള്‍ ആപ്പിളില്‍ ഇത് 62 ശതമാനമാണ്.

പ്രത്യേകതരം ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുമ്പോഴും മറ്റും ഫോണ്‍ ഹാങ്ങാകുന്നത്, കണക്ഷനുകളിലെ കുഴപ്പങ്ങള്‍, ചൂടാകുന്നത് തുടങ്ങിയവയാണ് പെര്‍ഫോമന്‍സ് പ്രശ്നങ്ങൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ആപ്പിള്‍ ഫോണുകളില്‍ ഏറ്റവും കുഴപ്പക്കാരന്‍ ഐഫോണ്‍ 6 ആണ്. ആപ്പിളിന്റെ പെര്‍ഫോമന്‍സ് ഫെയിലിയറില്‍ 13 ശതമാനവും ഐഫോണ്‍ 6ന് അവകാശപ്പെട്ടതാണ്. പിന്നാലെയുള്ള ഐഫോണ്‍ 5 എസും 6 എസും ഒൻപത് ശതമാനം വീതം പെര്‍ഫോമെന്‍സ് ഫെയിലിയറിലേക്ക് സംഭാവന നല്‍കുന്നുണ്ട്.

ആപ്പിള്‍ ഫോണുകളിലെ പ്രധാന പ്രശ്‌നം ചൂടാകുന്നതാണ്. രണ്ടാമത്തെ പ്രശ്‌നം ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുമ്പോള്‍ പരാജയപ്പെടുന്നതാണ്. ഇത് 15 ശതമാനം വരും. ഹെഡ്‌ഫോണുകളുടെ പ്രശ്‌നം 11 ശതമാനം ആപ്പിള്‍ ഫോണുകള്‍ക്കുണ്ട്. ആപ്പിളില്‍ പരാജയപ്പെടുന്ന പ്രധാന ജനകീയ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റഗ്രാമാണ് (14%). തൊട്ടുപിന്നാലെയുള്ള സ്‌നാപ് ചാറ്റ് 12 ശതമാനം പരാജയമാണ്.

പോക്കിമോന്‍ ഗോയും ആപ്പിളില്‍ പരാജയപ്പെടുന്ന ആപ്ലിക്കേഷനുകളില്‍ മുന്നിലുണ്ട്. പോക്കിമോന്‍ ഗോ ഉപയോഗിക്കുന്ന ആപ്പിള്‍ ഉപഭോക്താക്കളില്‍ അഞ്ചു ശതമാനത്തിനാണ് ഹാങ്ങാകുന്നതിനും മറ്റു പ്രശ്‌നങ്ങള്‍ക്കുമുള്ള സാധ്യത. പോക്കിമോന്‍ ഗോ പോലുള്ള വെര്‍ച്ചുല്‍ റിയാലിറ്റി ഗെയിമുകള്‍ വലിയ തോതില്‍ ഫോണ്‍ ചൂടാക്കുന്നതാണ് ഇതിന്റെ കാരണമെന്നാണ് കരുതപ്പെടുന്നത്.

ആന്‍ഡ്രോയിഡ് ഫോണുകളില്‍ സാംസങ്ങാണ് ഏറ്റവും മോശം. പരാജയപ്പെടുന്ന സാംസങ് ഫോണുകളുടെ ശതമാനം 11 വരും. യുഎസ്ബിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, പെട്ടെന്ന് ബാറ്ററി തീരുന്നത് തുടങ്ങിയവ ആന്‍ഡ്രോയിഡ് ഫോണുകളുടെ പ്രധാന വെല്ലുവിളിയാണ്. ഇതിനൊപ്പം ബാറ്ററി പെട്ടെന്ന് ചാര്‍ജ് ചെയ്യേണ്ടി വരുന്നതും പ്രധാന പ്രശ്‌നമാണ്. എങ്കിലും ആപ്പിള്‍ ഫോണുകളെ അപേക്ഷിച്ച് മെച്ചപ്പെട്ട പ്രകടനമാണ് ആന്‍ഡ്രോയിഡ് ഫോണുകളുടേതെന്നാണ് ബ്ലാന്‍കോ ടെക്‌നോളജി ഗ്രൂപ്പിന്റെ പഠനം പറയുന്നത്.