ഐഫോണ്‍ പ്രേമികള്‍ക്ക് ആവേശഭരിതരാകാന്‍ ഏറെ വക നല്‍കി ആപ്പിള്‍ പുതിയ ഐഫോണ്‍ മോഡലുകള്‍ അവതരിപ്പിച്ചു. ഇന്റര്‍നെറ്റില്‍ പ്രചരിച്ച മിക്ക ഊഹാപോഹങ്ങളും ശരിവയ്ക്കുന്ന രീതിയിലാണ് ഫോണുകളുടെ ഫീച്ചറുകള്‍ അവതരിപ്പിക്കപ്പെട്ടത്. പുതിയ മോഡലുകളുടെ പേര് ഐഫോണ്‍ 7, 7 പ്ലസ് എന്നാണ്. മുന്‍ മോഡലുകളെ പോലെ 7 പ്ലസിന് 5.5 ഇഞ്ച് സ്ക്രീനും, 7 മോഡലിന് 4.7 ഇഞ്ച് സ്‌ക്രീനുമാണ്.
ഐഫോണ്‍ 7 പ്ലസ് മോഡല്‍ ഇരട്ട ക്യാമറയുമായാണ് എത്തിയിരിക്കുന്നത്. കംപ്യൂട്ടേഷണല്‍ ഫൊട്ടോഗ്രാഫി കൂടുതല്‍ പേരിലേക്ക് ആപ്പിള്‍ എത്തിക്കുന്നുവെന്നതാണ് ഈ മോഡലിന്റെ പ്രധാന മികവുകളിലൊന്ന്. ഇതുവരെ പുറത്തിറക്കിയതിൽ ഏറ്റവും മികച്ച ഐഫോണ്‍ എന്നാണ് ആപ്പിള്‍ മേധാവി പുതിയ ഹാൻഡ്സെറ്റിനെ കുറിച്ചു പറഞ്ഞത്. പുതിയ ഫോണ്‍ കൈ കൊണ്ട് ഉയര്‍ത്തിയാല്‍ തന്നെ പ്രവര്‍ത്തന സജ്ജമായി ഉണരുന്നു. പഴയ ഫോണുകളെ പോലെ ഹോം ബട്ടണും മറ്റും അമര്‍ത്തേണ്ട ആവശ്യമില്ല.
പ്രധാന മാറ്റങ്ങള്‍
ഒരു സ്മാര്‍ട്ട്‌ഫോണിലും ഇതുവരെ കാണാത്ത അത്ര ശക്തമായ പ്രോസസര്‍ (A10 ഫ്യൂഷന്‍ ചിപ്പ്)
പുതിയ ക്യാമറാ സിസ്റ്റം (പ്രത്യേകിച്ചും ഐഫോണ്‍ 7 പ്ലസിന്റേത്)
മെച്ചപ്പെട്ട ബാറ്ററി ലൈഫ്
സ്റ്റീരിയോ സ്പീക്കറുകള്‍
പൊടിയും വെള്ളവും കടക്കില്ല, ഭയക്കേണ്ട (IP67)
പുതിയ ഹോം ബട്ടണ്‍
കറുപ്പും ജെറ്റ് ബ്ലാക്കും നിറങ്ങളില്‍ കൂടി ഫോണ്‍ ലഭ്യമാക്കും (ഇവയില്‍ ജെറ്റ് ബ്ലാക്ക് നിറത്തിലുള്ള ഫോണുകള്‍ക്ക് പോറലേല്‍ക്കാന്‍ എളുപ്പമാണെന്ന് ആപ്പിള്‍ തന്നെ പറയുന്നുണ്ട്.)
സ്‌ക്രീനിന് നിറങ്ങളെ കാണിക്കുന്നതിന് പുതിയ മാനം
സ്‌ക്രീന്‍ 25 ശതമാനം കൂടുതല്‍ ബ്രൈറ്റ് ആയിരിക്കും (ആപ്പിളിന്റെ ഭാഷയില്‍ ഇതിനെ റെറ്റിനാ എച്ച്ഡി ഡിസ്‌പ്ലെ)
തൊട്ടു മുന്നിലെ മോഡലുകളെ പോലെ 3D ടച്ച് ശേഷി
കൂടുതല്‍ നിമഗ്നമായി ഓഡിയോ
450MBps സ്പീഡുള്ള LTE
25 ബാന്‍ഡുകളുള്ള ആന്റിന
32GB യില്‍ തുടങ്ങുന്നു സ്‌റ്റോറേജ് (16GB ഇല്ല)
പുതിയ വയേഡ് ഇയര്‍പോഡുകള്‍ (EarPods) ഫോണിനൊപ്പം കിട്ടും.
വയര്‍ലെസ് എയര്‍പോഡുകളും (AirPods) അവതരിപ്പിച്ചു. ഇവയ്ക്ക് 159 ഡോളറാണ് വില
ക്യാമറ
12MP പിന്‍ ക്യാമറയാണ് ഐഫോണ്‍ 7 നുള്ളതെങ്കില്‍ 12 MP വീതമുള്ള രണ്ടു ക്യാമറകളാണ് ഐഫോണ്‍ 7 പ്ലസിന്റെ പിന്നിലുള്ളത്. ഇവയില്‍ ഒന്നിന് 28 mm ലെന്‍സും അടുത്തത് 56 mm ലെന്‍സുമാണുള്ളത്. ഐഫോണ്‍ 7 പ്ലസ് സ്മാര്‍ട്ട്‌ഫോണുകളിലെ പുതിയ ബോ-കെ (http://bit.ly/1SxFKkb) രാജാവും ആയേക്കാം. (ക്യാമറകളെ പറ്റി കൂടുതല്‍ വിശദീകരിച്ച് മറ്റൊരു ലേഖനത്തില്‍ വായിക്കാം.)
ഓരോ തവണ ഷട്ടര്‍ അമര്‍ത്തുമ്പോഴും 6MP യോ അതിലും വലുതായോ ഫയലുകള്‍ സൃഷ്ടിക്കപ്പെടും. ഓരോ പടത്തിലും കൂടുതല്‍ വിശദാംശങ്ങള്‍ കിട്ടുകയും ചെയ്യും. കൂടുതല്‍ വലിപ്പമുള്ള ക്യാമറാ മൊഡ്യൂളുകള്‍ പിടിപ്പിക്കാനായി ആന്റിനാ ബാന്‍ഡുകളെ ഫോണുകളുടെ അരുകുകളിലേക്കു മാറ്റി.
രണ്ടു ഫോണുകള്‍ക്കും 7MP മുന്‍ ക്യാമറ (സെല്‍ഫി പ്രേമികളേ ആഹ്ലാദിക്കുവിന്‍) ഉണ്ട്.
ഡിസൈന്‍
ഐഫോണ്‍ 6S/6S Plus എന്നീ മോഡലുകളോടു വളരെ സാമ്യമുണ്ട് പുതിയ മോഡലുകള്‍ക്കും.
ഓഡിയോ
കാര്യമായ മാറ്റം തന്നെ സ്പീക്കറുകളുടെ കാര്യത്തില്‍ കൊണ്ടുവരാന്‍ ആപ്പിളിനു കഴിഞ്ഞിട്ടുണ്ട്. അവയ്ക്ക് തൊട്ടു പിന്നിലെ മോഡലുകളുടെ ഇരട്ടി ശബ്ദമുണ്ട്. സ്റ്റീരിയോ സ്പീക്കറുകള്‍ ഫോണിന്റെ താഴെയും മുകളിലുമാണ് പിടിപ്പിച്ചിരിക്കുന്നതെന്നത് കൂടുതല്‍ നല്ല ശബ്ദം തരും.
ഐഫോണ്‍ മോഡലുകള്‍ക്കൊപ്പം അവതരിപ്പിച്ച വയേഡ് ഇയര്‍പോഡുകളും (EarPods) വയര്‍ലെസ് എയര്‍പോഡുകളും (AirPods) ശ്രവണസുഖം വര്‍ധിപ്പിക്കുന്നു. 3.5mm ഓഡിയോ ജാക്ക് ഇല്ല. പകരം ലൈറ്റ്‌നിങ് പോര്‍ട്ടില്‍ നിന്ന് 3.5mm ജാക്കിലേക്കുള്ള കണ്‍വേര്‍ട്ടര്‍ ഫോണിനൊപ്പം ലഭിക്കും.
വാട്ടര്‍ റെസിസ്റ്റന്റ്
പൊടിയും വെള്ളവും കടക്കില്ല എങ്കിലും ഫോണ്‍ വെള്ളത്തില്‍ മുക്കാനാകില്ല.
ഹോം ബട്ടണ്‍
ഇതു വരെയുള്ള മോഡലുകളെ പോലെ അല്ലാതെ പുതിയ മോഡലുകളുടെ ഹോം ബട്ടണില്‍ ക്ലിക്കു ചെയ്യാനാകില്ല. എന്നാല്‍ സ്പര്‍ശന ഫീഡ്ബാക്ക് തരുന്നതാണ് പുതിയ ബട്ടണ്‍.
പ്രോസസര്‍
പുതിയ പ്രോസസറിന് നാലു കോറുകളാണുള്ളത്. ഇവയില്‍ രണ്ടെണ്ണത്തിന് ശക്തി കൂടുതലുണ്ട്. ബാറ്ററി ശേഷി നിലനിര്‍ത്തേണ്ട അവസരത്തില്‍ ശേഷി കുറഞ്ഞ കോറുകളുടെ സേവനം ലഭ്യമാക്കാം. തൊട്ടുമുന്നിലെ മോഡലുകളെക്കാള്‍ ഐഫോണ്‍ 7ന് രണ്ടു മണിക്കൂര്‍ കൂടുതല്‍ ബാറ്ററി ശേഷിയും 7 പ്ലസിന് ഒരു മണിക്കൂര്‍ കൂടുതല്‍ ശേഷിയുമുണ്ട്.
സ്റ്റോറേജും വിലയും
32GB, 128GB, 256GB എന്നിങ്ങനെയാണു പുതിയ മോഡലുകളുടെ സംഭരണ ശേഷി. ഒക്ടോബര്‍ 6ന് ഇന്ത്യയില്‍ വില്‍പനയ്ക്കെത്തും. ഐഫോണ്‍ 7, 32GB യുടെ വില 60,000 രൂപ ആയിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മറ്റു മോഡലുകള്‍ക്ക് ഇതിലും ഉയര്‍ന്ന വിലയായിരിക്കും.
ഫോണുകളെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഈ ലിങ്ക് ഉപയോഗിക്കുക: