ഇന്ത്യയിലെ ഐഫോൺ പ്രേമികളെ ആപ്പിൾ നിരാശരാക്കി

ആപ്പിളിന്റെ പുതിയ ഫോണിന്റെ വരവിനെക്കുറിച്ചും അതിന്റെ സവിശേഷതകളെക്കുറിച്ചും ഏറെ നാളായി നിലനിന്നിരുന്ന ഊഹാപോഹങ്ങൾക്കൊടുവിൽ നാലു ഇഞ്ച് സ്ക്രീനുമായി ഐഫോൺ എസ്ഇ പുറത്തിറങ്ങി. ഐ ഫോൺ 5 എസിന് സമാനമായ രൂപകൽപ്പനയോടെ എത്തിയിരിക്കുന്ന ഫോണിന് 5 എസിനേക്കാൾ മികച്ച ഹാർഡ്‌വെയറാണുള്ളത്.

ഇതിനിടെ 30,000 രൂപയ്ക്ക് ഇന്ത്യയിൽ ലഭ്യമാകുമെന്ന് പ്രതീക്ഷിച്ചിരുന്ന ഫോണിന്റെ വില ലോഞ്ചിങ് കഴിഞ്ഞ് ഏതാനും മണിക്കൂറുകൾക്കുള്ളിൽ 39,000 രൂപ നൽകേണ്ടിവരുമെന്നാണ് അറിയാൻ കഴിഞ്ഞത്. ബജറ്റ് ഐഫോണിന്റെ വരവിനായി കാത്തിരുന്ന ഇന്ത്യയിലെ ആപ്പിൾ പ്രേമികളെ നിരാശരാക്കുന്നതാണ് ഐഫോൺ എസ്ഇയുടെ വിലയെന്നാണ് ടെക്ക് നിരീക്ഷകർ വിലയിരുത്തുന്നത്.

1136 x 640 പിക്സൽ റെസലൂഷൻ നൽകുന്ന 4 ഇഞ്ച് സ്ക്രീനുള്ള ഐഫോൺ എസ്ഇയുടെ വരവോടെ ഐഫോൺ 5 എസിന്റെ നിർമ്മാണവും വിതരണവും ആപ്പിൾ അവസാനിപ്പിക്കുകയാണ്. ഐഫോൺ 5 എസിന്റെ പകരക്കാരനായി വിപണിയിലെത്തുന്ന ഐഫോൺ എസ്ഇക്ക് ടച്ച് ഐഡി ഫിംഗർ പ്രിന്റ് സ്കാനറുമുണ്ട്. ഐഫോണുകളുടെ ഡിസ്പ്ലേ മിഴിവിന് കാരണമായ റെറ്റിന ഡിസ്പ്ലേ ഈ 4 ഇഞ്ച് ഫോണിലും ദൃശ്യ വിസ്മയമൊരുക്കുന്നു.

1.85 ജിഗാഹെട്സ് വേഗത നൽകുന്ന ഡ്യുവൽ കോർ എ 9 പ്രോസസറാണ് ഐഫോൺ എസ്ഇക്ക് കരുത്തേകുന്നത്. മോഷൻ കോ പ്രോസസറായ എം 9 ലെ ഫോൺ എസ്ഇക്ക് മതിയായ ഗെയിമിംഗ് വേഗത നൽകുന്നു. ഐഫോൺ 6 എസിലേതിന് സമാനമായ പ്രോസസറിന്റെ ഉപയോഗം ഐഫോൺ എസ്ഇയെ നേരത്തേ അനുഭവിച്ചറിഞ്ഞ മികച്ച ഐഫോൺ പ്രകടനത്തിന്റെ പിൻതുടർച്ചക്കാരനാക്കുന്നു.

1 ജിബി റാം ശേഷിയുമായി എത്തുന്ന ഐഫോൺ എസ്ഇ 16 ജിബി, 64 ജിബി എന്നീ രണ്ട് സ്റ്റോറേജ് വേരിയൻറുകളിൽ ലഭ്യമാണ്. ഐഫോൺ 6 എസിലേതിന് സമാനമായ 12 മെഗാപിക്സൽ ഐ- സൈറ്റ് ക്യാമറയാണ് ഐഫോൺ എസ്ഇയിലുമുള്ളത്. 1.2 മെഗാപിക്സൽ വ്യക്തത നൽകുന്ന സെൽഫി ഷൂട്ടറാണ് ഇതിലുള്ളത്. ഐഒഎസ് 9.3 യിൽ പ്രവർത്തിക്കുന്ന ഫോൺ സ്പേസ് ഗ്രേ, സിൽവർ,ഗോൾഡ്, റോസ് ഗോൾഡ് എന്നീ നിറങ്ങളിൽ ലഭ്യമാകും. പുതിയ ഐ ഫോണിന്‍റെ കുറഞ്ഞ വില 400 ഡോളറാണ്.

ഇന്ത്യയിലെയും ചൈനയിലെയും ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് പുതിയ ഫോൺ വിപണിയിലിറക്കിയിരിക്കുന്നത്. വലിപ്പം കുറഞ്ഞ ഐ പാഡ് പ്രോയും കന്പനി പുറത്തിറക്കി. 9.7 ഇഞ്ച് വലിപ്പമുള്ള ടാബ്്്ലറ്റിന്റെ വില 600 ഡോളർ മുതലാണ്. പുതിയ ആപ്പിൾ വാച്ചുകളും ആപ്പിള്‍ മേധാവി ടിം കുക്ക് അവതരിപ്പിച്ചു.