രണ്ട് ലെനോവോ വൈബ് ഫോണുകൾ വിപണിയിലെത്തി

രണ്ട് വേരിയന്റുകളിൽ 'വൈബ് എക്സ് 3' ഫോണുകളുമായി ലെനോവയെത്തി. ലെനോവോ വൈബ് എക്സ് 3, ലെനോവോ വൈബ് എക്സ് 3 ലൈറ്റ് എന്നിവയാണ് വിപണിയിലെത്തിയ രണ്ട് ലെനോവോ വൈബ് സ്മാർട്ട് ഫോണുകൾ. പുറം കാഴ്‌ചയിൽ ഏകദേശം സമാനമായ രൂപകൽപ്പനയുമായി എത്തുന്ന ഇരു ഫോണുകളിലും വ്യത്യസ്തമായ ഹാർഡ്‌വയർ രൂപകൽപനയാണ് ലെനോവോ ഉപയോഗിച്ചിരിക്കുന്നത്. മികച്ച ഹാർഡ്‌വയർ കമ്പോണന്റുകളുമായി എത്തുന്ന വൈബ് എക്സ് 3 സ്മാർട്ട്ഫോണ്‍ കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകൾ നൽകുന്ന വൈബ് എക്സ് 3 ലൈറ്റ് സ്മാർട്ട്ഫോണുമായാണ് വിപണി പങ്കിടാനെത്തുന്നത്.

ഉള്ളം കയ്യിൽ ഒതുങ്ങിയിരിക്കാനുള്ള വളഞ്ഞ ഡിസൈനോട്‌ കൂടിയ വൈബ് എക്സ് 3 സ്മാർട്ട് ഫോണിന്റെ സവിശേഷത വിപണിയിൽ മികച്ച പ്രതികരണമുളവാക്കും. ഗ്രിപ്പിൽ വ്യത്യസ്താനുഭവം നല്കുന്ന ഈ ഫോണ്‍ 1920X 1080 പിക്സൽ റെസലൂഷൻ നൽകുന്ന 5.5 ഇഞ്ച്‌ ഡിസ്പ്ലേയോടെയാണെത്തുന്നത്. കോർണിംഗ് ഗോറില്ലാ ഗ്ലാസ് 3 യാണ് ഈ ഫോണിന്റെ ഡിസ്പ്ലേയ്ക്ക് സംരക്ഷണമേകുന്നത്. ഇരട്ട ഫ്രണ്ട് ഫേസിംഗ് സ്പീക്കറുകളുമായെത്തുന്ന ഫോണിന് ഫിംഗർപ്രിന്റ്‌ സ്കാനറും ലഭ്യമാണ്. 1.5 ജിഗാ ഹെട്സ് വേഗത നൽകുന്ന ഹെക്സാകോർ ക്വാൾകോം സ്നാപ്ഡ്രാഗണ്‍ 808 പ്രോസസറാണ് വൈബ് എക്സ് 3 സ്മാർട്ട് ഫോണിനു കരുത്ത് പകരുന്നത്.

3 ജിബി റാമും 32 ജിബി ആന്തരിക സ്ടോറേജ് ശേഷിയുമുള്ള വൈബ് എക്സ് 3 സ്മാർട്ട് ഫോണിനു 23 മെഗാ പിക്സൽ പ്രധാന കാമറയും, 8 എം പി സെൽഫി ഷൂട്ടറുമാണുള്ളത്. ആൻഡ്രോയ്ഡ് 5.0 ലോലിപോപ്പ് ഓപറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഫോണിന് 3600 എം. എ.എച്ച് ശേഷിയുള്ള ബാറ്ററിയാണുള്ളത്.

വൈബ് എക്സ് 3 യുടെ സമാന ഡിസ്പ്ലേ, ഒഎസ് സവിശേഷതകളുമായെത്തുന്ന ലെനോവോ വൈബ് എക്സ് 3 ലൈറ്റ് സ്മാർട്ട്ഫോണ്‍ 1.3 ജിഗാ ഹെട്സ് വേഗതയുള്ള ഒക്ടാകോർ മീഡിയടെക് എംടി 6753 പ്രോസസറിലാണ് പ്രവർത്തിക്കുന്നത്. 2 ജിബി റാമും 16 ജിബി ആന്തരിക സ്ടോറേജ് ശേഷിയും നൽകുന്ന ഫോണിന് 13 മെഗാ പിക്സൽ പ്രധാന കാമറയും 5 എംപി സെൽഫി ഷൂട്ടറുമുണ്ട്. 3400 എം.എ.എച്ച് ശേഷിയുളള ബാറ്ററിയിൽ പ്രവർത്തിക്കുന്ന സ്മാർട്ട്‌ ഫോണാണ് ലെനോവോ വൈബ് എക്സ് 3 ലൈറ്റ്. നിരവധി ഓഫറുകളുമായി ചൈനീസ് വിപണിയിലാണ് ഈ ഫോണുകൾ ആദ്യമായി അവതരിപ്പിച്ചിരിക്കുന്നത്.