Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചൈനീസ് സ്മാർട്ഫോണുകൾക്ക് മുന്നിൽ മൈക്രോമാക്സ് കിതക്കുന്നു

micromax

ഇന്ത്യയിൽ നിന്നുള്ള പ്രമുഖ സ്മാർട്ട് ഫോൺ നിർമ്മാതാക്കളായ മൈക്രോമാക്സിന് ഇന്ന് വെല്ലുവിളികൾ ഏറെയാണ്. തീർത്തും മോശമെന്ന് വിശേഷിപ്പിക്കാവുന്ന അവസ്തയാണ് ഇന്ന് ഈ ഇന്ത്യൻ മൊബൈൽ ബ്രാന്റിന്റേത്. ആഗോള ഇലക്ട്രോണിക് ഭീമൻമാരായ സാംസങ്ങിനെപ്പോലും പിന്നിലാക്കി ഇന്ത്യയിലെ മികച്ച ഹാൻഡ് സെറ്റ് ബ്രാന്റ് എന്ന നിലയിലേക്ക് പോലും എത്തിയ മൈക്രോമാക്സ് രാജ്യത്തെ മൊബൈൽ വിപണിയിലിപ്പോൾ കിതച്ച് നീങ്ങുകയാണ്.

മൊബൈൽ നിർമ്മാണത്തിലെ പ്രാദേശിക വാദത്തിലൂടെ മികച്ച കുതിപ്പിന് തുടക്കമിട്ട കമ്പനിയുടെ മാർക്കറ്റ് ഷെയറുകൾ ഇടിയുകയും മുൻനിര സാങ്കേതിക വിദഗ്ധരും, മറ്റ് പ്രധാന ചുമതല വഹിച്ചിരുന്ന മുതിർന്ന ജീവനക്കാരും കമ്പനി വിട്ടു പോയതോടെ നില തെറ്റിയ മൈക്രോമാക്സ് ഇന്ത്യൻ വിപണിയെ കൈവിട്ട് വിദേശ മാർക്കറ്റുകളെ പുൽകാനുള്ള തയാറെടുപ്പിലാണ്.

ഏറെ മത്സരം നിറഞ്ഞ ഇന്ത്യൻ സ്മാർട്ട് ഫോൺ വിപണിയിൽ കുറഞ്ഞ കാലം കൊണ്ട് തന്നെ ശ്രദ്ധാ കേന്ദ്രമാകാൻ കഴിഞ്ഞ മൈക്രോമാക്സിന് ചൈനീസ് കമ്പനി ഫോണുകളുടെ കുത്തൊഴുക്കാണ് ഭീഷണിയായത്. സാംസങ് പോലുള്ള പ്രമുഖ നിർമ്മാതാക്കൾ പോലും വിലകുറഞ്ഞ സ്മാർട് ഫോണുകൾ പുറത്തിറക്കാൻ നിർബന്ധിതമായ ഈ സാഹചര്യത്തിൽ മൈക്രോമാക്സിന് പിടിച്ചു നിൽക്കാൻ കഴിയാത്തതിൽ അതിശയോക്തിയില്ല.

രണ്ടായിരമാണ്ടിൽ ന്യൂ ഡൽഹിയിൽ സ്ഥാപിതമായ മൈക്രോമാക്സ് 2008 മുതലാണ് ഇന്ത്യയിൽ മൊബൈൽ ഫോൺ വിൽപനയാരംഭിച്ചത്. ചൈനീസ് കമ്പനികളെയാശ്രയിച്ച് ഫോൺ നിർമ്മാണം നടത്തി വന്ന മൈക്രോമാക്സ് കഴിഞ്ഞ വർഷത്തിനുള്ളിൽ അൻപതോളം മോഡലുകൾ ഇന്ത്യൻ വിപണിയിലെത്തിച്ചു.

നിക്ഷേപകരുടെ അപ്രതീക്ഷിതമായ പിൻമാറ്റവും മുതിർന്ന ജീവനക്കാരുടെ രാജിയും ചേർന്നപ്പോൾ കമ്പനി കാറ്റിലും കോളിലും പെട്ട നൗകയുടെ അവസ്ഥയിലേക്ക് കൂപ്പ് കുത്തി. അതിനൊപ്പം മൈക്രോമാക്സിന് ഫോൺ നിർമ്മിച്ചു നൽകിയിരുന്ന കൂൾപാഡ് പോലുള്ള കമ്പനികൾ മികച്ച സ്പെസിഫിക്കേഷനോട് കൂടിയ വില കുറഞ്ഞ സ്മാർട് ഫോണുകൾ ഇന്ത്യയിലെത്തിച്ചത് കമ്പനിക്ക് ഇരുട്ടടിയായി.

മൈക്രോമാക്സിനൊപ്പം മറ്റ് ഇന്ത്യൻ ബ്രാൻറുകളായ ലാവ, കാർബൺ, ഇന്റക്സ് എന്നിവയുടെ മാർക്കറ്റ് ഷെയറുകൾക്കും ക്ഷീണം തട്ടി. ആമസോൺ, ഫ്ലിപ്പ്കാർട്ട് എന്നീ ഇ-കൊമേഴ്സ് കമ്പനികളുമായി കൈകോർത്ത് ചൈനീസ് ബ്രാന്റുകളായ ലീക്കോ, ലെനോവ എന്നിവ ഇന്ത്യയിൽ സജീവമായതോടെ ഇന്ത്യ വിടാനുള്ള മൈക്രോമാക്സ് തീരുമാനത്തിന് ആക്കം കൂടി.

Micromax-Bolt-Q3381

ടെലിവിഷൻ, ടാബ്ലറ്റുകൾ എന്നിവയുടെ നിർമ്മാണത്തിൽ കൂടി ശ്രദ്ധ ചെലുത്തിക്കൊണ്ട് റഷ്യ ഉൾപ്പടെയുള്ള വിദേശ വിപണികൾ ലക്ഷ്യമിട്ട് മൈക്രോമാക്സ് മെനയുന്ന പുത്തൻ തന്ത്രങ്ങൾ വൈവിധ്യമാർന്ന ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ ലോക വിപണിയിൽ ഇന്ത്യൻ ബ്രാന്റ് നാമം എഴുതിച്ചേർക്കാൻ കാരണമാകട്ടെയെന്ന് നമുക്ക് ആശിക്കാം; അതിനായി കാത്തിരിക്കാം.

Your Rating: