ഒറിജിനൽ ചന്ദ്രനുമായി ഒരു ബന്ധവുമില്ലെങ്കിലും ഈയിടെ ലോകശ്രദ്ധ നേടിയ വാർത്തയാണു ചൈനയുടെ ‘കൃത്രിമ ചന്ദ്രൻ’ പദ്ധതി. ചൈനയിലെ ജ്യോതിശാസ്ത്ര ഗവേഷകനായ വൂ ചുൻഫെങ്ങിന്റെ നേതൃത്വത്തിലുള്ള സംഘമാണു പദ്ധതിയുടെ നേതൃത്വം വഹിക്കുന്നത്.
സംഭവം ഇതാണ്. ഒരു കൃത്രിമ ഉപഗ്രഹത്തെ 300 മൈൽ ഉയരത്തിലുള്ള ലോവർ എർത് ഭ്രമണപഥത്തിൽ സ്ഥാപിക്കും. സൂര്യനിൽ നിന്നുള്ള പ്രകാശം ഭൂമിയിലേക്ക് ഈ ഉപഗ്രഹം പ്രതിഫലിപ്പിക്കും, യഥാർഥ ചന്ദ്രൻ ചെയ്യുന്നതു പോലെ. നഗരങ്ങൾ പ്രകാശമാനമാക്കാനുള്ള വൈദ്യുതച്ചെലവു വലിയ തോതിൽ കുറയ്ക്കാനാകും. 20 ചതുരശ്ര മൈൽ പ്രദേശത്ത് പ്രകാശം പ്രതിഫലിപ്പിക്കാൻ ഒരു ഉപഗ്രഹത്തിനു കഴിയും. ഇത്തരത്തിൽ കുറേയേറെ ഡ്യൂപ്ലിക്കറ്റ് ചന്ദ്രൻമാരെ ഉപയോഗിച്ച് 4000 ചതുരശ്ര മൈൽ പ്രകാശമാനമാക്കാൻ കഴിയുമെന്ന് ചൈനീസ് ഗവേഷകസംഘം കണക്കുകൂട്ടുന്നു.
എന്നാൽ ഇതു നടക്കാൻ സാധ്യത തീരെയില്ലെന്നാണു പ്രശസ്ത എയ്റോസ്പേസ് വിദഗ്ധരായ റ്യാൻ റസലിനെപ്പോലുള്ളവർ പറയുന്നത്. ഒരു പ്രത്യേക സ്ഥലത്തിനു മുകളിൽ ലോവർ എർത് ഓർബിറ്റിലുള്ള ഉപഗ്രഹത്തെ ഉറപ്പിച്ചു നിർത്താനാകില്ല എന്നതു തന്നെ പ്രധാനകാരണം. ഭൂസ്ഥിര ഭ്രമണപഥത്തിലുള്ള ഉപഗ്രഹങ്ങൾ ഒരു സ്ഥലത്തു സ്ഥിരമായി സ്ഥിതി ചെയ്യുന്നതായി അനുഭവപ്പെടാറുണ്ട്. എന്നാൽ അതു ഉയരത്തിലുള്ള ഭ്രമണപഥമാണ്. അവിടെ കൃത്രിമ ചന്ദ്രനെ വിക്ഷേപിച്ചാൽ അതിന്റെ പ്രകാശം ഉപയോഗപ്രദമാകില്ല.
പിന്നീടുള്ള ഒരു മാർഗം ഇടയ്ക്കിടയ്ക്ക് റോക്കറ്റ് ത്രസ്റ്റുകൾ കൊടുത്ത് ഉപഗ്രഹത്തെ ലോവർ എർത്ത് ഓര്‍ബിറ്റിൽ സ്ഥാനത്തു നിലനിർത്തുക എന്നതാണ്. എന്നാൽ ഇതിനു വേണ്ടിവരുന്ന ചെലവ്, വൈദ്യുതിയുടെ ചെലവിനെക്കാൾ ഭീമമായിരിക്കും. പ്രായോഗികസാധ്യത ഇല്ലാത്ത ഗവേഷണമാണു ചൈനയുടെ കൃത്രിമചന്ദ്രൻ എന്നു വിദഗ്ധർ അഭിപ്രായപ്പെടുന്നു.