പറക്കും തളികയിൽ വന്നിറങ്ങുന്ന അതിഥികൾ അന്യഗ്രഹ ജീവികളോ?

അന്യഗ്രഹ ജീവൻ.....ഇത്രത്തോളം മനുഷ്യരാശിയെ തരിപ്പിച്ച മറ്റൊരു സങ്കൽപമുണ്ടാകില്ല, എന്നാൽ മനുഷ്യരാശിയുടെ ഇതുവരെയുള്ള ചരിത്രത്തിൽ അന്യഗ്രഹജീവനെ സംബന്ധിച്ച് ആധികാരികമായ തെളിവുകൾ ഉണ്ടായിട്ടില്ല. പ്രപഞ്ചത്തിൽ നമ്മൾ മാത്രമേയുള്ളെന്ന് വിശ്വസിക്കുന്നവരുണ്ട്. നമ്മെക്കാൾ അവികസിതരായ അന്യഗ്രഹജീവികൾ മറഞ്ഞിരിക്കുന്നെന്നു വിശ്വസിക്കുന്നവരുണ്ട്. മനുഷ്യരേക്കാള്‍ ഉന്നതരീതിയിൽ വികസിച്ച അന്യഗ്രഹജീവികൾ പലയിടങ്ങളിലുമുണ്ടെന്നും ഇവർ നമ്മെ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടെന്നും കരുതുന്നവരുണ്ട്.

ചിലരുടെ വിശ്വാസപ്രകാരം, അന്യഗ്രഹജീവികൾ ഭൂമി സന്ദർശിക്കുക പോലും ചെയ്യുന്നുണ്ട്. ഗവൺമെന്റുകൾ ഇതറിയുന്നെങ്കിലും കാര്യം പുറത്തുവിടുന്നില്ല!

ഇത്രത്തോളം നിഗൂഢസിദ്ധാന്തങ്ങൾ വേറൊരു സങ്കൽപത്തിനും ഉണ്ടായിക്കാണില്ല. ഏതായാലും കഴിഞ്ഞ കുറേ നാളുകളിലെ ചില സംഭവവികാസങ്ങൾ വീണ്ടും അന്യഗ്രഹജീവനെക്കുറിച്ചുള്ള ചർച്ചകൾ വലിയ രീതിയിൽ ഉയർത്തിവിട്ടു.

ക്ഷണിക്കാതെ വന്ന അതിഥി     

ഛിന്നഗ്രഹങ്ങളും വാൽനക്ഷത്രങ്ങളും വമ്പൻ പാറക്കഷ്ണങ്ങളുമെല്ലാം ഇടയ്ക്കിടെ സൗരയൂഥത്തിലൂടെ യാത്ര നടത്താറുണ്ട്. എന്നാൽ കഴിഞ്ഞവർഷം ഒക്ടോബറിൽ ഹവായിയിലെ ഹാലികല ഒബ്സർവേറ്ററിയിൽ ജ്യോതിശ്ശാസ്ത്രഗവേഷകനായ റോബർട്ട് വെറിക് കണ്ടെത്തിയ പാറക്കഷണത്തിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. സൗരയൂഥത്തിനു പുറത്തു നിന്നു വന്നതായിരുന്നു 400 മീറ്റർ നീളവും 40 മീറ്റർ വീതിയുമുള്ള ഈ പാറക്കഷണം. ഇന്റ്‍ർസ്റ്റെല്ലാർ എന്ന പുതിയ വിഭാഗത്തിനു കീഴിൽ ഗണിക്കപ്പെട്ട ആ അതിഥിക്കു ശാസ്ത്രലോകം പേരുമിട്ടു.. ഔമുവാമുവ (OUMUAMUA). വിദൂരലോകത്തു നിന്നു ദൂതുമായി എത്തിയ അതിഥി– ഹവായിയൻ ഭാഷയിൽ  ഇതാണു പേരിന്റെ അർഥം. 

എന്നാൽ കേവലം ഒരു പാറക്കഷണം എന്നതിനപ്പുറം അന്യഗ്രഹജീവൻ സംബന്ധിച്ച ഒട്ടേറെ ചർച്ചകളും ഔമുവാമുവയുടെ വരവോടെ തുടങ്ങി. ഔമുവാമുവ ദൃശ്യമായി മാസങ്ങൾക്കു ശേഷം ഈ നവംബറിൽ ഹാർവഡ് ജ്യോതിശാസ്ത്രവിഭാഗം മേധാവി ആവി ലീബാണു വിവാദത്തിനു വെടിപൊട്ടിച്ചത്. ഔമുവാമുവ വെറുമൊരു പാറക്കഷണമല്ലെന്നും മറിച്ച് അതൊരു ബഹിരാകാശ പേടകമോ, പേടകഭാഗമോ ആയിരിക്കാന്‍ സാധ്യതയുണ്ടെന്നും ലീബ് പ്രസ്താവിച്ചു. സ്വാഭാവികമായ പാറക്കഷണങ്ങളെക്കാൾ കൂടിയ വേഗം ഉള്ളതാണ് ഇതിനു കാരണമായി ലീബ് പറഞ്ഞത്. സൂര്യന്റെ ആകർഷണത്തിനപ്പുറം മറ്റേതോ ഊർജസംവിധാനം ഇതിലുള്ളതാകാം കാരണം.

പ്രകാശം കൊണ്ടോ അല്ലെങ്കിൽ മറ്റെന്തെങ്കിലും തരത്തിലുള്ള വികിരണങ്ങൾ കൊണ്ടോ പ്രവർത്തിക്കുന്ന ‘ലൈറ്റ് സെയിൽ’ വിഭാഗത്തിലുള്ള ബഹിരാകാശപേടകമാകാം ഔമുവാമുവയെന്നായിരുന്നു ലീബ് മുന്നോട്ടുവച്ച സാധ്യത. ആൽഫാ സെഞ്ചുറി എന്ന നക്ഷത്രത്തിലേക്ക് ഇത്തരത്തിലുള്ള ലൈറ്റ് സെയിലുകൾ ലീബിന്റെ നേതൃത്വത്തിലുള്ള സംഘം തയാറാക്കുന്നുണ്ട്. ഇതു പോലെ മറ്റുള്ള ഗ്രഹങ്ങളിലുള്ളവർ ചെയ്തതാകാമെന്നാണ് ലീബിന്റെ വിലയിരുത്തൽ‌. മറ്റു ഗ്രഹങ്ങളിലെയും നക്ഷത്രസംവിധാനങ്ങളിലെയും ജീവസാധ്യത നിരീക്ഷിക്കാനുള്ള ചാരപേടകമാകാം ഔമുവാമുവ.

ലീബിന്റെ വാദം രാജ്യാന്തരതലത്തിൽ പൊതുചർച്ചകൾക്കു വിത്തിട്ടെങ്കിലും അദ്ദേഹത്തെ എതിർത്തു പല ശാസ്ത്രജ്ഞരും രംഗത്തുവന്നു. കഴമ്പില്ലാത്ത വാദമാണെന്നായിരുന്നു അവരുടെ അഭിപ്രായം. ഔമുവാമുവയെ കണ്ടെത്തിയ  റോബർട്ട് വെറിക് ഉൾപ്പെടെയുള്ളവർ ഇക്കൂട്ടത്തിലുണ്ട്. ദീർഘനാളായി നിരീക്ഷിച്ച ശാസ്ത്രജ്ഞര്‍, അതിൽ നിന്ന് ആശയവിനിമയം ഒന്നും നടക്കുന്നതായി കണ്ടെത്തിയിട്ടില്ല. കൂടാതെ പ്രത്യേകതയായി പറയുന്ന ഉയർന്ന വേഗവും മറ്റും ഇതിന്റെ ഘടനാപരമായ പ്രത്യേകതകൾ മൂലവുമാകാം.

പല അച്ചുതണ്ടുകളിൽ കറങ്ങി മുന്നോട്ടു പോകുന്ന രീതിയിലായിരുന്നുഔമുവാമുവയുടെ സഞ്ചാരം. കൃത്യമായ രൂപം എങ്ങനെയെന്ന് ആർക്കും തിട്ടമില്ല. ഒരു സിഗാറിന്റെ രൂപമാണെന്നാണു പൊതുവേ കരുതപ്പെടുന്നത്.സെക്കൻഡിൽ 87.3 കിലോമീറ്റർ വേഗത്തിൽ സഞ്ചരിച്ച ഔമുവാമുവ എവിടുന്നു വന്നു എന്നതു സംബന്ധിച്ച് ഇന്നും വ്യക്തതയില്ല. ആയിരക്കണക്കിനു വർഷങ്ങള്‍‌ മുന്നേ യാത്ര പുറപ്പെട്ടതാകാം. എത്തിയ സ്ഥാനം പരിഗണിക്കുമ്പോൾ ലൈറ എന്ന നക്ഷത്രസമൂഹത്തിലാകാം ഔമുവാമുവയുടെ ജനനം എന്നും ചിലർ അനുമാനിക്കുന്നു. ആദ്യം കണ്ടെത്തിയപ്പോൾ ഔമുവാമുവ ഒരു വാൽനക്ഷത്രമാണെന്നാണു കരുതപ്പെട്ടത്. എന്നാൽ വാൽനക്ഷത്രങ്ങള്‍ പൊടിയും വാതകങ്ങളും പുറത്തുവിട്ടാണു വരുന്നത്. 

ഔമുവാമുവയ്ക്ക് ഈ പ്രത്യേകത ഇല്ലായിരുന്നു. തുടർന്നു ഛിന്നഗ്രഹമെന്നു വിലയിരുത്തിയെങ്കിലും ഒടുവിൽ ഇന്റർസ്റ്റെല്ലർ എന്ന പ്രത്യേകഗണത്തിൽ പെടുത്തുകയായിരുന്നു. ശരിക്കും എന്താണ് ഔമുവാമുവ?... ഒരു ചാരപേടകമല്ലെന്ന അനുമാനത്തിൽ ശാസ്ത്രലോകം ഏതാണ്ട് എത്തിച്ചേർന്നിട്ടുണ്ട്. എങ്കിലും നിഗൂഢതയുടെ പുകമറ മാറുന്നില്ല.

അന്യഗ്രഹജീവികള്‍ക്ക് ഒരു ക്ഷണക്കത്ത്

നിലവിൽ സേറ്റി സാങ്കേതികവിദ്യയിൽ അന്യഗ്രഹജീവികളെ ആകർഷിക്കാനായി ഉപയോഗിക്കുന്നത് റേഡിയോ തരംഗങ്ങളാണ്. പ്രകാശവർഷങ്ങള്‍ക്കപ്പുറത്തേക്കു പോകുന്ന ഈ തരംഗങ്ങൾ അന്യഗ്രഹജീവികളുടെ ആന്റിനയിൽ ചെന്നെത്തുമെന്നും അതുവഴി അവരെ ക്ഷണിച്ചുവരുത്താമെന്നും ശാസ്ത്രജ്ഞർ കണക്കുകൂട്ടുന്നു. എന്നാൽ ഇതൊന്നും പോരെന്നാണു മസാച്യുസിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി(MIT)യിലെ ഗവേഷകസംഘം പറയുന്നത്. അന്യഗ്രഹജീവികളെ ആകർഷിക്കാനുള്ള എളുപ്പവഴി ശക്തമായ ലേസർ ലൈറ്റുകളാണെന്നാണ് ഇവർ അസ്ട്രോഫിസിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നത്.ഈ ഫോക്കസ് 10 മീറ്റർ വ്യാസമുള്ള ആന്റിനയിൽ ഫോക്കസ് ചെയ്ത് ആകാശത്തേക്ക് അയയ്ക്കുകയാണ് ഇവർ മുന്നോട്ടുവയ്ക്കുന്ന ആശയം.

സേറ്റി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഇവി സ്കോപ്

സാങ്കേതികമായി വികസിച്ച അന്യഗ്രഹജീവികളെ തിരയുന്നവരില്‍ പ്രമുഖ ഇൻസ്റ്റിറ്റ്യൂട്ടായ സേറ്റി ഇൻസ്റ്റിറ്റ്യൂട്ട് പുത്തൻ സാങ്കേതികവിദ്യകളുമായി രംഗത്തെത്തിയിട്ടുണ്ട്. യൂണിസ്റ്റെല്ലാർ എന്ന കമ്പനിയുമായി സഹകരിച്ച് ഇവി സ്കോപ് എന്ന പ്രത്യേകതരം ടെലിസ്കോപ് സ്ഥാപിക്കുകയാണ് ഇവർ. വളരെ ഷാർപ്പായ ചിത്രങ്ങൾ എടുക്കാൻ ഇതുവഴി സാധിക്കും. മാത്രമല്ല, ഒട്ടേറെ സാധാരണക്കാർക്ക് ഇന്റർനെറ്റ് വഴി ഇതിന്റെ സേവനം ഉപയോഗിക്കാനും സാധിക്കും.

ചൊവ്വയിലെ ഫോസിൽ,  അതോ പാറയോ...

ഔമുവാമുവ ഉയർത്തിവിട്ട വിവാദങ്ങൾ ഒന്നടങ്ങിയ സമയത്താണു അന്യഗ്രഹജീവന്റെ ആരാധകരുടെ ഏറ്റവും ഇഷ്ടസ്ഥലമായ ചൊവ്വയിൽനിന്നു പുതിയ വാർത്ത. കടലൊച്ചിനോടു സാമ്യമുള്ള ജീവിയുടെ ഫോസിലുകൾ നാസ പകർത്തിയ ചിത്രങ്ങളിൽ നിന്നു ലഭിച്ചെന്നാണു നിഗൂഢസിദ്ധാന്തക്കാരുടെ വെബ്സൈറ്റായ ‘യുഎഫ്ഒ സൈറ്റിങ്സ് ഡെയിലി’ പുറത്തു വിട്ട വാർത്ത. ഉപഗ്രഹചിത്രത്തിൽ ഫോസിൽ അടയാളപ്പെടുത്തിയ ഭാഗവും കാണിച്ചിട്ടുണ്ട്. ദിവസങ്ങൾക്കു ശേഷം ആമയോട് സാമ്യമുള്ള മറ്റൊരു ഫോസിൽ കണ്ടെത്തിയെന്ന വിവരവും ഇവർ പുറത്തുവിട്ടു.

എന്നാൽ ഇവയൊക്കെ ഫോസിലുകളാണോ അതോ പാറക്കഷണങ്ങൾ തന്നെയാണോ എന്ന കാര്യത്തിൽ സംശയം നിലനിൽ‌ക്കുന്നു.

തയാറാക്കിയത്:  അശ്വിൻ നായർ