അന്യഗ്രഹത്തിലെ ജീവൻ സംബന്ധിച്ചുള്ള ചർച്ചകളിൽ ആദ്യം ഉയരുന്ന പേരാണു സേറ്റി (സേർച് ഫോർ എക്സ്ട്രാ ടെറസ്ട്രിയൽ ഇന്റലിജൻസ് SETI). ഭൂമിക്കു വെളിയിൽ സാങ്കേതികമായി വികസിച്ച ഏതെങ്കിലും ജീവിവർഗം ഉണ്ടോയെന്നാണു സേറ്റി അന്വേഷിക്കുന്നത്. ഭൂമിയുടെ വെളിയിൽ ഏതെങ്കിലും തരത്തിൽ ജീവനുണ്ടോയെന്ന് അന്വേഷിക്കുന്ന മേഖല അസ്ട്രോബയോളജിയും.
ഇവ തമ്മിൽ വ്യത്യാസമുണ്ട്. അസ്ട്രോബയോളജി പഠിക്കുന്നത് ഭൂമിക്കു പുറത്തു ജീവിക്കാൻ കഴിയുന്ന സൂക്ഷ്മകോശജീവികളുടെ പ്രത്യേകതകൾ, ഉൽക്കകളിലും ഛിന്നഗ്രഹങ്ങളിലുമൊക്കെ ജീവനുണ്ടാകാനുള്ള സാധ്യതകൾ എന്നിവയാണ്. എന്നാൽ സേറ്റി നോക്കുന്നത് ഭൂമിക്കു വെളിയിൽനിന്നു വരുന്ന സന്ദേശങ്ങൾ, തരംഗങ്ങൾ തുടങ്ങിയവയാണ്.
റേഡിയോതരംഗങ്ങൾ മനുഷ്യർ ഉപയോഗിക്കാൻ തുടങ്ങിയതാണു സേറ്റിയുടെ വികാസത്തിലേക്കു നയിച്ചത്. ആന്റിനകളിൽനിന്ന് അന്നയച്ച റേഡിയോതരംഗങ്ങൾ പലതും ബഹിരാകാശത്തേക്കു പോയിട്ടുണ്ട്. 100 വർഷം മുൻപ് അയച്ച അത്തരമൊരു സിഗ്‌നൽ ഇന്നു 100 പ്രകാശവർഷം താണ്ടിയിട്ടുണ്ടാകണം.ഇവിടങ്ങളിലെവിടെയെങ്കിലും വാസയോഗ്യമായ ഇടങ്ങളുണ്ടെങ്കിൽ, അവിടെ സാങ്കേതികമായി വികസിച്ച ജീവിവർഗങ്ങളുണ്ടെങ്കിൽ അവർക്കിതു പിടിച്ചെടുക്കാൻ സാധിക്കും. നമ്മൾ ഇവിടെയുണ്ടെന്നു മനസ്സിലാക്കാനും സാധിക്കും.ഇതു പോലെ തന്നെ തിരിച്ചും സംഭവിച്ചിട്ടുണ്ടെങ്കിൽ അതു മനസ്സിലാക്കാനുള്ള സാങ്കേതികവിദ്യയാണു സേറ്റി.
ഒട്ടേറെ സ്ഥാപനങ്ങൾ സേറ്റി അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നുണ്ട്. ബെർക്‌ലി സേറ്റി റിസർച് സെന്റർ ഇതിൽ പ്രധാനം, ഇവർക്ക് ഈയിടെ ശതകോടീശ്വരനായ യൂറി മിൽനറിൽനിന്നു കനത്ത സാമ്പത്തികസഹായം ലഭിച്ചതു വാർത്തയായിരുന്നു. യുഎസിൽ തന്നെയുള്ള സേറ്റി ഇൻസ്റ്റിറ്റ്യൂട്ട് എന്ന സ്ഥാപനവും പ്രശസ്തം. അലൻ ടെലിസ്കോപിക് അറേ തുടങ്ങിയ ടെലിസ്കോപുകൾ കണ്ടുപിടിച്ചത് ഇവരാണ്.
എന്നാൽ മറ്റുള്ള മേഖലകളുമായി തട്ടിച്ചുനോക്കുമ്പോൾ സേറ്റി സാങ്കേതികവിദ്യയ്ക്ക് സൈദ്ധാന്തികമായ സമ്പന്നത കുറവാണെന്നു കാണാം. പ്രപഞ്ചത്തിൽ ഏതു ഗ്രഹങ്ങളിലെല്ലാം ജീവനുണ്ടെന്നോ അവിടെ ജീവിവർഗങ്ങളുടെ സവിശേഷത എന്താണെന്നോ സിദ്ധാന്തരൂപത്തിൽ അവതരിപ്പിക്കുക പാടായതാണു കാരണം.
സേറ്റിക്ക് ഒരു സിദ്ധാന്തം ആവിഷ്കരിക്കാനുള്ള ശ്രമങ്ങളിൽ ഏറ്റവും പ്രശസ്തം 1961ൽ ഫ്രാങ്ക് ഡ്രേക്ക് ആവിഷ്കരിച്ച ‘ഡ്രേക്ക് ഇക്വേഷനാ’യിരിക്കും. 7 മാനദണ്ഡങ്ങളിൽ അടിസ്ഥാനപ്പെടുത്തി പ്രപഞ്ചത്തിലെ വിവിധയിടങ്ങളിലെ ജീവസാധ്യത നിർണയിക്കാനുള്ള ശ്രമമാണ് ഈ സമവാക്യം. എന്നാൽ ഇവയ്ക്കൊന്നും തന്നെ പൂർണത ഉറപ്പുവരുത്താൻ സാധ്യമല്ല.