Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പത്മനാഭസ്വാമി ക്ഷേത്രത്തേക്കാളും നിധിശേഖരം; കാവലിന് ‘രഹസ്യസൈന്യം’, വിഷംചീറ്റുന്ന പാമ്പുകൾ...

genghis-khan-army

മംഗോൾ സാമ്രാജ്യത്തിന്റെ സ്ഥാപകനായ ജെങ്കിസ്ഖാൻ ചക്രവർത്തിക്ക് പാശ്ചാത്യർ ചാർത്തി നൽകിയ ഒരു പട്ടമുണ്ട്– കൺകെട്ടു വിദ്യയിൽ അഗ്രഗണ്യനാണെന്ന്. എന്നാൽ അദ്ദേഹത്തിന്റെ യുദ്ധതന്ത്രങ്ങളിൽ പകച്ചു പോയ ശത്രുരാജ്യങ്ങൾക്ക് തോന്നിയ കാര്യമാണ് കൺകെട്ടുവിദ്യയെന്ന പേരിൽ നിസ്സാരവത്കരിച്ച് പ്രചരിപ്പിക്കപ്പെട്ടത്. വൻ രാജ്യങ്ങൾക്കു നേരെ തന്റെ അശ്വസേനയും കാലാൾപ്പടയുമായെത്തുന്ന ജെങ്കിസ്ഖാൻ അതിർത്തിയിലെത്തിയ ശേഷം പേടിച്ച് പിൻവാങ്ങിയെന്ന തോന്നലുണ്ടാക്കാൻ മിടുക്കനായിരുന്നു. കൂടാതെ സ്വന്തം ഭാര്യയെപ്പോലും ചാരപ്രവർത്തനത്തിന് ഉപയോഗിച്ച ചരിത്രവും. അങ്ങനെ ശത്രുവിന്റെ രഹസ്യങ്ങളും ശക്തിയും ദൗർബല്യവുമെല്ലാം കൃത്യമായി മനസിലാക്കിയിട്ടായിരുന്നു ഒട്ടും പ്രതീക്ഷിക്കാതിരിക്കുന്ന സമയത്തുള്ള അദ്ദേഹത്തിന്റെ ആക്രമണം. എവിടെ നിന്നെന്നു പോലും അറിയാതെ മംഗോളിയൻ സൈന്യം ഇരച്ചു കയറിയപ്പോൾ ശത്രുക്കൾ കരുതിയത് ജെങ്കിസ്ഖാന്റെ മാന്ത്രികവിദ്യയാൽ അദൃശ്യരായാണ് അവർ കടന്നുകയറിയതെന്നാണ്!

1162ൽ ജനിച്ച് തന്റെ അറുപത്തിയഞ്ചാം വയസ്സിൽ മരിക്കുന്നതു വരെ പ്രധാന ശക്തികളായ രാജ്യങ്ങളെയെല്ലാം വിറപ്പിച്ച് തന്റെ വരുതിക്കുള്ളിലാക്കി ജെങ്കിസ് ഖാൻ. മധ്യേഷ്യയുടെയും ചൈനയുടെയും ഭൂരിഭാഗവും കീഴടക്കിയ ജെങ്കിസ്ഖാന്റെ സൈന്യം ഇന്ത്യയിലും കൊള്ള ചെയ്യാനെത്തിയിട്ടുണ്ട്. പസഫിക് സമുദ്രത്തിനും കാസ്പിയൻ കടലിനുമിടയിലുള്ള പ്രദേശങ്ങളെല്ലാം ഈ മംഗോളിയൻ രാജാവിന്റെ കൈവശമായിരുന്നു. പക്ഷേ ചൈനയിലെ ‘ഷി ഷിയ’ രാജവംശത്തെ കീഴ്പ്പെടുത്താനുള്ള ശ്രമത്തിനിടെ 1227ൽ അദ്ദേഹം മരണമടഞ്ഞെന്നാണു കരുതുന്നത്. അതല്ല അദ്ദേഹം ഇല്ലാതാക്കിയ രാജ്യങ്ങളിലെ രാജ്ഞിമാരിലൊരാൾ  വിഷം കൊടുത്ത് ചതിയിൽ കൊലപ്പെടുത്തിയതാണെന്നും പറയുന്നു. യുദ്ധത്തിനിടെ കുതിരപ്പുറത്ത് നിന്നു വീണ് പരുക്കേറ്റ് മരിച്ചതാണെന്ന വാദമാണു പക്ഷേ മുൻപന്തിയിൽ. മരണശേഷം ഷി ഷിയയെ അദ്ദേഹത്തിന്റെ പിന്മുറക്കാർ കീഴ്പ്പെടുത്തിയെന്നു മാത്രമല്ല രക്തരൂക്ഷിതമായ പടയോട്ടം വർഷങ്ങളോളം തുടരുകയും ചെയ്തു.

മരണത്തിലും അവസാനിക്കാതെ

ജീവിച്ചിരിക്കുമ്പോൾ തന്റെ ചിത്രം വരയ്ക്കാനോ ശിൽപമുണ്ടാക്കാനോജെങ്കിസ് ഖാൻ സമ്മതിച്ചിട്ടില്ല. മരണശേഷമാണ് നാണയങ്ങളിൽ പോലും അദ്ദേഹത്തിന്റെ രൂപം കൊത്തിത്തുടങ്ങിയത്. മരണത്തിലും അവസാനിച്ചിരുന്നില്ല ആ വീരചക്രവർത്തിയുമായി ബന്ധപ്പെട്ടുള്ള രഹസ്യങ്ങൾ. ലോകത്ത് ഏറ്റവുമധികം വെട്ടിപ്പിടിക്കലുകൾ നടത്തിയ ജെങ്കിസ് ഖാന്റെ ശവകുടീരം എവിടെയാണെന്നത് കഴിഞ്ഞ എണ്ണൂറോളം വർഷങ്ങളായി അജ്ഞാതമാണ്. നിധിവേട്ടക്കാരും ആർക്കിയോളജിസ്റ്റുകളും ഉൾപ്പെടെ വർഷങ്ങളായി അതിനു വേണ്ടിയുള്ള ശ്രമങ്ങൾ നടത്തുന്നു. സാറ്റലൈറ്റ് ഇമേജ് ഉപയോഗിച്ച് വരെ അന്വേഷണം നടന്നു. പക്ഷേ വിലമതിക്കാനാകാത്തത്രയും നിധി ഒളിപ്പിച്ചു വച്ചിട്ടുണ്ടെന്നു കരുതുന്ന ആ ശവകുടീരം കണ്ടെത്താൽ മംഗോളിയക്കാർ തന്നെ സമ്മതിക്കില്ല. അജ്ഞാതമായൊരു ‘രഹസ്യ സൈന്യം’ അത് തടയാൻ വേണ്ടി നിലകൊള്ളുന്നതായി ഇന്നും പലരും വിശ്വസിക്കുന്നു‌. ജെങ്കിസ് ഖാന്റെ നിധി തേടിയുള്ള യാത്രയുമായി ബന്ധപ്പെട്ട കഥകൾ പരിശോധിച്ചാലും ആ സംശയം ബലപ്പെടും.

genghis-khan-tomb

ലോകത്തിലെ ഏറ്റവും അമൂല്യനിധി 

ലോകത്തു കണ്ടെടുത്തിയിട്ടുള്ള സ്വർണനിധികളെയെല്ലാം കവച്ചു വയ്‌ക്കുന്നതാവും ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധിയെന്നാണ് നിലവിൽ കരുതപ്പെടുന്നത്. അതിന്റെ മൂല്യം ഇന്നേവരെ തിട്ടപ്പെടിത്തിയിട്ടില്ല എന്നതു തന്നെ കാരണം. തിരുപ്പതി ക്ഷേത്രത്തിന്റെ മതിപ്പ് മൂല്യമനുസരിച്ചു 32,000 കോടിയോളം രൂപയുടെ സ്വർണമുണ്ടെന്നാണ് കണക്ക്. ഈജിപ്‌തിലെ തൂത്തൻഖാമൻ ഫറോവയുടെ പിരമിഡ് തുറന്നപ്പോൾ 2000 കിലോ സ്വർണമാണു കിട്ടിയത്. അതേസമയം നേരത്തേ മംഗോളിയയിലെ ഗുലാൻബത്തോറിൽ ഒരു രാജാവിന്റെ ശവകുടീരം തുറന്നപ്പോൾ 3000 കിലോ സ്വർണം കിട്ടിയിരുന്നു. ഇതാണ് ജെങ്കിസ് ഖാന്റെ ശവകുടീരത്തിലേക്ക് നിധിവേട്ടക്കാരെയും പാശ്ചാത്യരെയും ആകർഷിക്കുന്നത്. കാരണം അത്രയേറെ പ്രാധാന്യമില്ലാത്ത ഒരു രാജാവിന്റെ കുടീരത്തിൽ നിന്ന് 3000 കിലോ സ്വർണം കിട്ടിയെങ്കിൽ, കീഴ്പ്പെടുത്തിയ രാജ്യങ്ങളെല്ലാം കൊള്ളയടിച്ച് തനിക്കൊപ്പം കൂട്ടിയ ജെങ്കിസ്ഖാന്റെ കുടീരത്തിലെ അവസ്ഥ പറയേണ്ടതില്ലല്ലോ! 

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവയായതിനാൽ ചരിത്രപരമായ മതിപ്പുമൂല്യം കണക്കാക്കുമ്പോൾ തന്നെ കണ്ണഞ്ചിക്കുന്ന കോടികളുടെ കണക്കായിരിക്കും അതിനു പറയാനുണ്ടാവുകയെന്നത് ഉറപ്പ്. എന്നാൽ മരണശേഷം തന്റെ ‘ഉറക്ക’ത്തെ ആരും ശല്യപ്പെടുത്താൻ പാടില്ലെന്ന് ജെങ്കിസ് ഖാൻ ആവശ്യപ്പെട്ടതായി രേഖകളുണ്ട്. ഇതുൾപ്പെടെ മംഗോൾ രാജവംശത്തെപ്പറ്റിയുള്ള നിർണായക വിവരങ്ങൾ അടങ്ങിയ ഏകരേഖ ‘ദ് സീക്രട്ട് ഹിസ്റ്ററി ഓഫ് ദ് മംഗോൾസ് (124) എന്ന പുസ്തകമാണ്. കൂടാതെ 2004ൽ ജാപ്പനീസ്– മംഗോളിയൻ സംഘം ജെങ്കിസ് ഖാന്റെ കൊട്ടാരം കണ്ടെത്തിയപ്പോൾ അവിടെ നിന്നു ലഭിച്ച രേഖകളിൽ രാജകൊട്ടാരത്തിൽ നിന്ന് രാജാക്കന്മാരുടെ കുടീരങ്ങളിൽ അതിരാവിലെ പോയി ചെയ്യേണ്ട ചടങ്ങുകളെപ്പറ്റിയുള്ള വിവരങ്ങളുണ്ടായിരുന്നു. അതിൽ പോലും ജെങ്കിസ് ഖാന്റെ കുടീരത്തെപ്പറ്റി മാത്രം യാതൊരു വിവരവുമില്ല. 

ആയിരം പേരുടെ ചോരയിൽ...!

ജെങ്കിസ് ഖാന്റെ മൃതശരീരം ഒരു രഹസ്യകേന്ദ്രത്തിലേക്ക് ആയിരം ഭടന്മാരാണ് എത്തിച്ചതെന്ന് പറയപ്പെടുന്നു. മൃതദേഹം അടക്കം ചെയ്യാൻ പോകും വഴി കണ്ടവരെയെല്ലാം കൊന്നൊടുക്കിയെന്നാണ് കഥ. അടക്കം ചെയ്ത ശേഷമാകട്ടെ അവിടെ ആയിരത്തോളം കുതിരകളെ അഴിച്ചു വിടുകയും ‘ഉഴുതുമറിച്ച്’ ഒരടയാളവും ബാക്കിവയ്ക്കാതിരിക്കുകയും ചെയ്തു. എല്ലാം കഴിഞ്ഞ് മടങ്ങി വരും വഴി ശവസംസ്കാരത്തിനു നിന്ന 1000 സേനാംഗങ്ങളെയും കൊന്നൊടുക്കി. ആ കൂട്ടക്കൊലയ്ക്കു നേതൃത്വം നൽകിയവരെ പലയിടത്തേക്കായി പറഞ്ഞയച്ചു. ശവകുടീരത്തിനു മുകളിൽ ഒരു വനം തന്നെ വച്ചുപിടിപ്പിച്ചതായും അതല്ല നദികളിലൊന്ന് ഗതി മാറ്റി കുടീരത്തിനു മുകളിലൂടെ ഒഴുക്കിയതായും പലരും പറയുന്നുണ്ട്. 

ജെങ്കിസ് ഖാന്റെ മൃതദേഹം സംസ്കരിച്ചെന്നു ഭൂരിപക്ഷം പേരും വിശ്വസിക്കുന്ന ബർഖൻ ഖാൽദൂൺ പർവത നിരകൾ വിശുദ്ധ പർവതമായാണ് മംഗോളിയക്കാർ കാണുന്നത്. ഇവിടെ ഒരു ഭാഗത്തേക്ക് സ്ത്രീകൾക്ക് പ്രവേശനവുമില്ല. യുനെസ്കോ പൈതൃക പദവി നൽകി അംഗീകരിച്ച ഇടവുമാണ്. പക്ഷേ അന്വേഷണത്തിനു വിലങ്ങുതടിയാകും വിധം വിസ്തൃതിയിലാണ് പർവതനിരകളുള്ളത്. എന്നിട്ടും അമേരിക്കൻ ആർക്കിയോളജിസ്റ്റായ മൗറി ക്രാവിറ്റ്സ് 40 വർഷത്തോളം ജെങ്കിസ്ഖാന്റെ കുടീരത്തിനു വേണ്ടി ഇവിടെ പര്യവേക്ഷണം നടത്തി. പക്ഷേ ഒപ്പമുണ്ടായിരുന്നവർ കൊടുംവിഷമുള്ള ഒരു തരം അണലിയുടെ ദംശനമേറ്റ് മരിച്ചു തുടരെത്തുടരെ മരിച്ചു വീണു. സംഘത്തിന്റെ കാറുകൾ തനിയെ ഉരുണ്ട് താഴേക്ക് വീണു തകരുന്ന സംഭവങ്ങൾ കൂടിയായതോടെ കുടീരത്തെ ചുറ്റിപ്പറ്റി ജെങ്കിസ് ഖാന്റെ ശാപമുണ്ടെന്ന കഥകളും പരന്നു. എന്നിട്ടും 2012ൽ, എൺപതാം വയസ്സിൽ ഹൃദയാഘാതം കാരണം മരിക്കും വരെ ക്രാവിറ്റിസ് തന്റെ പര്യവേക്ഷണം തുടർന്നു. മംഗോളിയയുടെ പ്രധാനമന്ത്രി ഉൾപ്പെടെ ഈ ഗവേഷണത്തിനെതിരെ ഒരു ഘട്ടത്തിൽ തിരിഞ്ഞിരുന്നു. നാഷനൽ ജ്യോഗ്രഫിക്കിന്റെ ‘വാലി ഓഫ് ഖാൻസ്’ പ്രോജക്ട് പ്രകാരം സാറ്റലൈറ്റ് ഇമേജറി വഴിയും കുടീരത്തിനു വേണ്ടിയുള്ള അന്വേഷണം നടക്കുന്നുണ്ട്. റഡാറും തെർമൽ ഇമേജറിയുമെല്ലാം ഉപയോഗിച്ചുള്ള ഗവേഷണങ്ങളും ഇപ്പോള്‍ പർവത പ്രദേശത്ത് നടക്കുന്നുണ്ട്. 

ഞാൻ തിരിച്ചു വരും...

മരിക്കുമ്പോൾ ആത്മാവ് വിട്ടു പോകുമെന്നാണ് മംഗോളിയക്കാർ വിശ്വസിക്കുന്നത്. പക്ഷേ ബാക്കിയാകുന്ന എല്ലും മാംസവും നിറഞ്ഞ ശരീരത്തിലേക്ക് ദുഷ്ടശക്തികൾ കടന്നുകയറുമെന്നാണ് വിശ്വാസം. അതിനാൽത്തന്നെ മരിച്ചാൽപ്പോലും ശവശരീരങ്ങളിൽ തൊടരുതെന്ന് വിശ്വസിക്കുന്ന വിഭാഗക്കാരുമുണ്ട് മംഗോളിയയിൽ. അങ്ങനെ ചെയ്താൽ ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ ഏറ്റുവാങ്ങേണ്ടി വരും. ജെങ്കിസ്ഖാന്റെ ‘ഉറക്കത്തെ’ ശല്യം ചെയ്യരുതെന്ന് ജനങ്ങൾ വിശ്വസിക്കുന്നതും അതിനാലാണ്. അതേസമയം മംഗോളിയയിൽ മാത്രമല്ല ചൈന, റഷ്യ, കസാഖ്സ്ഥാൻ തുടങ്ങി ഏത് രാജ്യത്തും ജെങ്കിസ് ഖാന്റെ കുടീരമുണ്ടാകാമെന്നു വിശ്വസിക്കുന്നവരുമുണ്ട്. എന്നാൽ തന്റെ രാജ്യത്തിൽ തന്നെ അന്തിയുറങ്ങണമെന്നായിരുന്നു ജെങ്കിസ് ഖാന്റെ ആഗ്രഹമെന്നും ചരിത്രകാരന്മാർ പറയുന്നു. 

കുട്ടിക്കാലത്ത് പിതാവിനെ ശത്രുഗോത്രം വിഷം കൊടുത്ത് കൊലപ്പെടുത്തിയതിനെത്തുടർന്ന് ജെങ്കിസ് ഖാനും അമ്മയും സഹോദരങ്ങളും ഒളിച്ചു താമസിച്ചത് ബർഖൻ ഖാൽദൂണിലായിരുന്നു. ചിതറിക്കിടന്നിരുന്ന മംഗോളിയൻ ഗോത്രത്തെ ഒന്നിച്ചു ചേർത്ത് യുദ്ധത്തിനിറങ്ങിയപ്പോൾ അന്ന് ജെങ്കിസ് ഖാൻ വാക്കു കൊടുത്തതാണ് താൻ തിരിച്ച് ആ പർവതനിരകളിലേക്കു തന്നെ എത്തുമെന്ന്. ചരിത്രം രേഖപ്പെടുത്തിയ ഈ വാക്കുകളും ആർക്കിയോളജിസ്റ്റുകൾ അദ്ദേഹത്തിന്റെ കുടീരത്തിലേക്കുള്ള വഴിസൂചകമായി കാണുന്നു.

ആഴങ്ങളിൽ കാത്തിരിക്കുന്നത്...

മധ്യ മംഗോളിയയിൽ 2000 വർഷം മുൻപുണ്ടായിരുന്ന ‘ക്സയങ്നു’ രാജവംശത്തിന്റെ ശവകുടീരങ്ങളിൽ ജെങ്കിസ് ഖാന്റെ കുടീരത്തിലേക്കുള്ള വഴിയുടെ സൂചന ഒളിഞ്ഞിരിപ്പുണ്ടെന്ന ധാരണയിൽ 2001 മുതൽ പര്യവേക്ഷണം നടക്കുന്നുണ്ട്. മംഗോളിയന്മാരുടെ പൂർവികരാണ് ക്‌സയ്ങ്നുക്കൾ. ഇക്കാര്യം ജെങ്കിസ് ഖാൻ തന്നെ പ്രജകളോട് പറഞ്ഞിട്ടുള്ളതായി രേഖകളിലുണ്ട്. അവരുടെ പല ആചാരങ്ങളും അദ്ദേഹം പിന്തുടര്‍ന്നു. അതിനാൽത്തന്നെ ഈ  രാജാക്കന്മാരുടെ ശവകുടീരങ്ങളുടെ അതേ മാതൃകയിലായിരിക്കും ജെങ്കിസ് ഖാന്റെ കുടീരമെന്ന നിഗമനത്തിലാണ് ഗവേഷണം. മരപ്പേടകത്തിലാക്കി 20 മീറ്ററെങ്കിലും ആഴമുള്ള കുഴിയിലാണ് ക്‌സയ്ങ്നു രാജാക്കന്മാരെ അടക്കിയിരുന്നത്. ഇതിനു മുകളിൽ കല്ലു കൊണ്ട് ചതുരാകൃതിയിൽ ഒരടയാളവും വയ്ക്കും. കാലക്രമേണ കൊള്ളക്കാർ ഈ ‘ചതുരസ്മാരകം’ കണ്ടെത്തി മോഷണം നടത്തിയിരുന്നു.

എന്നിട്ടും ഒരിക്കൽ ആർക്കിയോളജിസ്റ്റുകൾക്ക്  ഒരു കുടീരത്തിൽ നിന്നു ലഭിച്ചത് ചൈന, റോം തുടങ്ങിയയിടങ്ങളിൽ നിന്നുള്ള വിലയേറിയ വസ്തുക്കളായിരുന്നു! കുതിരകളെയും രാജാക്കന്മാർക്കൊപ്പം അടക്കിയിരുന്നു. യുണികോണും പുലിയുമായിരുന്നു ക്‌സയ്ങ്നു വംശത്തിന്റെ രാജകീയ അടയാളങ്ങൾ. അതു തന്നെയാണ് ജെങ്കിസ് ഖാനും ഉപയോഗിച്ചിരുന്നത്. ആ അടയാളങ്ങൾ തേടിയും ഗവേഷണം ശക്തമാണ്. ശവസംസ്കാരത്തിൽ  കുതിരകളെ കുഴിച്ചിട്ടിട്ടുള്ള കുടീരം കണ്ടെത്തിയാലും ഉറപ്പിക്കാം ഖാൻ വംശത്തിന്റെയാണെന്ന്. ജെങ്കിസ് ഖാൻ സ്വന്തമാക്കിയ കോടികളുടെ സ്വത്തിന്റെ ഒരു ഭാഗമെങ്കിലും ശവകുടീരത്തിൽ ചേർത്താൽ തന്നെ വിലമതിയ്ക്കാനാകാത്തതായിരിക്കുമെന്നതും ഉറപ്പ്. 

war

നാസികളും ലോകനാശവും...

ശവകുടീരത്തിന്റെ ഈ രഹസ്യസ്വഭാവം കാരണം കൊണ്ടുതന്നെ മറ്റൊരു കഥയും പ്രചാരത്തിലുണ്ട്. ജെങ്കിസ് ഖാന്റെ കുടീരം തുറന്നാൽ ലോകം നശിക്കുമെന്നതായിരുന്നു അത്. ഇതിനോടൊപ്പം ഒരു യഥാർഥ സംഭവം കൂടി പലരും പറയുന്നു. പതിനാലാം നൂറ്റാണ്ടിലെ മംഗോളിയൻ രാജാവായിരുന്ന താമർലെയ്ന്റെ കുടീരം 1941ൽ സോവിയറ്റ് ആർക്കിയോളജിസ്റ്റുകൾ പൊളിച്ചുമാറ്റി. തൊട്ടുപുറകെയാണ് നാസികൾ സോവിയറ്റ് യൂണിയനെ ആക്രമിച്ചത്. രണ്ടാം ലോകമഹായുദ്ധത്തിലെ ഏറ്റവും വലിയ ൈസനീക വിന്യാസം നടത്തിയാണ്  ജൂൺ 22ന് നാസികൾ ‘ഓപറേഷൻ ബാർബറോസ’യിലൂടെ സോവിയറ്റ് യൂണിയനെ കീഴ്പ്പെടുത്തിയത്. മംഗോളിയൻ രാജാവിന്റെ ‘ഉറക്കം’ ശല്യപ്പെടുത്തിയ ശാപമാണിതെന്നും അതോടെ കഥകൾ പരന്നു; മാധ്യമ റിപ്പോർട്ടുകൾ വരെയുണ്ടായി. അപ്പോൾപ്പിന്നെ മംഗോളിയയിലെ അതിശക്തനായ രാജാവിന്റെ കുടീരം തുറന്നാലുള്ള അവസ്ഥ പറയണോ!

കഥകളെന്തായാലും ഇന്നേവരെ ഒരാൾക്കു പോലും ജെങ്കിസ് ഖാന്റെ കുടീരത്തെപ്പറ്റി യാതൊരു സൂചനയും ലഭിച്ചിട്ടില്ല. അതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് മംഗോളിയയിലെ സാധാരണക്കാരിലൊരാൾ പോലും ഇക്കാര്യത്തിൽ സഹകരിക്കില്ലെന്നതാണ്. കൂടാതെ ഗവേഷകരെ മുഴുവൻ പലതും പറഞ്ഞ് വഴിതെറ്റിച്ച് വർഷങ്ങളോളം അവരുടെ സമയം കളയിപ്പിക്കുന്നവരും ഏറെ. തങ്ങളുടെ രാജാവ് രാജ്യത്തിനു വേണ്ടി ചെയ്ത നല്ല കാര്യങ്ങളെല്ലാം അവരുടെ മനസിലുണ്ട്. കോടിക്കണക്കിനു പേരുടെ തലയറുത്ത് സ്വത്തുക്കൾ കുന്നുകൂട്ടിയെങ്കിലും മംഗോളിയയിൽ ജെങ്കിസ്ഖാന്റെയും പിന്മുറക്കാരുടെയും കാലത്ത് പുരോഗതിയുടെ നാളുകളായിരുന്നു. ലോകത്തിലെ ആദ്യ മികവുറ്റ തപാൽ സംവിധാനം ജെങ്കിസ് ഖാന്റെ സംഭാവനയാണ്. വ്യാപാരത്തിലായി സിൽക് റൂട്ട് പരിഷ്കരിക്കാനും അദ്ദേഹം മുൻകയ്യെടുത്തു. 

ലോകത്തിന്റെ അധിപനായി വിലസിയിരുന്ന തങ്ങളുടെ രാജാവിന്റെ അവസാന ആഗ്രഹമെന്നത് മരണശേഷം ആരും ശല്യം ചെയ്യാതെയുള്ള ‘വിശ്രമ’മാണ്. ആ ആഗ്രഹം എന്തുവില കൊടുത്തും രക്ഷിക്കാൻ വിശ്വാസത്തിന്റെ കൂട്ടുപിടിച്ചാണെങ്കിലും ജനം ഒറ്റക്കെട്ടാണ്. അതിനിടയിലാണ് ആധുനിക സാമഗ്രികളും ഉപയോഗിച്ചുള്ള ഗവേഷണങ്ങളുടെ വരവ്. ജെങ്കിസ് ഖാന്റെ കുടീരം എന്നെങ്കിലും കണ്ടെത്തിയാലും അക്കാര്യം പുറംലോകമറിയും മുൻപേ ആ വ്യക്തി കൊല ചെയ്യപ്പെട്ടിട്ടുണ്ടാകുമെന്നും ഒരു വിശ്വാസമുണ്ട്. ജെങ്കിസ് ഖാന്റെ ആയിരത്തോളം പടയാളികളെ കൊന്ന് കുടീരത്തിന്റെ രഹസ്യസ്വഭാവം കാത്തവരുടെ തലമുറയാണ് ഇതിനു പിന്നിലെന്നും കഥകള്‍. എന്തു തന്നെയായാലും രഹസ്യത്തിന്റെ മേലാപ്പണിഞ്ഞു കിടക്കുന്ന ആ ചോരക്കൊതിയനായ ചക്രവർത്തിയുടെ കുടീരം ഒരുനാൾ ലോകത്തിനു മുന്നിലേക്കെത്തുമെന്നു തന്നെയാണ് പ്രതീക്ഷ. നിലവിൽ ഒരു കഥയും അതിനായുള്ള ശ്രമങ്ങളിൽ നിന്ന് ഗവേഷകരെ പിന്തിരിപ്പിക്കുന്നുമില്ല.