മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് നാട്ടിലേക്ക് ഫ്രീയായി വിഡിയോ കോൾ ചെയ്യാനുള്ള വലിയ സേവനമായിരുന്നു മൈക്രോസോഫ്റ്റിന്റെ സ്കൈപ്. എന്നാൽ ഒരു സുപ്രഭാതത്തിൽ അതും വിലക്കിയതോടെ പ്രതിസന്ധിയിലായത് മലയാളികളാണ്. പരിധികളില്ലാതെ മണിക്കൂറുകളോളം നേരിൽ കണ്ട് സംസാരിക്കാനുള്ള അവസരമാണ് യുഎഇ പൂട്ടിയത്.
ഐഎംഒ, ഫെയ്സ്ബുക്ക് മെസഞ്ചർ, വാട്സാപ്പ് എന്നീ വിഡിയോ കോളുകൾക്ക് നേരത്തെ തന്നെ വിലക്കുണ്ട്. എന്നാൽ ഗൂഗിൾ, ഫെയ്സ്ബുക്ക് ആപ്പുകൾക്ക് നിയന്ത്രണമുണ്ടെങ്കിലും സ്കൈപ്പ് വഴി വിഡിയോ കോൾ ആസ്വദിക്കാൻ സാധിച്ചിരുന്നു. എന്നാൽ രാജ്യത്തെ വോയ്‌സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ സര്‍വീസ് ലംഘിച്ചതിനെ തുടർന്നാണ് സ്കൈപ്പും വിലക്കിയിരിക്കുന്നത്.
രാജ്യത്ത് സ്‌കൈപ്പ് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് ഈ ആപ്ലിക്കേഷനുകൾ ലഭ്യമാകാത്തിനെത്തുടർന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തിയ അന്വേഷണങ്ങൾക്ക് ടെലികോം കമ്പനികളായ ഇത്തിസലാത്തും ഡുവും മറുപടി നൽകി. രാജ്യത്തെ ടെലികോം കമ്പനികളെ രക്ഷിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പുതിയ നീക്കമെന്നാണ് കരുതുന്നത്. വിദേശ കോൾ വഴി കോടികൾ വരുമാനം ലഭിച്ചിരുന്ന ടെലികോം കമ്പനികൾക്ക് ഫ്രീ വിഡിയോ കോൾ ആപ്പുകൾ വന്നതോടെ വൻ പ്രതിസന്ധി നേരിട്ടു. ഇതോടെയാണ് ജനപ്രിയ ആപ്പുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്.
അംഗീകാരമില്ലാതെ വോയ്പ് (VoIP) സേവനങ്ങള്‍ നൽകുന്നതിനാലാണ് സ്‌കൈപ്പ് യുഎഇയില്‍ നിയമവിരുദ്ധമാകുന്നതെന്ന് സാമൂഹികമാധ്യമങ്ങളിലൂടെ ടെലികോം കമ്പനികള്‍ വ്യക്തമാക്കി. വിഡിയോ കോളിങ് സേവനങ്ങൾക്ക് ബദൽ മാർഗങ്ങളുണ്ടെന്നും കമ്പനി വ്യക്തമാക്കി. ബോടിം, സിമി എന്നിവയാണ് അൺലിമിറ്റഡ് വോയിസ് ആൻഡ് വിഡിയോ സേവനങ്ങളുടെ ഭാഗമായി മൊബൈൽ സേവനദാതാക്കൾ ലഭ്യമാക്കുന്നത്. പക്ഷേ മാസവരി നൽകി മാത്രമേ ഈ ആപ്പുകൾ ഉപയോഗിക്കാനാവൂ.
മൊബൈൽ ഇന്റർനെറ്റ് കോളിങ് പായ്ക്കിന് 50 എഇഡിയും ഹോം പാക്കേജിന് (വൈഫൈ ഉപയോഗിച്ച് വീട്ടിലുള്ളവർക്കെല്ലാം ഉപയോഗിക്കാനാവും) 100 എഇഡിയുമാണ് മാസവരിയായി നൽകേണ്ടത്. ഒരു മണിക്കൂർ വിഡിയോ കോളിങ്ങിൽ ഏകദേശം 210 എംബിയോളമാകും നഷ്ടമാകുക, ഹാൻഡ്സെറ്റ് മോഡലുകൾക്കനുസരിച്ച് വ്യത്യാസമുണ്ടാവുകയും ചെയ്യും.