ഇമോജി ഇന്നൊരു ജനകീയ ഭാഷയാണ്. പറയാനുള്ളതും പറയാൻ മടിക്കുന്നതുമെല്ലാം ഡിജിറ്റലായി പ്രകടിപ്പിക്കാൻ പറ്റിയ ഭാഷ. ഇഷ്ടവും വെറുപ്പും ബോറടിയും കലിപ്പുമെല്ലാം പ്രകടിപ്പിക്കാൻ പറ്റിയ ഇമോജികളുണ്ട്. എന്നാൽ, ഒരാളെ കൊല്ലാനുള്ള ദേഷ്യം വന്നാൽ തോക്കിന്റെ ഇമോജി അയയ്ക്കുന്ന പരിപാടി ഇനി നടക്കില്ല.
തോക്കെടുത്തുള്ള കളി വേണ്ട എന്നു പ്രഖ്യാപിച്ചുകൊണ്ട് തോക്കിന്റെ ഇമോജി മാറ്റി പകരം വെള്ളംചീറ്റുന്ന കളിത്തോക്കിന്റെ (വാട്ടർഗൺ) ഇമോജി ആദ്യം പ്രതിഷ്ഠിച്ചത് ആപ്പിളാണ്. പിന്നാലെ വാട്സാപ്പും ട്വിറ്ററും സാംസങ്ങും തോക്കുൾപ്പെടെയുള്ള മാരകായുധങ്ങൾ മാറ്റി പകരം കളിപ്പാട്ടങ്ങൾ സ്ഥാപിച്ചു. ഇപ്പോൾ ഗൂഗിൾ കൂടി തോക്കുമാറ്റി വാട്ടർ ഗൺ വച്ചതോടെ ചാറ്റ് ആപ്പുകളിൽ നിന്നും കീബോർഡുകളിൽ നിന്നും തോക്ക് മെല്ലെ അപ്രത്യക്ഷമാകും.

മാരകായുധങ്ങൾ ഇമോജി രൂപത്തിൽ പോലും അക്രമം പ്രോൽസാഹിപ്പിക്കുമെന്ന ചിന്തയെത്തുടർന്നാണ് ഈ മാറ്റങ്ങൾ. കഴിഞ്ഞയാഴ്ച ഗൂഗിളും മൈക്രോസോഫ്റ്റും ഇമോജി മാറ്റി. യഥാർഥ തോക്കിന്റെ ചിത്രം ഇനി അവശേഷിക്കുന്നത് ഫെയ്സ്ബുക്ക് ഇമോജികളിലാണ്. ഇമോജികൾ പരിഷ്കരിച്ചുകൊണ്ടിരിക്കുകയാണെന്നും പുതിയവ വൈകാതെ എത്തുമെന്നും ഫെയ്സ്ബുക്ക് അറിയിച്ചു.