ഗൂഗിളിനു വെളിയിലുള്ള ഡവലപ്പര്‍മാര്‍ക്ക് കരസ്ഥമാക്കാന്‍ പാകത്തിന് അഞ്ചു ലക്ഷത്തോളം ഉപയോക്താക്കളുടെ ഡേറ്റ തുറന്നു കിടന്നതുമായി ബന്ധപ്പെട്ട് ഗൂഗിള്‍പ്ലസ് പൂട്ടാന്‍ തീരുമാനിച്ചിരിക്കുകയാണ് കമ്പനി. അവര്‍ക്കെതിരെ അന്വേഷണം വരാതിരിക്കാനായി, ഗൂഗിള്‍ അതേപ്പറ്റിയുള്ള വിവരങ്ങള്‍ ഉപയോക്താക്കളില്‍ നിന്ന് ഇത്രയും കാലം മറച്ചുവച്ചുവെന്നാണ് ആരോപണം.
ഇന്നലെ നടത്തിയ ബ്ലോഗ് പോസ്റ്റില്‍ ഗൂഗിള്‍ പറയുന്നത് സുരക്ഷാ വീഴ്ച്ചയ്ക്കു ശേഷം തങ്ങള്‍ ഉപയോക്താക്കള്‍ക്കുള്ള ഗൂഗിൾ പ്ലസ് പൂട്ടുന്നുവെന്നാണ്. 500,000 ഗൂഗിള്‍പ്ലസ് ഉപയോക്താക്കളുടെ ഡേറ്റ രണ്ടു വര്‍ഷത്തോളം ഡവലപ്പര്‍മാര്‍ക്കും മറ്റും ലഭ്യമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ പ്രശ്‌നം കഴിഞ്ഞ മാര്‍ച്ചില്‍ പാച്ചിങ്ങിലൂടെ പരിഹരിച്ചുവെന്നും കമ്പനി പറയുന്നു. ഡവലപ്പര്‍മാര്‍ ഈ സൂരക്ഷാ പാളിച്ച മുതലെടുത്തുവെന്ന് കരുതുന്ന ഒന്നും തങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്നും അവര്‍ പറയുന്നുണ്ട്. ഈ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റിന്റെ ഷെയറുകള്‍ 1.5 ശതമാനം കഴിഞ്ഞ ദിവസം ഇടിഞ്ഞു. അമേരിക്കന്‍ ടെക് ഭീമന്മാരിലൂടെ നടന്നിരിക്കുന്ന ഡേറ്റാ ചോര്‍ച്ചകളെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവാദമാണിത്.
ഡേറ്റാ ചോര്‍ച്ച നേരത്തെ തന്നെ ഗൂഗിളിന് അറിയാമായിരുന്നെങ്കിലും അധികാരികളുടെ ശ്രദ്ധ തങ്ങളുടെമേല്‍ പതിയാതിരിക്കാനായിരിക്കാം ഇത്രയും കാലം ഒളിച്ചുവച്ചതെന്നും ആരോപണമുണ്ട്. കൂടാതെ, ചോര്‍ന്ന ഡേറ്റ പേര്, ഇമെയില്‍ അഡ്രസ്, തൊഴില്‍, പ്രായം തുടങ്ങിയവ മാത്രമാണെന്നു പറഞ്ഞ് ഇതിനെ നിസാരവല്‍ക്കരിക്കാനും കമ്പനി ശ്രമിക്കുന്നുണ്ട്. ഗൂഗിള്‍ കമ്പനിക്കുള്ളില്‍ ജോലിക്കാര്‍ക്ക് അയച്ച മെമ്മോ പറയുന്നത് ഡേറ്റ ചോര്‍ച്ചയെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിയിലറിഞ്ഞാല്‍ ഉടനടി ഡേറ്റാ സംരക്ഷണവുമായി ബന്ധപ്പെട്ടവര്‍ അന്വേഷണത്തിനിറങ്ങുമെന്നാണ്.
യൂറോപ്യന്‍ യൂണിയന്റെ ഡേറ്റ സംരക്ഷണ നിയമം പ്രകാരം ഡേറ്റ ചോര്‍ച്ചയുണ്ടായാല്‍ നിശ്ചിത സമയത്തിനുളളില്‍ അധികാരികളെ അറിയിക്കണമെന്നാണ് പറയുന്നത്. ഇത്രകാലം മറച്ചു വച്ചതിന് ഗൂഗിളിന് പിഴയിടുമോ എന്ന കാര്യം കണ്ടറിയേണ്ടതാണ്.
ഡേറ്റ ചോര്‍ച്ച വെളിയില്‍ വന്ന ശേഷം ഗൂഗിള്‍ ചില സുരക്ഷാ പരിരക്ഷകള്‍ തങ്ങളുടെ ഉപയോക്താക്കള്‍ക്കായി പ്രഖ്യാപിച്ചു. അതില്‍ മുഖ്യം ജിമെയിലില്‍ ഒളിഞ്ഞു നോക്കാന്‍ അനുവദിച്ചിരുന്ന ഡവലപ്പര്‍മാര്‍ക്ക് ഇനി ഒരു പരിധിക്കപ്പുറം പോകാന്‍ പറ്റില്ലെന്നതാണ്. ഡേറ്റാ വേണമെങ്കില്‍ ഉപയോക്താക്കളുടെ സമ്മതം ചോദിക്കണമെന്നും വരും. ഏറ്റവും ഭീതിപ്പെടുത്തുന്ന കാര്യം ഇത്രയും കാലം ചോര്‍ത്തിയ ഡേറ്റ ഡവലപ്പര്‍മാര്‍ ദുരുപയോഗം ചെയ്തിരിക്കാമോ എന്നതാണ്. അല്ലെങ്കില്‍ പിന്നെ ഗൂഗിള്‍ എന്തിനാണ് ഇത്ര കര്‍ക്കശമായ നിയമം കൊണ്ടുവരുന്നതെന്നും ചോദ്യമുയരുന്നു.
മറ്റൊരു സുപ്രധാന നീക്കം ആന്‍ഡ്രോയിഡിലെ ആപ്പുകള്‍ക്ക് കോളിലേക്കും എസ്എംഎസിലേക്കും കടുന്ന കയറാന്‍ അനുവദിക്കുന്നതിനും നിയന്ത്രണം വരുന്നുവെന്നതാണ്. നിരവധി വര്‍ഷങ്ങളായി ഒരു കാര്യവുമില്ലാതെ ഫോണ്‍ കോളിലേക്കും എസ്എംഎസിലേക്കും വരെ ആപ്പുകള്‍ക്ക് കടന്നു കയറാന്‍ അനുവാദം ലഭിച്ചിരുന്നു. ഇതു നല്‍കിയില്ലെങ്കില്‍ പല ആപ്പുകളും വര്‍ക്കു ചെയ്യില്ല. സ്വകാര്യതയെക്കുറിച്ച് വിവരമില്ലാത്ത ഉപയോക്താക്കള്‍ അതെല്ലാം അനുവദിക്കുകയും ചെയ്തിരുന്നു. ഈ ഡേറ്റയും ദുരുപയോഗം ചെയ്യപ്പെട്ടിരിക്കാമെന്നും കരുതുന്നു. ഒരു ടോര്‍ച്ച് ആപ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ അതിനും വേണം കോണ്‍ടാക്ട്‌സ് ലിസ്റ്റും മറ്റും. ഇത്തരം പല ഫ്രീ ആപ്പുകളും ഉണ്ടാക്കിയിട്ടിരുന്നതു പോലും ഡേറ്റ ചോര്‍ത്താനായിരിക്കാമെന്നാണ് ഇപ്പോള്‍ സംശയിക്കുന്നത്.
സമീപകാലത്തു വെളിപ്പെട്ട ഫെയ്‌സ്ബുക്, ഗൂഗിള്‍ ഡേറ്റ ചോര്‍ച്ച വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ ഒരു ടെക്‌നോളജി വിദഗ്ധന്‍ ചോദിച്ചത് ഇനിയും ഫെയ്‌സ്ബുക്കിനെയും ഗൂഗിളിനെയും കണ്ണടച്ചു വിശ്വസിച്ച് നമ്മളുടെ സ്വകാര്യങ്ങള്‍ പങ്കുവയ്ക്കുന്നത് എത്രത്തോളം ആശാസ്യമാണെന്നാണ്. ജിെമയില്‍, സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകള്‍ മെസേജിങ് ആപ്പുകള്‍ തുടങ്ങിയവയുടെ ഉപയോഗത്തെക്കുറിച്ച് പുനര്‍ വിചിന്തനം നടത്തേണ്ട കാലമാണിതെന്നു പറയുന്നു. ഉപയോക്താക്കള്‍ അവരില്‍ അര്‍പ്പിച്ച വിശ്വാസം അവര്‍ സംരക്ഷിച്ചില്ലെന്നു തന്നെയാണ് പുതിയ വെളിപ്പെടുത്തലുകള്‍ കാണിക്കുന്നത്.