ഇരുന്നൂറ് കോടിയോളം ഉപയോക്താക്കളുള്ള സൗജന്യ പ്ലാറ്റ്‌ഫോമാണ് നിലവില്‍ വാട്‌സാപ്. ഈ സൗജന്യ സേവനം അധികകാലം തുടരാനാകില്ലെന്നാണ് വാട്‌സാപ് ഉടമകളായ ഫെയ്സ്ബുക്ക്് വ്യക്തമാക്കുന്നത്. അടുത്തവര്‍ഷം മുതല്‍ വാട്‌സാപ്പില്‍ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുമെന്ന് ഫെയ്സ്ബുക്ക് വ്യക്തമാക്കി കഴിഞ്ഞു. വാട്സാപ്പിന് പിന്നിൽ പ്രവർത്തിച്ചവരെല്ലാം കമ്പനി വിട്ടതോടെ മാർക്ക് സക്കർബർഗ് കച്ചവടത്തിലേക്ക് നീങ്ങുകയാണ്.
2009 ലാണ് വാട്‌സാപ് പുറത്തിറങ്ങുന്നത്. ചുരുങ്ങിയ കാലം കൊണ്ട് വന്‍വിജയമായ വാട്‌സാപ്പിനെ ഫെയ്സ്ബുക് അഞ്ച് വര്‍ഷം മുൻപ് സ്വന്തമാക്കുകയായിരുന്നു. 2200 കോടി പൗണ്ടിനാണ് ഫെയ്സ്ബുക് ജാന്‍ കോമില്‍ നിന്നും ബ്രയന്‍ ആക്ടണില്‍ നിന്നും വാട്‌സാപ്പിനെ വാങ്ങിയത്.
വൈകാതെ അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് വാട്‌സാപ് സ്ഥാപകര്‍ ഫെയ്സ്ബുക് വിട്ടിരുന്നു. ഉപയോക്താക്കളുടെ സ്വകാര്യതക്ക് വലിയ പ്രാധാന്യം നല്‍കുന്ന നയമാണ് വാട്‌സാപ് പിന്തുടര്‍ന്നിരുന്നത്. പരസ്യങ്ങളില്ലാത്ത സൗജന്യമായ ചാറ്റ് പ്ലാറ്റ്‌ഫോമായാണ് വാട്‌സാപ് സ്വയം അവതരിപ്പിച്ചത്. ആ നയത്തില്‍ വെള്ളം ചേര്‍ക്കാനും പരസ്യങ്ങള്‍ ഉപയോഗിക്കാനുമുള്ള ഫെയ്സ്ബുക് തീരുമാനമാണ് ജാന്‍ കോമിനേയും ബ്രയന്‍ ആക്ടണേയും പ്രകോപിപ്പിച്ചതെന്നാണ് സൂചന.
ഇരുവരും ഫെയ്സ്ബുക്കിനോടുള്ള നീരസം പരസ്യമാക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ മാര്‍ച്ചിലാണ് ആക്ടണ്‍ ഫെയ്സ്ബുക് ഡിലീറ്റ് ചെയ്യാന്‍ സമയമായെന്ന് ട്വീറ്റ് ചെയ്തത്. പിന്നീട് ഫോബ്‌സ് മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ഉപയോക്താക്കളില്‍ നിന്നും ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പരസ്യങ്ങള്‍ നല്‍കുന്ന നയത്തോട് യോജിക്കാനാകില്ലെന്ന് ആക്ടണ്‍ വ്യക്തമാക്കിയിരുന്നു.
വാട്‌സാപ് സഹസ്ഥാപകനായ ജാന്‍ കോമും സമാനമായ രീതിയില്‍ 2012ല്‍ തന്നെ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. 'കമ്പനികള്‍ക്ക് നിങ്ങളെക്കുറിച്ച് എല്ലാമറിയാം. നിങ്ങളുടെ താത്പര്യങ്ങളെന്തെല്ലാമാണ് സുഹൃത്തുക്കള്‍ ആരെല്ലാം തുടങ്ങിയ നിരവധി വിവരങ്ങള്‍ ശേഖരിച്ച് അതിന്റെ അടിസ്ഥാനത്തില്‍ പരസ്യങ്ങള്‍ കാണിക്കുകയാണ് ചെയ്യുന്നത്. പരസ്യം വന്നു തുടങ്ങിയാല്‍ നിങ്ങള്‍ തന്നെയാണ് വില്‍പന വസ്തുവെന്ന് മറക്കരുത്' എന്നായിരുന്നു ജാന്‍ കോം ബ്ലോഗില്‍ നയം വ്യക്തമാക്കിയത്.
വാട്‌സാപ് സ്ഥാപകര്‍ വിയോജിപ്പ് പ്രകടിപ്പിക്കുമ്പോഴും വാട്‌സാപ്പില്‍ പരസ്യം അവതരിപ്പിക്കാനുള്ള തീരുമാനവുമായി ഫെയ്സ്ബുക് മുന്നോട്ട് തന്നെയാണ്. വാട്‌സാപ് പോലൊരു ആപ്ലിക്കേഷന്‍ ആജീവനാന്തം സൗജന്യമായിരിക്കുമെന്ന് പ്രതീക്ഷിക്കരുത്. അത് നിര്‍മിക്കപ്പെട്ട് ആ ഉദ്ദേശത്തിലാണെങ്കില്‍ പോലുമെന്നായിരുന്നു ഫെയ്സ്ബുക് ചീഫ് സെക്യൂരിറ്റി ഓഫീസര്‍ അലക്‌സ് സ്റ്റാമോസ് പറഞ്ഞത്.