ട്രോളുകൾക്ക് പിന്നിലെ മോദി, ബിജെപിയുടെ ഐടി കള്ളക്കളികൾ പൊളിച്ചടക്കി സ്വാതി

സോഷ്യൽ മീഡിയയിലൂടെ ബിജെപി അഴിച്ചുവിടുന്ന ട്രോള്‍ ആക്രമണങ്ങള്‍ക്കു പിന്നിലെന്തെന്ന് അന്വേഷിച്ച് പുസ്തകമെഴുതിയ ഫ്രീലാൻസ് മാധ്യമപ്രവര്‍ത്തക സ്വാതി ചതുര്‍വേദിക്ക് സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിനുളള 2018 ലെ ലണ്ടൻ പ്രസ് ഫ്രീഡം പുരസ്കാരം. സ്വാതിയുടെ ‘ഐ ആം എ ട്രോള്‍’ ( I Am A Troll: Inside the Secret World of the B.J.P.'s Digital Army) എന്ന പുസ്തകത്തിൽ ബിജെപി ഐടി സെല്ലിനെപ്പറ്റിയാണ്. തനിക്കെതിരെ വന്ന ചില ട്രോളുകളാണ് പുസ്തകമെഴുതാൻ സ്വാതിയെ പ്രേരിപ്പിച്ചത്. 

സ്വാതിയുടെ പുസ്തകത്തിലെ വെളിപ്പെടുത്തലുകൾ:

പുസ്തകത്തിൽ സോഷ്യൽമീഡിയകളിലെ ട്രോളുകളെ സ്വാതി വിശേഷിപ്പിക്കുന്നത് ‘ഓണ്‍ലൈന്‍ ലോകത്തെ ഗുണ്ടകൾ’ എന്നാണ്. ട്രോൾ ആക്രമണങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്ക് വേണ്ടത്ര പൊലീസ് സഹായം കിട്ടുന്നില്ലെന്നത് കൂടുതൽ‌ അന്വേഷണത്തിനു പ്രേരിപ്പിച്ചെന്നും അതിനായി ബിജെപി, ആര്‍എസ്എസ്, പ്രതിപക്ഷ പാര്‍ട്ടികള്‍, സർക്കാർ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുമായി രണ്ടുവര്‍ഷത്തോളം സമ്പര്‍ക്കം പുലര്‍ത്തിയെന്നും സ്വാതി പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തുകൊണ്ടാണ് ട്വിറ്ററില്‍ ട്രോളുകളെ ഫോളോ ചെയ്യുന്നതെന്ന അന്വേഷണമാണ് പുസ്തകത്തിലെ ആദ്യ അധ്യായം Blessed to Be Followed by P.M. Modi. എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യപ്പെട്ട 26 പേരെ മോദി ഫോളോ ചെയ്യുന്നുവെന്ന് അതിൽ പറയുന്നു. ആര്‍എസ്എസ് എങ്ങനെ കൃത്യമായി ഡിജിറ്റല്‍ ഇടം ഉപയോഗിക്കുന്നുവെന്നാണ് ആദ്യത്തെയും അഞ്ചാമത്തെയും അധ്യായത്തിലുള്ളത്. ഇതിനെ ‘ഇന്റര്‍നെറ്റ് ശാഖകൾ’ എന്നാണ് സ്വാതി വിളിക്കുന്നത്. ഡിജിറ്റല്‍ ലോകം തുറന്നു തന്ന ഗംഭീര അവസരം മുതലാക്കാന്‍ അവര്‍ക്കായെന്നും സ്വാതി പറയുന്നു.

ചില ബിജെപി നേതാക്കൾ ഓണ്‍ലൈനിലൂടെ വെറുപ്പു പ്രചരിപ്പിക്കുന്നെന്നും ഓണ്‍ലൈനിലൂടെ ഇത്ര വലിയ നുണ പ്രചരിപ്പിക്കുന്നെങ്കില്‍ യഥാര്‍ഥ ജീവിതത്തില്‍ അവരുടെ പെരുമാറ്റം എങ്ങനെയായിരിക്കുമെന്ന് അദ്ഭുതം തോന്നുന്നെന്നും സ്വാതി പറയുന്നു. മറ്റൊരു അധ്യായത്തില്‍ '40 രൂപ ട്വീറ്റു'കളെക്കുറിച്ച് എഴുതുന്നു. ഉത്തരവാദിത്തപ്പെട്ടവര്‍ പോലും വ്യാജ വാര്‍ത്തയുടെ പ്രചാരകരാകുന്നു. ഫോട്ടോഷോപ് ചെയ്ത ചിത്രങ്ങളും വാര്‍ത്തകളും ഇത്തരത്തില്‍ പ്രചരിപ്പിക്കുന്നു. പ്രമുഖ ബിജെപി നേതാക്കളായ രാജ്‌നാഥ് സിങ്, പിയൂഷ് ഗോയല്‍ തുടങ്ങിയവരുടെ പേരുകള്‍ നിരത്തുന്ന സ്വാതി, നന്നായി സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന സുഷമ സ്വരാജ്, മേനക ഗാന്ധി തുടങ്ങിയവരെ പ്രശംസിക്കാനും മറക്കുന്നില്ല.

ബിജെപിക്കു വേണ്ടി ട്രോളുകള്‍ പ്രചരിപ്പിച്ചിരുന്ന സാധവി ഖോസ്‌ലയുടെ അനുഭവങ്ങളും സ്വാതി പുസ്തകത്തിൽ പറയുന്നു. ആദ്യം ആവേശത്തോടെ ബിജെപിയുടെ സോഷ്യല്‍ മീഡിയ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുകയും പിന്നെ പിൻമാറുകയും ചെയ്തയാളായ സാധവിയാണ് ബിജെപി ഐടി സെല്ലിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചു വ്യക്തമായ വിവരങ്ങൾ തന്നതെന്ന് സ്വാതി പറയുന്നു. ബിജെപി ഐടി സെല്‍ മേധാവി അര്‍വിന്ദ് ഗുപ്ത അയച്ചു കൊടുത്ത വാട്‌സാപ് സന്ദേശങ്ങള്‍ വരെ സാധവി അയച്ചു കൊടുത്തിരുന്നത്രേ. 

ബിജെപിയുടെ നിരവധി മോദി ഹാഷ്ടാഗുകൾ ഓപ്പറേറ്റു ചെയ്യുന്നത് തായ്‌ലന്‍ഡില്‍ നിന്നാണെന്നും സ്വാതിയുടെ പുസ്തകത്തിൽ പറയുന്നുണ്ട്. ബിജെപി ജനറല്‍ സെക്രട്ടറിയും ഐടി സെല്ലിന്റെ ചുമതലക്കാരനുമായ രാം മാധവുമായി സംസാരിച്ചതിന്റെ വിശദാംശങ്ങളും അവര്‍ പങ്കുവയ്ക്കുന്നു.

ചില ട്രോളുകള്‍ ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്നവരുടെ സൃഷ്ടികളാണോ എന്നതിനെപ്പറ്റി അറിയാന്‍ സ്വാതി നല്‍കുന്നത് ചില പത്ര വാര്‍ത്തകളിലേക്കുള്ള ലിങ്കുകളാണ്. മറ്റൊന്ന്, ചിലപ്പോഴൊക്കെ ബിജെപി ചായ്‌വുള്ളയാള്‍ എന്നു വിളിക്കപ്പെടുന്ന എഴുത്തുകാരന്‍ ചേതന്‍ ഭഗത്തിന്റെ കോളമാണ്. ഇതില്‍ അദ്ദേഹം ഒരു ഇന്റര്‍നെറ്റ് ട്രോളിന്റെ പരിച്ഛേദം കണ്ടെത്താന്‍ ശ്രമിക്കുന്നുണ്ട്.