‘വ്യാജ’ൻമാർ അവളെ കടിച്ചുകീറി, അവസരമൊരുക്കിയത് ഫെയ്സ്ബുക്; നാം എന്തു ചെയ്യണം?

ഫെയ്സ്ബുക് വഴിയുള്ള പരിചയം മുതലെടുത്ത് വിദ്യാർഥിനിയെ പീഡിപ്പിച്ച ഞെട്ടിക്കുന്ന വാർത്തയാണ് കഴി‍ഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നത്. വ്യാജ ഫെയ്സ്ബുക് ഐഡി വഴി പരിചയം നടിച്ച് ചാറ്റിങ്ങിലൂടെ പെൺകുട്ടിയെ വീട്ടിൽ നിന്നിറക്കി ക്രൂരമായി പീഡിപ്പിച്ചു. അഞ്ജന എന്ന വ്യാജ ഫെയ്സ്ബുക് ഐഡിയ്ക്ക് പിന്നിൽ ഒരു സംഘം ക്രൂരൻമാർ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് അവൾ ഒരിക്കലും അറിഞ്ഞിരുന്നില്ല. അഞ്ജനയുടെ സഹോദരനെന്ന് പറഞ്ഞും ചിലർ ചാറ്റിങ് നടത്തി.

പെൺകുട്ടിയെ വീഴ്ത്തിയത് സ്ത്രീയുടെ പേരിലുണ്ടാക്കിയ ഫെയ്സ്ബുക് ഐഡിയാണെന്ന് പൊലീസ് കണ്ടെത്തി. അഞ്ജന എന്ന പേരിൽ പെൺകുട്ടിയുമായി പതിവ് ചാറ്റിങ് നടത്തിയിരുന്നത് പറശ്ശിനിക്കടവ് സ്വദേശി യുവാവായിരുന്നു. വീഴുമെന്ന് മനസ്സിലാക്കിയാണ് വ്യാജ പെൺകുട്ടിയുടെ സഹോദരനെന്ന് പറഞ്ഞ് യുവാവ് നേരിട്ട് ചാറ്റിങും ഫോൺ വിളിയും തുടങ്ങിയത്. എന്നാൽ ഫെയ്സ്ബുക് വഴി നടക്കുന്ന ബന്ധങ്ങൾ രക്ഷിതാക്കൾ പോലും അറിഞ്ഞിരുന്നില്ല.

ഫെയ്സ്ബുക്കിൽ 100 ഐഡികൾ എടുത്താൽ ഇതിൽ പത്തും വ്യാജനായിരിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. നല്ല ലക്ഷ്യങ്ങൾക്കായി ഫെയ്സ്ബുക് ഉപയോഗിക്കുന്നവർ കുറവാണ്. ഫെയ്സ്ബുക് വഴി വഴിവിട്ട ബന്ധങ്ങൾക്ക് മികച്ച അവസരമാണ് നൽകുന്നത്. ഒരിക്കലെങ്കിലും ചതിക്കപ്പെട്ടവർ ഇക്കാര്യം സൈബർ സെല്ലിനെ അറിയിക്കാൻ പോലും തയാറാകുന്നില്ല.

എഫ്ബിയിൽ ഒരു പെൺകുട്ടിയുടെ ഫോട്ടോ പന്ത്രണ്ടിടത്ത്!

കേവലം തമാശയ്ക്ക് പകർത്തുന്ന ചിത്രങ്ങൾ ദിവസങ്ങൾക്കും മാസങ്ങൾക്കും ശേഷം വികൃതമായ, നഗ്നമായ രൂപത്തിൽ നമ്മുടെ തന്നെ, അല്ലെങ്കിൽ സുഹൃത്തുക്കളുടെ കയ്യിലെത്തുമ്പോൾ ഏറെ വൈകിയിരിക്കും. വാട്സാപ്പും ഫെയ്സ്ബുക്കും സജീവമായ ഇക്കാലത്ത് രഹസ്യചിത്രമെന്ന ടാഗിൽ മലയാളി ഗ്രൂപ്പുകളിലെല്ലാം ഇത്തരം ചിത്രങ്ങൾ വൈറലാണ്. നാൾക്കുനാൾ ഇത്തരം സംഭവങ്ങൾ വർധിച്ചുവരികയാണ്. പന്ത്രണ്ടോളം ഫെയ്സ്ബുക്ക് പ്രൊഫൈലുകളിൽ ഒരേ പെൺകുട്ടിയുടെ ചിത്രവും കാണാനിടയായി. ഇത്തരത്തിൽ നിരവധി പെൺകുട്ടികളുടെ ചിത്രങ്ങൾ വ്യാജ പ്രൊഫൈലുകളിൽ ഉപയോഗിക്കുന്നുണ്ട്.

സിനിമാ സംഭാഷണത്തിനനുസൃതമായി ചുണ്ടനക്കി വിഡിയോ റെക്കോർഡ് ചെയ്യുന്ന ആപ്ലിക്കേഷനിൽ നിന്നുള്ള കൊച്ചുപെൺകുട്ടിയുടെ ചിത്രം പോലും ദുരുപയോഗം ചെയ്യപ്പെടുന്നു. അശ്ലീല ഫോൺകോളുകൾ, അശ്ലീല വിഡിയോകൾ തുടങ്ങിയവയിൽ പലതിന്റെയും മുഖചിത്രമായി നൽകിയിരിക്കുന്നത് ടിക് ടോക് പോലുളള വിഡിയോ ആപ്പുകളിലെ പെൺകുട്ടികളുടെ പെർഫോമൻസ്, അല്ലെങ്കിൽ അതിൽ നിന്നെടുത്ത സ്ക്രീൻ ഷോട്ട്. ഇതു കാണുന്നവർ രംഗങ്ങൾ കുട്ടിയുടേതാണെന്നോ സംഭാഷണം കുട്ടിയുടേതാണെന്നോ കരുതില്ലേ? ഓൺലൈൻ സെക്സ് റാക്കറ്റുകാർ വരെ ഇത്തരം ചിത്രങ്ങൾ സ്വരൂപിച്ച് ഇടപാടുകാർക്ക് നൽകുന്നുണ്ട്. ലൊക്കാന്റോ പോലുള്ള വെബ്സൈറ്റുകളിലും ഫെയ്സ്ബുക്, വാട്സാപ്പിൽ നിന്നെടുത്ത പെൺകുട്ടികളുടെ മുഖം മറച്ച ചിത്രങ്ങളാണ് ഉപയോഗിക്കുന്നത്. എല്ലാ ഇടപാടുകളും വ്യാജ ഐഡികൾ വഴിയാണ്.

പാർക്കിൽ നിന്നോ ഷോപ്പിങ് മാളുകളിൽ നിന്നോ പകർത്തിയ വീട്ടമ്മമാരുടെ ചിത്രം വാട്സാപ് ഗ്രൂപ്പുകളിലെ സ്ഥിരം ചിത്രങ്ങളാണ്. ഫെയ്സ്ബുക് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്ന കുട്ടികളുടെ ചിത്രങ്ങൾ ബാല പീഡനവുമായി (പീഡോഫിൽ) ബന്ധപ്പെട്ടുള്ള അശ്ലീല വെബ്സൈറ്റുകളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നതായി റിപ്പോർട്ട്. ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം തുടങ്ങിയ വെബ്സൈറ്റുകളിൽ നിന്നെടുത്ത ദശലക്ഷക്കണക്കിന് ഫോട്ടോകളാണ് പീഡോഫിൽ ഇമേജ്–ഷെയറിങ് വെബ്സൈറ്റുകളിൽ അപ്‌ലോഡുചെയ്യുന്നത്. പ്രാദേശിക സമൂഹമാധ്യമങ്ങളിൽ നിന്നുൾപ്പെടെ എടുത്ത ചിത്രങ്ങളുണ്ടെങ്കിലും പകുതിയിലേറെ ഫോട്ടോകളും ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം എന്നിവയിൽ നിന്നു ഡൗൺലോഡ് ചെയ്തെടുത്തതാണ്.

ഫെയ്സ്ബുക്ക് വ്യാജ പ്രൊഫൈലുകളുടെ ലോകം

വ്യാജമുഖങ്ങളെയും പൊയ്മുഖങ്ങളെയും സൃഷ്ടിക്കുകയാണു തിരിച്ചറിയാനാകാതെ പെരുകിക്കൊണ്ടേയിരിക്കുന്ന അക്കൗണ്ടുകളുടെ പ്രളയകാലമാണിത്. ഒന്നിനോടൊന്നു സാദൃശ്യം എല്ലാത്തിനും തോന്നിയാൽ പിന്നെ കണ്ടുനിൽക്കുന്നവർ മിഴിക്കാതെ എന്തുചെയ്യും. വെറുതെ ഒരു രസത്തിനു വേണ്ടി ഉണ്ടാക്കുന്നതു മുതൽ തട്ടിപ്പിനുവരെ വ്യാജ ഫെയ്സ്ബുക് അക്കൗണ്ടുകൾ ജന്മമെടുക്കുന്നു.

വരുന്ന ഫ്രണ്ട് റിക്വസ്റ്റുകൾ സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കിലും ജീവിതം തന്നെ തകരും. അറിയാത്ത ഐഡികളിൽ നിന്നുള്ള ചാറ്റ് റിക്വസ്റ്റുകൾക്ക് തമാശയ്ക്ക് പോലും റിപ്ലെ നൽകരുത്. ചിലപ്പോഴെങ്കിലും അവർക്ക് നമ്മുടെ കാര്യങ്ങൾ കൃത്യമായി അറിഞ്ഞിട്ടാകാം വ്യാജ ഐഡി വഴി ബന്ധം സ്ഥാപിക്കാൻ ശ്രമിക്കുന്നത്. ഒരിക്കൽ വീണുപോയാൽ തിരിച്ചുവരവ് ബുദ്ധിമുട്ടായിരിക്കും. വിദ്യാർഥികളുടെ ഫെയ്സ്ബുക്, വാട്സാപ് അക്കൗണ്ടുകളും ചാറ്റുകളും പതിവായി രക്ഷിതാക്കൾ നിരീക്ഷിച്ച് വേണ്ട നിർദേശങ്ങൾ നൽകുക മാത്രമാണ് ഇതിനുള്ള ഏക പോംവഴി.

വ്യാജ ഫെയ്സ്ബുക് പ്രൊഫൈൽ എങ്ങനെ തിരിച്ചറിയാം?

∙ പ്രൊഫൈൽ ഫോട്ടോ പരിശോധിക്കുക. ആകെ ഒരു പ്രൊഫൈൽ ഫോട്ടോ മാത്രം അക്കൗണ്ടിൽ ഉള്ളൂവെങ്കിൽ വ്യാജനായിരിക്കും. പ്രൊഫൈൽ ചിത്രം സിനിമാ നടി/സുമുഖനായ പുരുഷൻ കൂടിയാണെങ്കിൽ ഫെയ്ക്ക് ആണെന്ന് ഉറപ്പിക്കാം. അല്ലെങ്കിൽ വ്യാജൻമാരുടെ ഫോട്ടോ ഫോൾഡറിൽ വ്യത്യസ്ത സെലിബ്രിറ്റികളുടെ ചിത്രങ്ങൾ കാണാനാകും. അതിൽ ആരെങ്കിലും ടാഗ് ചെയ്തിട്ടുണ്ടോ എന്ന് കൂടി പരിശോധിക്കുന്നത് നല്ലതാണ്.

∙ ടൈം ലൈനും, സ്റ്റാറ്റസ് അപ്ഡേറ്റും പരിശോധിക്കുക. ഏറെ കാലമായി ഒരു സ്റ്റാറ്റസും അപ്ഡേറ്റ് ചെയ്തിട്ടില്ലെങ്കിൽ വ്യാജനാകാം. പോസ്റ്റ് ഇടാതിരിക്കുക, മറ്റുള്ളവരുടെ പോസ്റ്റിനു കമന്റ് ചെയ്യാതിരിക്കുക. ഇതൊക്കെ ഫെയ്ക്കിന്റെ ലക്ഷണങ്ങളാണ്. 43 ശതമാനം ഫെയ്ക്കുകളും ഒരിക്കൽ പോലും ഒരു സ്റ്റാറ്റസ് അപ്ഡേറ്റ് നടത്താത്തവരാണ് എന്നതാണ് കണക്ക്. കൂടാതെ വാളിൽ ‘THANKS FOR ADDING, CAN WE BE FRIENDS, DO I KNOW YOU’ തുടങ്ങിയ ചില വാചകങ്ങൾ കാണുകയും അതിനാരും ഇതുവരെ മറുപടി നൽകിയിട്ടില്ലെങ്കിലും അതൊരു ഫെയ്ക്ക് ആയിരിക്കും.

∙ റീസെന്റ് ആക്റ്റിവിറ്റികൾ നോക്കുക. ഒരു പേജും ലൈക് ചെയ്യാതെ, ഒരു ഗ്രൂപ്പിലും ജോയിൻ ചെയ്യാതെ വെറുതെ ഫ്രണ്ട്സിന്റെ എണ്ണം മാത്രം വർധിപ്പിക്കുന്നതിൽ ശ്രദ്ധ ചെലുത്തുന്ന പ്രൊഫൈലുകൾ വ്യാജനായിരിക്കാം.

∙ ഫ്രണ്ട്സ് ലിസ്റ്റ് പരിശോധിക്കുക. ഒരു സ്ത്രീയുടെ അക്കൗണ്ടിൽ ഭൂരിപക്ഷവും പുരുഷന്മാർ, അല്ലെങ്കിൽ പുരുഷ അക്കൗണ്ടിൽ ഭൂരിപക്ഷവും സ്ത്രീകൾ ആയിരിക്കുന്നത് ഫെയ്ക്കിന്റെ ലക്ഷണമാണ്.

∙ ഒരു സ്ത്രീയുടെ പ്രൊഫൈലിൽ 4000 ൽ കൂടുതൽ ഫ്രണ്ട്സും ഫോളോവേഴ്സും ഉണ്ടെങ്കിൽ ഫെയ്ക്കിനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് വിദഗ്ധർ പറയുന്നത്.

∙ ജനനതീയതി, ജോലി ചെയ്യുന്ന സ്ഥലം, പഠിച്ചത് എവിടെ തുടങ്ങി കാര്യങ്ങൾ വെറുതെ ചേർത്തിരിക്കുന്ന പേജ് ആണെങ്കിൽ ഫെയ്ക്ക് ആയിരിക്കും. ഒരു പെൺകുട്ടിയുടെ പ്രൊഫൈലിൽ ഫോൺ നമ്പർ ഉണ്ടെങ്കിൽ അതൊരു ഫെയ്ക്ക് ആകാനാണ് സാധ്യത. സാധാരണയായി ഭൂരിഭാഗം പെൺകുട്ടികളും ഫോൺ നമ്പർ ചേർക്കാറില്ല, അല്ലെങ്കിൽ പബ്ലിക്കായി ഇടാറില്ല.

∙ പ്രൊഫൈൽ ചിത്രങ്ങള്‍ ഉപയോഗിച്ച് ഗൂഗിൾ സേർച്ച് നടത്തിയാൽ ആ ഫോട്ടോയുടെ ഉറവിടം കണ്ടെത്താനും സാധിക്കും. പ്രൊഫൈൽ ചിത്രത്തിൽ റൈറ്റ് ക്ലിക്ക് ചെയ്തു ‘ Search Google for this image’ സെലക്റ്റ് ചെയ്താൽ മതി.