'ഹിറ്റ് ഓര്‍ മിസ്': പോൺ നടിയിൽ നിന്ന് ടിക്ടോക്കിലേക്കുള്ള ദൂരം

ഫെയ്‌സ്ബുക് ട്രെന്‍ഡ് താരതമ്യേന പരമ്പരാഗതമായ രീതിയില്‍ സന്ദേശങ്ങളും വിഡിയോയും ഫോട്ടോയുമൊക്കെ ഷെയർ ചെയ്യുന്ന രീതിയാണ് കൊണ്ടുവന്നതെങ്കില്‍ ചൈനീസ് ആപ് ആയ ടിക്‌ ടോക് കൂടുതല്‍ തരംഗമുണ്ടാക്കുന്ന ട്രെന്‍ഡുകള്‍ പ്രചരിപ്പിക്കുകയാണ്. അവയില്‍ ഏറ്റവും പുതിയതാണ് 'ഹിറ്റ് ഓര്‍ മിസ്'.

അത്രയ്ക്കു പ്രശസ്തമാണോ ഹിറ്റ് ഓര്‍ മിസ്?

ഗൂഗിള്‍ ട്രെന്‍ഡ്‌സ് പരിശോധിച്ചാല്‍ ലോകത്തെ പുതിയ ട്രെന്‍ഡുകള്‍ കാണാം. പ്രത്യേകിച്ച് യാതൊരു കാരണവുമില്ലാതെ ഹിറ്റ് ഓര്‍ മിസ് എന്ന പ്രയോഗം സേര്‍ച് ചെയ്യപ്പെടുന്നത് 2018 ഒക്ടോബറിലാണ് കണ്ടത്. കാരണം അന്വേഷിക്കുമ്പോഴാണ് പുതിയതും വിചിത്രവുമായ ഒരു ടിക്‌ടോക് 'ആചാര'ത്തിന് പ്രചാരമേറുന്ന കാര്യം കാണാന്‍ സാധിക്കുന്നത്. ഓൺലൈൻ ഉപയോക്താക്കൾക്ക് പിടിപ്പെട്ട ഒരു അസുഖമാണെന്നാണ് ചിലർ ഇതിനെ വിശേഷിപ്പിക്കുന്നത്. ചിലർ ഭ്രാന്തെന്നും വിളിക്കുന്നു.

ഹിറ്റ് ഓര്‍ മിസ്–ചരിത്രം

മിയ ഖലീഫ (Mia Khalifa) എന്ന പോണ്‍ സ്റ്റാറുമായി ബന്ധപ്പെട്ടാണ് ഇതിന്റെ ഉദയം. 2014ലെ പോണ്‍ഹബിന്റെ ടോപ് പെര്‍ഫോര്‍മറായി തിരഞ്ഞെടുക്കപ്പെട്ട താരത്തിന് വധ ഭീഷണി വന്നതു മുതല്‍ അവര്‍ അരങ്ങു വിടുകയായിരുന്നു. ഹിജാബ് (hijab) ധരിച്ച് പോണ്‍ വിഡിയോയില്‍ പ്രത്യക്ഷപ്പെട്ടതിനാണ് ഭീഷണി.

2017ല്‍ ഐലവ്‌ഫ്രൈഡേ (iLOVEFRiDAY ) എന്ന മ്യൂസിക് ട്രൂപ് മിയ ഖലിഫയ്‌ക്കെതിരെ ഇറങ്ങിയ വ്യാജ ട്വീറ്റ് കേന്ദ്രമാക്കി ഒരു വിഡിയോ ഇറക്കി. ഇതിന് യുട്യൂബില്‍ മൂന്നര കോടിയോളം സന്ദർശകരെ കിട്ടി. തുടര്‍ന്ന് 2018ല്‍ @nyannyancosplay എന്ന ടിക്ടോക് ഉപയോക്താവ് ഈ പാട്ടിനെ ആസ്പദമാക്കി ഒരു ക്ലിപ് പോസ്റ്റു ചെയ്യുകയും തുടര്‍ന്ന് 280,000 ലേറെ ഫോളോവേഴ്‌സിനെ ലഭിക്കുകയും ചെയ്തു.

ഹിറ്റ് ഓര്‍ മിസ്/ഐ ഗസ് ദേ നെവര്‍ മിസ്, ഹ? ( 'Hit or miss/I guess they never miss, huh?/You got a boyfriend, I bet he doesn't kiss ya/He gon' find another girl and he won't miss ya/He gon' skrrt and hit the dab like Wiz Khalifa.' ) എന്ന ഭാഗമാണ് ഈ ഉപയോക്താവ് തന്റെ വിഡിയോയില്‍ ഉപയോഗിച്ചത്. തുടര്‍ന്ന് ടിക്‌ടോക്കില്‍ ഇതേ ലിറിക്‌സ് ഉപയോഗിച്ച് ആയിരക്കണക്കിനു വിഡിയോ പോസ്റ്റു ചെയ്യപ്പെട്ടു.

രഹസ്യ ഷെയ്ക് ഹാന്‍ഡ്

തുടര്‍ന്ന് റ്റോമസ് റിജ്‌വെല്‍ എന്ന ഉപയോക്താവ് ഹിറ്റ് ഓര്‍ മിസ് എന്ന പ്രയോഗം രണ്ടു പേര്‍ തമ്മിലൊരു രഹസ്യ ഷെയ്ക് ഹാന്‍ഡ് ആകുമോ എന്നറിയാന്‍ ശ്രമിച്ചു. അദ്ദേഹം തെരുവിലെത്തി 'ഹിറ്റ് ഓര്‍ മിസ്' എന്ന് അലറി വിളിച്ചു. അദ്ദേഹത്തെ അദ്ഭുതപ്പെടുത്തിക്കൊണ്ട് ആരോ 'ഐ ഗസ് ഐവില്‍ നെവര്‍ മിസ്, യാ' എന്ന് മറുപടി നല്‍കി. മറുപടി നല്‍കിയ ആള്‍ക്ക് പാട്ടിന്റെ വരികള്‍ തെറ്റിപ്പോയി. പക്ഷേ, ഇങ്ങനെയാണ് #hitormiss ചലഞ്ചിന്റെ തുടക്കം. ആളുകള്‍ പൊതു സ്ഥലങ്ങളിലെത്തി ഹിറ്റ് ഓര്‍ മിസ് എന്ന് ഉറക്കെ പറയുകയാണ് ചെയ്യുന്നത്.

മിയ ഖലീഫ 2015ല്‍ പോണ്‍ പരിപാടി നിർത്തിപോയി 'നന്നായി' ജീവിക്കുന്നു. തെറ്റായ ഒരു ട്വീറ്റ് പാട്ടു പുറത്തിറക്കാന്‍ കാരണമാകുന്നു. പുതിയ ട്രെന്‍ഡ് കിട്ടാന്‍ കാത്തിരിക്കുന്ന ടിക്‌ടോക്കിന് അതൊരു ആഘോഷമാകുന്നു. ഇതാണ് ഈ വര്‍ഷത്തെ ഏറ്റവും പുതിയ 'ഹിറ്റ് ഓര്‍ മിസ്' ട്രെന്‍ഡിനു പിന്നില്‍.