മോദിയെ ട്വിറ്റർ ചതിച്ചു, ജനങ്ങൾ ശ്രദ്ധിച്ചില്ല; രാഹുലിനെ രക്ഷിച്ചത് ആ 30 ട്വീറ്റുകൾ

അഞ്ചു സംസ്ഥാനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നടത്തിയ മുന്നേറ്റം ഒരർഥത്തിൽ പാർട്ടിയുടെ മാറുന്ന പ്രചരണ തന്ത്രങ്ങളുടെ വിജയം കൂടിയായിരുന്നു. 2014ൽ സമൂഹമാധ്യമങ്ങളിലും ഇന്‍റർനെറ്റിലും മോദി നിറഞ്ഞാടിയപ്പോൾ ബഹുദൂരം പിന്നിലായിരുന്ന രാഹുൽ ഗാന്ധിയുടെ ശക്തമായ തിരിച്ചുവരവിന്‍റെ കേളികൊട്ടു കൂടിയാണ് ഈ ജയം. സമൂഹമാധ്യമമായ ട്വിറ്ററിൽ ഫോളവേഴ്സിന്‍റെ കാര്യത്തിൽ മോദിയാണ് മുന്നിലെങ്കിലും കൂടുതൽ സ്വീകാര്യത ലഭിക്കുന്നത് രാഹുലിന്‍റെ ട്വീറ്റുകൾക്കാണെന്നാണ് സമീപകാല കണക്കുകൾ വ്യക്തമാക്കുന്നത്. ട്വീറ്റുകളുടെ കാര്യത്തിൽ മുന്നിൽ നിൽക്കുമ്പോഴാണ് സ്വീകാര്യതയിലെ ഈ വലിയ അന്തരം മോദിയെ പിന്നോട്ടുവലിക്കുന്നത്. പുതിയ പദ്ധതികളുടെ പ്രഖ്യാപനമുൾപ്പെടെ വ്യത്യസ്ത വിഷയങ്ങളെ അധികരിച്ചാണ് പ്രധാനമന്ത്രിയുടെ ട്വീറ്റുകളെങ്കിൽ രാഷ്ട്രീയ സ്വഭാവമുള്ളവയാണ് രാഹുലിന്‍റെ ട്വീറ്റുകൾ. ട്വീറ്റുകള്‍ക്കു ലഭിച്ച ലൈക്കുകളുടെയും മറുപടികളുടെയും കാര്യത്തിൽ രാഹുൽ മോദിയെക്കാൾ ഏറെ മുന്നിലാണ്. റീട്വീറ്റുകളുടെ കാര്യത്തിലും രാഹുലാണ് മുന്നിൽ.

തൊഴിലില്ലായ്മ, കർഷകരുടെ പ്രശ്നങ്ങൾ, പ്രധാനമന്ത്രിക്കെതിരായ കുറ്റപ്പെടുത്തലുകൾ എന്നിവയാണ് രാഹുൽ ഗാന്ധിയുടെ ട്വീറ്റുകളിൽ നല്ലൊരു പങ്കും. മോദിയുടെ സാന്നിധ്യം വോട്ടായി മാറുന്നതിൽ സംഭവിച്ച കുറവിനു സമാനമായ ഒരു ഇടിവ് ട്വീറ്റുകളുടെ സ്വീകാര്യതയിലും സംഭവിച്ചിട്ടുള്ളതായി കാണാം. കര്‍ഷകരെയും കൃഷിയെയും സംബന്ധിച്ച് ഏകദേശം തുല്യമായ ട്വീറ്റുകളാണ് ഇരു നേതാക്കളും 2017ൽ നടത്തിയത്. രാഹുൽ ഗാന്ധി ഈ വിഷയത്തിൽ 59 ട്വീറ്റുകൾ പോസ്റ്റു ചെയ്തപ്പോൾ മോദിയുടെ വകയായി എത്തിയത് 69 ട്വീറ്റുകളാണ്. ലൈക്കുകളുടെയും റീട്വീറ്റുകളുടെയും മറുപടികളുടെയും കാര്യത്തിൽ 2017ൽ മോദിയായിരുന്നു മുന്നിൽ. എന്നാൽ 2018ല്‍ കഥ മാറി. 138 ട്വീറ്റുകളുമായി കർഷക രംഗത്തോട് മോദി കൂടുതൽ അടുത്തു നിന്നെങ്കിലും ഇത് സ്വീകാര്യതയുടെ കാര്യത്തിൽ പ്രതിഫലിച്ചില്ല. ഈ വിഷയത്തിൽ കേവലം 24 ട്വീറ്റുകൾ മാത്രം നടത്തിയ കോൺഗ്രസ് അധ്യക്ഷന് 20,651 ലൈക്കുകളും 6,473 റീട്വീറ്റുകളും 2,850 മറുപടികളുമാണ് ലഭിച്ചത്. മോദിക്കു ലഭിച്ചതാകട്ടെ 10,843 ലൈക്കുകളും 2516 റീട്വീറ്റുകളും 585 മറുപടികളും മാത്രം. ഏതാണ്ടു അഞ്ചിരട്ടിയിലേറെ ട്വീറ്റുകള്‍ നടത്തിയിട്ടാണ് ഇത്ര ശുഷ്കമായ പ്രതികരണം എന്നതു കൂടി കൂട്ടിവായിക്കണം. 

തൊഴിലില്ലായ്മയെക്കുറിച്ചു കൂടുതൽ ട്വീറ്റുകൾ വന്നത് രാഹുലിന്‍റെ ഭാഗത്തു നിന്നാണ് – 30. മോദിയാകട്ടെ ഈ വിഷയത്തിൽ നടത്തിയത് 15 ട്വീറ്റുകളാണ്. ലൈക്കുകളും റീട്വീറ്റുകളും മറുപടികളും സ്വാഭാവികമായും രാഹുലിനു തന്നെ കൂടുതൽ ലഭിച്ചു. 2017ന്‍റെ തുടക്കം മുതൽ ഇതുവരെയായി 1381 ട്വീറ്റുകളാണ് രാഹുൽ നടത്തിയത്. ഇതിൽ ഓരോ പതിമൂന്നു ട്വീറ്റുകൾക്കുമിടെ ഒരിക്കലെങ്കിലും മോദി വിഷയമായി. എന്നാൽ പ്രധാനമന്ത്രി നടത്തിയ ട്വീറ്റുകളിൽ ഒന്നുപോലും രാഹുൽ ഗാന്ധിയെ നേരിൽ പരാമർശിച്ചുള്ളതായിരുന്നില്ല. 44.7 ദശലക്ഷം ഫോളവേഴ്സുള്ള മോദി ഉണ്ടാക്കുന്നതിനെക്കാൾ പ്രഭാവം 8.08 ദശലക്ഷം ഫോളവേഴ്സുള്ള രാഹുൽ സൃഷ്ടിക്കുന്നതായാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. തിരഞ്ഞെടുക്കുന്ന വിഷയങ്ങൾ കൂടുതൽ സ്വീകാര്യതയുള്ളതാണെന്ന വസ്തുതയാണ് കണക്കിലെ ഈ കളിയിൽ രാഹുലിനെ രാജാവാക്കുന്നത്. 2019ലെ തിരഞ്ഞെടുപ്പു സമൂഹമാധ്യമങ്ങളിലെയും ഡേറ്റ അനാലിസിസിന്‍റെയും കൂടി കളിയാകുമ്പോൾ നേതാക്കൾ തമ്മിലുള്ള പോരും കനക്കുമെന്നു ഉറപ്പ്.