മനുഷ്യന്റെ ഏറ്റവും ബുദ്ധിപരമായ സൃഷ്ടികളിലൊന്നാണ് പണം. പരസ്പര വിനിമയം എളുപ്പമാക്കിയെങ്കിലും പിന്നീട് മനുഷ്യനിടയില്‍ വന്നു ചേര്‍ന്ന മിക്ക ഉച്ചനീചത്വങ്ങളുടെയും പിന്നില്‍ പണമാണെന്ന് നരവംശ ശാസ്ത്രജ്ഞര്‍ പറയുന്നു. നമ്മള്‍ ഇപ്പോള്‍ കാണുന്ന കറന്‍സികള്‍ രാജ്യങ്ങളുടെ നിയന്ത്രണത്തിലാണ്. എന്നാല്‍ ബിറ്റ്‌കോയിന്‍ പോലെയുള്ള ക്രിപ്‌റ്റോകറന്‍സികളും ഇന്നു ലഭ്യമാണ്. എന്നു പറഞ്ഞാല്‍, രാജ്യങ്ങളുടെ കറന്‍സികളല്ലാത്ത പണമുപയോഗിച്ചും വിനിമയം സാധ്യമാണ്. പണം ശേഖരിക്കാനും നിയന്ത്രിക്കാനുമാകുമ്പോള്‍ അധികാരവും കൂടെ വരുന്നു.
ബിറ്റ്‌കോയിന്‍ അടക്കമുള്ള ക്രിപ്‌റ്റോകറന്‍സികള്‍ക്ക് പ്രതീക്ഷിച്ചത്ര വിജയം നേടാനായില്ല. എന്നാല്‍ ലോകത്തെ ഏറ്റവും വലിയ കമ്പനികളിലൊന്നായ ഫെയ്‌സ്ബുക് സ്വന്തം കറന്‍സിയുമായി എത്തുമ്പോള്‍ പല സമവാക്യങ്ങളും തെറ്റിയേക്കാം. അത് ഇന്ത്യയിലാണ് ആദ്യം അവതരിപ്പിക്കാന്‍ ശ്രമിക്കുന്നതെന്നും വാര്‍ത്തകളുണ്ട്. ഇന്ത്യയിൽ ക്രിപ്‌റ്റോകറന്‍സിയെ ഇപ്പോള്‍ പ്രോത്സാഹിപ്പിക്കുന്നില്ല. പക്ഷേ, ഫെയ്‌സ്ബുക് പോലെയൊരു കമ്പനി അത്തരമൊരു ഉദ്യമവുമായി എത്തിയാല്‍ അധികാരികളെക്കൊണ്ട് എന്തുനയം സ്വീകരിപ്പിക്കുമെന്നതും കാത്തിരുന്നു കാണേണ്ട കാര്യമാണ്.
ഇന്ത്യന്‍ ബിസിനസ് രാജാവ് മുകേഷ് അംബാനിയും സ്വന്തം ക്രിപ്‌റ്റൊകറന്‍സി ഇറക്കാന്‍ ശ്രമിച്ചേക്കുമെന്ന് ചില അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതെല്ലാം യാഥാര്‍ഥ്യമായാല്‍ സമൂഹത്തിലും ബാങ്കിങ് മേഖലയിലുമൊക്കെ സൃഷ്ടിച്ചേക്കാവുന്ന ആഘാതം ഇപ്പോള്‍ അപ്രവചനീയമാണ്. ഫെയ്‌സ്ബുക്കിന്റെ ക്രിപ്‌റ്റോകറന്‍സിയെ കുറിച്ചുള്ള ഏറ്റവും പുതിയ കേട്ടറിവ് ഇതാണ്:
ഫെയ്‌സ്ബുക്കിന്റെ അധീനതയിലുള്ള വാട്‌സാപ്പിലൂടെ കൈമാറ്റം സാധ്യമാകുന്ന രീതിയിലായിരിക്കും പുതിയ ക്രിപ്‌റ്റോ കറന്‍സി അവതരിപ്പിക്കുക. അന്തിമമായ പേര് പുറത്തു വിട്ടിട്ടില്ലെങ്കിലും ഇപ്പോള്‍ അറിയപ്പെടുന്നത് സ്റ്റേബിള്‍കോയിന്‍ (stablecoin) എന്നാണ്. ലോകത്തെ മറ്റു പല വമ്പന്‍ കമ്പനികളെയും പോലെ ബ്ലോക്‌ചെയിന്‍ ടെക്‌നോളജിയുടെ സാധ്യത ആരായാന്‍ ഫെയ്‌സ്ബുക് ശ്രമിക്കുമ്പോള്‍, അമേരിക്കന്‍ ഡോളറുമായി ബന്ധപ്പെടുത്തിയായിരിക്കും സ്‌റ്റേബിൾകോയിന്‍ പുറത്തിറക്കുക. ഡോളറുമായി ബന്ധപ്പെടുത്തുന്നതിനാല്‍ ഇത് ബിറ്റ്‌കോയിന്‍ അടക്കമുള്ള മറ്റു ക്രിപ്‌റ്റോകറന്‍സികളെ പോലെ മൂല്യത്തില്‍ ചാഞ്ചാട്ടമുള്ളതായിരിക്കില്ല.
ലോകത്തെ ഏറ്റവു വലിയ ബിസിനസ് വാര്‍ത്താ ഏജന്‍സിയായ ബ്ലൂംബര്‍ഗ് പറയുന്നത് ഇന്ത്യയിലായിരിക്കും ഈ കറന്‍സി അവതരിപ്പിക്കുക എന്നാണ്. വിദേശത്തുനിന്നു ബന്ധുക്കളും മറ്റും കുടുംബാംഗങ്ങള്‍ക്ക് ധാരാളമായി പണമയയ്ക്കുന്നു എന്നത് ഇന്ത്യയെ ലക്ഷ്യമിടാനുള്ള കാരണങ്ങളില്‍ ഒന്നാണ്. ഇന്ത്യയില്‍ 69 ബില്ല്യന്‍ ഡോളറിന്റെ റെമിറ്റന്‍സ് 2017ല്‍ നടന്നുവത്രെ. കൂടാതെ, വാട്‌സാപ്പിന്റെ ലോകത്തെ ഏറ്റവും വലിയ വിപണിയും ഇന്ത്യയാണ്, 20 കോടി ഉപയോക്താക്കള്‍.
ഫെയ്‌സ്ബുക് എന്തോ സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ ഒരുങ്ങുകയാണെന്ന അഭ്യുഹങ്ങള്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി കേള്‍ക്കാമായിരുന്നു. ഇതിന്റെ കാരണം മുന്‍ പേപാല്‍ (PayPal) പ്രസിഡന്റ് ഡേവിഡ് മാര്‍ക്കസിനെ (David Marcus ) തങ്ങളുടെ ബ്ലോക് ചെയിൻ വിഭാഗത്തിന്റെ തലവനാക്കി നിയമിച്ചതായിരുന്നു. എന്നാല്‍ അദ്ദേഹവും അദ്ദേഹത്തിന്റെ കീഴില്‍ ജോലി ചെയ്യുന്നവരും കൃത്യമായി എന്തു ജോലിയാണ് ചെയ്യുന്നത് എന്നതിനെപ്പറ്റി ആര്‍ക്കും ഒരു വിവരവുമില്ല. തങ്ങള്‍ ബ്ലോക്‌ചെയിന്‍ കറന്‍സിയുടെ സാധ്യതകള്‍ ആരായുകയുന്നുണ്ടെന്നും, അതേപ്പറ്റി കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ വെളിയില്‍ വിടില്ലെന്നുമാണ് ഒരു ഫെയ്‌സ്ബുക് ഉദ്യോഗസ്ഥന്‍ ബ്ലൂംബര്‍ഗിനോടു പറഞ്ഞത്.
എന്താണ് ക്രിപ്‌റ്റോകറന്‍സി?
ഓണ്‍ലൈനായി വിവിധതരം ഇടപാടുകള്‍ നടത്താന്‍ സാധിക്കുന്ന ഡിജിറ്റല്‍ കറന്‍സിയാണ് ക്രിപ്‌റ്റോകറന്‍സി. പണം എന്ന സങ്കല്‍പ്പത്തെ ഇന്റര്‍നെറ്റ് പുനര്‍വിഭാവനം ചെയ്യുകയാണ് ഇതിലൂടെ. സ്വന്തമാക്കാവുന്ന, കൈമാറ്റം ചെയ്യാവുന്ന, അനന്യമായ ഡിജിറ്റല്‍ രേഖയാണിത്. ബ്ലോക് ചെയിൻ ഉപയോഗിച്ചാണ് ഇവ സൃഷ്ടിക്കുന്നത്. ഉണ്ടാക്കുന്നതിനും കൈമാറ്റം ചെയ്യന്നതിനും കൃത്യമായ മാനദണ്ഡങ്ങളുമുണ്ട്. എന്നാല്‍ ഓരോ ക്രിപ്‌റ്റോകറന്‍സിയുടെയും നിയമം തമ്മില്‍ കുറച്ചു വ്യത്യാസങ്ങളുണ്ടായിരിക്കും.
ബിറ്റ്‌കോയിനുകള്‍ കംപ്യൂട്ടര്‍കോഡുകളിലൂടെ സൃഷ്ടിക്കപ്പട്ടവയും ഡിജിറ്റല്‍ ഒപ്പുകളാല്‍ സാക്ഷ്യപ്പെടുത്തിയവയുമാണ്. ഒരോ തവണയും അവ കൈമാറ്റം ചെയ്യപ്പെടുമ്പോഴും അവയില്‍ ഡിജിറ്റല്‍ ഒപ്പുകള്‍ പതിയും. എട്ടു വര്‍ഷം മുൻപ് സൃഷ്ടിക്കപ്പെട്ട ബിറ്റ്‌കോയിനാണ് ആദ്യത്തെ ക്രിപ്‌റ്റോകറന്‍സി. കോയിന്‍ബെയസ് (Coinbase), ബിറ്റ്ഫിനെക്‌സ് (Bitfinex) തുടങ്ങിയ എക്‌സ്‌ചേഞ്ചുകളില്‍ നിന്ന് ബിറ്റ്‌കോയിന്‍ വാങ്ങാം. ക്രിപ്‌റ്റോകറന്‍സി ഉപയോഗിച്ച് ഇപ്പോള്‍ ഓരോ 24 മണിക്കൂറും 270,000 ഇടപാടുകള്‍ നടക്കുന്നുണ്ട്.
ഈ ഡിജിറ്റല്‍ പണം നോട്ടുകളോ, നാണയങ്ങളോ ആയി വാങ്ങാന്‍ പറ്റില്ല. നിങ്ങള്‍ ക്രിപ്‌റ്റോകറന്‍സി വാങ്ങിയാല്‍ അത് ഈ നെറ്റ്‌വര്‍ക്കിലുള്ള മറ്റു കോയിന്‍ ഉടമകളുടെ പൊതു സമ്മതത്തോടെ, നിയമപരമായി 'ഖനനം' ചെയ്തതാണെന്നു പതിച്ചു കിട്ടുകയാണ് ചെയ്യുന്നത്. കൈമറ്റത്തെക്കുറിച്ചുള്ള രേഖകള്‍ ലോകത്തെ വിവിധ കംപ്യൂട്ടറുകളില്‍ സൂക്ഷിക്കപ്പെടും. ആളുകളുടെ ആര്‍ത്തിയാണ് ഈ നെറ്റ്‌വര്‍ക്കിനെ നിലനിര്‍ത്തുന്നതെന്നു പറയുന്നു.
ബ്ലോക്‌ചെയിന്‍ ടെക്‌നോളജി പരിചിതരായ മൈനര്‍മാരുടെ (miner-ഖനനം ചെയ്യുന്നയാളുകള്‍) സഹായത്തോടെ, കംപ്യൂട്ടിങ് ശക്തിയുപയോഗിച്ച് സത്യസന്ധമായ ഒന്നായി നിലനിര്‍ത്തിപ്പോരുകയാണ്. മൈനര്‍മാര്‍ ബ്ലോക് ചെയിൻ സുരക്ഷിതമായി നിലനിര്‍ത്തുകയാണെങ്കില്‍ 'കളളപ്പണ' പ്രശ്‌നം ഉദിക്കുന്നേയില്ല എന്നതുമൊരു നേട്ടമാണ്. എന്നാല്‍, ബാങ്കുകളുടെയും മറ്റും ഇടനിലയില്ലാതെ കൈമാറ്റം ചെയ്യപ്പെടുന്നതിനാല്‍ ഇത് സ്വാതന്ത്ര്യം ഇഷ്ടപ്പെടുന്നവരുടെയും ടെക്‌നോളജിപ്രേമികളുടെയും ഊഹക്കണക്കുകാരുടെയും ഒപ്പം ക്രമിനലുകളുടെയും ഇഷ്ട വിനിമയ രീതിയായി തീരുകയാണ്.