ഇന്ത്യയിലും സ്വകാര്യതയ്ക്ക് ‘പുല്ലുവില’; വാട്സാപ്പിലെ ഫോട്ടോകളും പരിശോധിക്കും?

ഇന്ത്യയിലെ ഓൺലൈൻ മേഖലയിൽ കൂടുതൽ നിരീക്ഷണങ്ങളും നിയന്ത്രണങ്ങളും നടപ്പിലാക്കാൻ പോകുകയാണ് കേന്ദ്ര സർക്കാർ. ഇതിന്റെ ഭാഗമായി ഓൺലൈനിലും സോഷ്യൽമീഡിയകളിലും ഉപയോക്താക്കൾ പോസ്റ്റ് ചെയ്തിട്ടുള്ള രഹസ്യവും പരസ്യവുമായ എല്ലാ ചിത്രങ്ങളും പരിശോധിക്കാനാണ് പുതിയ നീക്കം. വാട്സാപ്പിൽ ഓരോ ദിവസം കോടിക്കണക്കിന് ചിത്രങ്ങളാണ് പോസ്റ്റ് ചെയ്യുന്നത്. ഇതെല്ലാം നിരീക്ഷിക്കാനാണ് പദ്ധതി.

മൈക്രോസോഫ്റ്റിന്റെ ‘ഫോട്ടോ ഡിഎൻഎ’ സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ സോഷ്യൽമീഡിയകളിലെ രഹസ്യവും പരസ്യവുമായ എല്ലാ ഫോട്ടോകളും പരിശോധിക്കാൻ വിവിധ ടെക് കമ്പനികൾ തയാറാകണമെന്നാണ് സിബിഐ ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യത്തെ ഏതു കംപ്യൂട്ടറിലും സെര്‍വറിലും നിരീക്ഷണം നടത്താൻ അന്വേഷണ ഏജൻസികൾക്ക് അനുവാദം നൽകിയതിന് തൊട്ടുപിന്നാലെയാണ് പുതിയ നീക്കം

സിആർപിസി സെക്‌ഷൻ 91 പ്രകാരം സോഷ്യൽമീഡിയ ചിത്രങ്ങൾ നിരീക്ഷിക്കണം. പരിശോധനയുടെ ഭാഗമായി സിബിഐ തന്നെ നേരത്തെ ചില ഫോട്ടോകൾ സോഷ്യൽമീഡിയ കമ്പനികൾക്ക് നല്‍കിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ചില ഫോട്ടോകൾ ഡിഎൻഎ സോഫ്റ്റ്‌വെയർ ടെസ്റ്റിങ്ങിന് വിധേയമാക്കണമെന്നാണ് സിബിഐ നിർദ്ദേശം.

കുട്ടികൾക്കെതിരായ ലൈംഗിക ചൂഷണങ്ങൾ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ഫോട്ടോ ഡിഎൻഎ സോഫ്റ്റ്‌വെയർ പരീക്ഷിക്കാൻ തുടങ്ങിയത്. എന്നാൽ ഇതിന്റെ പേരും പറഞ്ഞ് നിരവധി സെലിബ്രിറ്റികളുടെയും രാഷ്ട്രീയക്കാരുടെയും രഹസ്യവും പരസ്യവുമായ ചിത്രങ്ങൾ അനുമതിയില്ലാതെ ഇവര്‍ പരിശോധിക്കുന്നുണ്ട്. അതേസമയം, ഇതേ സോഫ്റ്റ്‌വെയർ യൂറോപ്യന്‍ രാജ്യങ്ങളിൽ വന്‍ വിവാദത്തിനു കാരണമായിരുന്നു.

വിവാദ സോഫ്റ്റ്‍‌വെയറിന്റെ ഉപയോഗം ഉപേക്ഷിക്കണമെന്ന് യൂറോപ്യൻ യൂനിയൻ ശക്തമായി തന്നെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ട്വിറ്റർ, മൈക്രോസോഫ്റ്റ്, യുട്യൂബ്, ഫെയ്സ്ബുക് തുടങ്ങി മുൻനിര സോഷ്യൽമീഡിയ കമ്പനികളൊന്നും സോഫ്റ്റ്‌വെയർ വഴിയുള്ള പരിശോധന അനുവദിക്കില്ല. ഇതിനു വേണ്ടിയാണ്, യൂറോപ്യൻ യൂനിയൻ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട സോഫ്റ്റ്‌വെയർ വേണമെന്ന് സിബിഐ നിർദ്ദേശിക്കുന്നത്.

എന്നാൽ സിബിഐയുടെ ഫോട്ടോ ഡിഎൻഎ ടെസ്റ്റ് നടപ്പിലാക്കണമോ, വേണ്ടയോ എന്നത് സോഷ്യൽമീഡിയ കമ്പനികൾക്ക് തീരുമാനിക്കാം. ഇക്കാര്യത്തിൽ സര്‍ക്കാർ ശക്തമായ നിലപാടുമായി രംഗത്തുവന്നാൽ രാജ്യത്തെ ജനങ്ങളുടെ സോഷ്യൽമീഡിയ സ്വകാര്യത പൂര്‍ണമായും നഷ്ടപ്പെടുമെന്നാണ് വിദഗ്ധർ പറയുന്നത്.