വോട്ടിങ് മെഷീന്റെ വിശ്വാസ്യത ചോദ്യം ചെയ്ത് ഡൽഹി നിയമസഭയിൽ ആം ആദ്മി എംഎൽഎ നടത്തിയ തൽസമയ ഡെമോ ചർച്ചയാകുന്നു. സാങ്കേതികമായി അൽപം വിവരം ഉണ്ടെങ്കിൽ മെഷീൻ ഹാക്ക് ചെയ്ത് വോട്ട് മറിക്കാമെന്നാണ് ലൈവ് ഡെമോയിലൂടെ വെളിപ്പെടുത്തിയത്. അതേസമയം, ആം ആദ്മി ഡെമോയ്ക്ക് കൊണ്ടുവന്നത് ഒറിജിനൽ മെഷീൻ അല്ലെന്ന് പ്രതിപക്ഷം വാദിച്ചു. രഹസ്യ കോഡ് ഉപയോഗിച്ച് വോട്ടുകൾ മറിക്കാമെന്നാണ് ഡെമോയിൽ കാണിക്കുന്നത്.
കംപ്യൂട്ടർ സയൻസിൽ ബിരുദം നേടിയിട്ടുള്ള എംഎൽഎ ഭരദ്വാജ് ആണ് വോട്ടിങ് മെഷീൻ ഹാക്ക് ചെയ്യാമെന്ന് നിയമസഭയ്ക്ക് മുന്നിൽ വെളിപ്പെടുത്തിയത്. ഈ രഹസ്യ കോഡ് അറിയുന്ന ഏതു വോട്ടർക്കും മെഷീൻ ഹാക്ക് ചെയ്യാം. പിന്നീട് പോൾ ചെയ്യുന്ന വോട്ടുകളെല്ലാം ഒരേ സ്ഥാനാർഥിക്ക് മാത്രമാണ് ലഭിക്കുക എന്നും ആംആദ്മി എംഎൽഎ അവകാശപ്പെടുന്നുണ്ട്. ഓരോ സ്ഥാനാർഥിക്കും ഓരോ കോഡ് ഉണ്ടാകും. ഈ മനസ്സിലാക്കിയാൽ മെഷീൻ ഹാക്ക് ചെയ്ത് ഇഷ്ടപ്പെട്ട സ്ഥാനാർഥിക്ക് വോട്ടുകൾ മറിക്കാം. എന്നാൽ ഈ രഹസ്യകോഡ് എങ്ങനെ, എവിടെ നിന്നു ലഭിക്കുമെന്നത് എംഎൽഎ വ്യക്തമാക്കിയില്ല.
വോട്ടിങ് മെഷീന്‍
നേരത്തെയും പല മേഖലകളില്‍ നിന്നും വോട്ടിങ് മെഷീന്റെ വിശ്വാസ്യതയെക്കുറിച്ച് ആശങ്കകള്‍ ഉയര്‍ന്നിട്ടുണ്ട്. ഒരു കണ്‍ട്രോള്‍ യൂണിറ്റും ബാലറ്റ് യൂണിറ്റും അഞ്ച് മീറ്റര്‍ കേബിളുമാണ് വോട്ടിങ് മെഷീന്റെ പ്രധാന ഭാഗങ്ങള്‍. വോട്ടിങ് മെഷീന്‍ വന്നതോടെ വോട്ടെണ്ണല്‍ അനായാസമായെങ്കിലും കൃത്രിമം കാണിക്കാനുള്ള സാധ്യതയും വര്‍ധിച്ചിരിക്കുകയാണ്. വോട്ടിങ് മെഷീന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് പ്രാഥമിക ധാരണയുള്ള ഒരു ഹാക്കര്‍ക്ക് വോട്ടുകളുടെ എണ്ണത്തില്‍ മാറ്റം വരുത്താനോ ഒരു പ്രത്യേക സ്ഥാനാര്‍ഥിക്ക് കൂടുതല്‍ വോട്ടു കിട്ടുന്ന രീതിയിലേക്ക് സജ്ജീകരിക്കാനോ ലളിതമായി തന്നെ സാധിക്കും.
അഞ്ച് വോള്‍ട്ടിന്റ ബാറ്ററിയാണ് വോട്ടിങ് മെഷീനുകള്‍ പ്രവര്‍ത്തിപ്പിക്കാൻ ഉപയോഗിക്കുന്നത്. രേഖപ്പെടുത്തിയ വോട്ട് കൃത്യമാണോ എന്നറിയാന്‍ സാധിക്കില്ലെന്നത് വലിയ പോരായ്മയാണ്. രേഖപ്പെടുത്തിയ ചിഹ്നത്തില്‍ ബീപ്പ് ശബ്ദത്തോടെ ലൈറ്റ് പ്രകാശിക്കുമെങ്കിലും അത് ആ സ്ഥാനാര്‍ഥിക്ക് തന്നെയാണോ ലഭിച്ചതെന്നറിയാനും ഒരു വഴിയുമില്ല.
വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നു.
വോട്ടിങ് മെഷീന്റെ വിശ്വാസ്യതയില്‍ നേരത്തെ മസാച്യൂസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ധര്‍ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. ബിജെപി നേതാവും രാജ്യസഭ എംപിയുമായ സുബ്രഹ്മണ്യന്‍ സ്വാമിയും വോട്ടിങ് മെഷീനെതിരെ നേരത്തെ രംഗത്തുവന്നിട്ടുണ്ട്. ഇന്ത്യയില്‍ പല തിരഞ്ഞെടുപ്പുകളിലും വോട്ടിങ് മെഷീനില്‍ തിരിമറിയുണ്ടായെന്ന ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.
അടുത്തിടെ നടന്ന മഹാരാഷ്ട്ര ലോക്കല്‍ ബോഡി തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്ന ശ്രീകാന്ത് ശിര്‍സാതിന് സ്വന്തം ബൂത്തില്‍ നിന്ന് പൂജ്യം വോട്ടാണ് ലഭിച്ചത്. താനും കുടുംബവും രേഖപ്പെടുത്തിയ വോട്ട് പോലും പിന്നെ എങ്ങോട്ടാണ് പോയതെന്ന് ചോദിച്ച് ശ്രീകാന്ത് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുകയാണ്. കഴിഞ്ഞ തവണ അദ്ദേഹം പ്രതിനീധീകരിച്ച വാര്‍ഡില്‍ നിന്ന് 44 വോട്ടുകള്‍ രേഖപ്പെടുത്തിയപ്പോള്‍ ഇപ്രാവശ്യം പൂജ്യം വോട്ടായിരുന്നു ലഭിച്ചത്.
ഇപ്പോള്‍ വോട്ടിങ് മെഷീന്‍ ആരോപണത്തിനെതിരെ രംഗത്തെത്തിയ ബിജെപി എംപി കീര്‍ത്തി സോമയ്യ 2012 ലെ മഹാരാഷ്ട്ര മുനിസിപ്പല്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പിനു പിന്നാലെ വോട്ടിങ് മെഷീനെതിരെ ആരോപണം നടത്തിയയാളാണ്. 'പാര്‍ട്ടി പ്രവര്‍ത്തകരുടെ നിരീക്ഷണം ഇവിഎം അട്ടിമറിക്കാന്‍ കഴിയുമെന്നാണ്. പല ഫലങ്ങളും അപ്രതീക്ഷിതമാണ്. വോട്ടിങ് മെഷീന്‍ അട്ടിമറിക്കുന്നത് ജനാധിപത്യവിരുദ്ധമാണ്' എന്ന് അ്ന് പറഞ്ഞ കീര്‍ത്തി സോമയ്യ ഇന്ന് അത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് സ്ഥാപിത താത്പര്യമുണ്ടെന്നാണ് പറയുന്നത്. മഹാരാഷ്ട്ര മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പിന് ശേഷം ശിവസേനയും ഇവിഎമ്മിനെതിരെ രംഗത്തെത്തിയിരുന്നു.
നിരോധിച്ച രാജ്യങ്ങള്‍
സുതാര്യമല്ലെന്ന് കണ്ട് വോട്ടിങ് മെഷീനുകള്‍ വികസിതരാജ്യങ്ങള്‍ ഉള്‍പ്പടെയുള്ളവ നിരോധിച്ചിട്ടുണ്ട്. നെതര്‍ലാന്‍ഡ്, അയര്‍ലാന്‍ഡ്, ഇറ്റലി, ജര്‍മനി, വെനിസ്വേല, മാസിഡോണിയ, ഉക്രൈന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉപേക്ഷിച്ചവയാണ്. സുതാര്യതയില്ലെന്ന കാരണത്താലാണ് നെതര്‍ലാന്‍ഡ് ഈ സംവിധാനം അവസാനിപ്പിച്ചത്. 51 ദശലക്ഷം പൌണ്ട് മുടക്കി മൂന്നു വര്‍ഷം നീണ്ട പഠനത്തിനു ശേഷമാണ് അയര്‍ലാന്‍ഡ് ഇവിഎം സുതാര്യമല്ലെന്ന തീരുമാനത്തിലെത്തിയത്.
ഒരുപടി കൂടി കടന്നു ഭരണഘടനാ വിരുദ്ധമെന്നായിരുന്നു ഇവിഎമ്മിനെ ജര്‍മ്മനി വിശേഷിപ്പിച്ചത്. അമേരിക്കയിലെ കലിഫോര്‍ണിയ അടക്കമുള്ള ചില സംസ്ഥാനങ്ങളില്‍ പേപ്പര്‍ ട്രയല്‍ ഇല്ലാതെ ഇവിഎം അനുവദിക്കുന്നില്ല. മുന്‍ തിരഞ്ഞെടുപ്പുകളില്‍ വ്യാപകമായ തിരിമറികള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വെനസ്വേല, മാസിഡോണിയ, യുക്രൈന്‍ എന്നീ രാജ്യങ്ങള്‍ ഇവിഎം എടുത്തുകളഞ്ഞത്. പാശ്ചാത്യരാജ്യങ്ങളായ ഇംഗ്ലണ്ടും ഫ്രാന്‍സും ഇവിഎം ഉപയോഗിക്കുന്നില്ല. ചുരുക്കി പറഞ്ഞാൽ മെമ്മറിയിൽ പ്രവർത്തിക്കുന്ന ഏതു ഇലക്ട്രോണിക് ഉപകരണങ്ങളും ഹാക്കർമാർക്ക് വേണ്ട പോലെ ഉപയോഗിക്കാൻ സാധിക്കും.