പാക്കിസ്ഥാനിൽ ഷെരീഫിന്റെ മകളെ കുടുക്കിയത് ക്യാലിബ്രിയുടെ കളി

അഴിമതി വിവാദത്തിൽ പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഫെരീഫ് രാജി വച്ചപ്പോൾ അഴിമതി പുറത്തു കൊണ്ടുവരുന്നതിൽ പ്രധാന പങ്കുവഹിച്ച മൈക്രോസോഫ്റ്റിന്റെ ക്യാലിബ്രി (Calibri) ഫോണ്ടിനെ വിസ്മരിക്കാനാവില്ല. നവാസ് ഷെരീഫിന്റെ മകൾ മറിയം തന്റെ സാമ്പത്തിക സ്ഥിതിയെപ്പറ്റിയുള്ള  2006ലെ ഒരു രേഖ ട്വീറ്റ് ചെയ്ത് താൻ നിരപരാധിയാണെന്നു തെളിയിക്കാൻ നടത്തിയ ശ്രമമാണ് പാളിയത്. 

മറിയം ട്വീറ്റ് ചെയ്ത രേഖയിൽ ഉപയോഗിച്ചിരുന്നത് മൈക്രോസോഫ്റ്റ് വിൻഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ഭാഗമായ ക്യാലിബ്രി ഫോണ്ടായിരുന്നു. എന്നാൽ, ക്യാലിബ്രി മൈക്രോസോഫ്റ്റ് പുറത്തിറക്കിയത് 2007ലായിരുന്നു. 2006ലെ രേഖയിൽ 2007ൽ ഇറങ്ങിയ ഫോണ്ട് ഉപയോഗിച്ചത് ഫോണ്ട്ഗേറ്റ് എന്ന പേരിൽ ഇൻറർനെറ്റിൽ വിവാദമായി. 

രേഖ വ്യാജമാണെന്നു തെളിയിക്കാൻ ക്യാലിബ്രി തന്നെ ധാരാളമായിരുന്നു. ക്യാലിബ്രി മൈക്രോസോഫ്റ്റ് ഔദ്യോഗികമായി അവതരിപ്പിച്ചത് 2007ലാണെങ്കിലും ഫോണ്ടിന്റെ ബീറ്റ വേർഷൻ 2005 മുതൽ ഡൗൺലോഡിന് ലഭ്യമായിരുന്നെന്ന വാദം പലരും ഉയർത്തിയെങ്കിലും നിലനിന്നില്ല.