മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിന് കാരുണ്യത്തിന്റെ വഴികള്‍ പുതുമയുള്ളതല്ല. ഇപ്പോഴിതാ 400 കോടി ഡോളര്‍ (25,600 കോടി രൂപ) വിലമതിക്കുന്ന ഓഹരികള്‍ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവനചെയ്ത് ഞെട്ടിച്ചിരിക്കുകയാണ് ബില്‍ഗേറ്റ്‌സ്. സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് കമ്മീഷന്റെ രേഖകളിലൂടെയാണ് ഇക്കാര്യം പുറത്തുവന്നിരിക്കുന്നത്.
64 ദശലക്ഷം മൈക്രോസോഫ്റ്റ് ഓഹരികളാണ് കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ബില്‍ ഗേറ്റ്‌സ് നല്‍കിയിരിക്കുന്നത്. ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷനിലേക്കാണ് ബില്‍ ഗേറ്റ്‌സ് തന്റെ സമ്പാദ്യം കൈമാറിയതെന്നാണ് വിവരം. 2000ല്‍ ബില്‍ഗേറ്റ്‌സ് ഭാര്യ മെലിന്‍ഡയോടൊത്ത് സ്ഥാപിച്ചിട്ടുള്ള സന്നദ്ധ സംഘടനയാണ് ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍.
ലോകമെമ്പാടുമുള്ള പാവപ്പെട്ടവരുടെ ആരോഗ്യവും വിദ്യാഭ്യാസവും മെച്ചപ്പെടുത്തുകയെന്നതാണ് ഈ സന്നദ്ധ സംഘടനയുടെ ലക്ഷ്യം. ഇതോടെ ലോകത്തെ സ്വകാര്യ സന്നദ്ധ സംഘടനകളില്‍ ഏറ്റവുമധികം ഫണ്ടുളള ഒന്നായി മാറിയിരിക്കുകയാണ് ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൌണ്ടേഷന്‍. അതേസമയം, ഫൗണ്ടേഷന്‍ പ്രതിനിധികള്‍ ഇതേകുറിച്ചൊന്നും ഇതുവരെ പ്രതികരിച്ചിട്ടില്ല. തന്റെ സമ്പാദ്യത്തിന്റെ ഭൂരിഭാഗവും കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള വ്യക്തിയാണ് ബില്‍ ഗേറ്റ്‌സ്.
ബില്‍ ഗേറ്റ്‌സിന്റെ 8600 കോടി ഡോളര്‍ വരുന്ന മൊത്തം സമ്പത്തിന്റെ അഞ്ച് ശതമാനമാണ് സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കായി ഇപ്പോള്‍ മാറ്റിവച്ചിരിക്കുന്നത്. കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഈവര്‍ഷം നല്‍കിയ ഏറ്റവും വലിയ തുകയായിട്ടാണ് ഇത് കണക്കാക്കപ്പെടുന്നത്. ഇതിനുമുമ്പ് നിക്ഷേപകന്‍ വാരണ്‍ ബഫറ്റാണ് വലിയൊരു തുക സംഭാവനചെയ്തത്, 3.2 ബില്ല്യണ്‍ ഡോളര്‍. മാത്രമല്ല ഗേറ്റ് ഫൗണ്ടേഷന് കിട്ടുന്ന ഏറ്റവും വലിയ സംഭാവനകൂടിയാണിത്.
2010ലാണ് വാരണ്‍ ബഫറ്റും ബില്‌ഗേറ്റ്‌സും സമ്പത്തിന്റെ പകുതി സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മാറ്റിവയ്ക്കുന്നതായി പ്രഖ്യാപിച്ചത്. ലോകത്തെ മറ്റ് സമ്പന്നരോടും ഈ തീരുമാനത്തില്‍ അണിചേരാന്‍ പറഞ്ഞിരുന്നു. ഫെയ്സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗടക്കം 168 പേരാണ് ഇതിനകം ഈ തീരുമാനത്തോട് യോജിപ്പ് പ്രകടിപ്പിച്ച് മുന്നോട്ടുവന്നിരിക്കുന്നത്.