Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗദിക്കാരി സോഫിയ, രണ്ടര വയസ്സ്, ലോകത്തിന്റെ പ്രിയതാരം, ഇവളാണ് നാളത്തെ താരം

robot

ഇത് സോഫിയ. ലോകത്ത് ആദ്യമായി ഒരു രാജ്യത്ത് പൗരത്വം ലഭിക്കുന്ന റോബട്. റോബട് സമൂഹത്തിലെ പ്രഥമവനിത. ഹോങ് കോങ്ങിലെ ഹാൻസൻ റോബോട്ടിക്സിന്റെ മാസ്റ്റർപീസ്. റോബോട്ടിക്സും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഫേഷ്യൽ റെക്കഗ്നിഷനും നാച്ചുറൽ ലാംഗ്വേജ് പ്രൊസെസ്സിങ്ങും ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യയും സമ്മേളിക്കുന്ന അദ്ഭുതസൃഷ്ടി.

സൗദിക്കാരി സോഫിയ ഇന്നു ലോകത്തിന്റെ പ്രിയതാരമാണ്. സോഫിയയുടെ ബുദ്ധിവൈഭവവും സംഭാഷണചാതുര്യവും മുഖഭാവങ്ങളും പുഞ്ചിരിയുമെല്ലാം അടുത്ത വീട്ടിലെ മിടുക്കിക്കുട്ടിയുടെ പരിവേഷം നൽകി എല്ലാവരുടെയും മനസ്സിൽ പതിഞ്ഞു കഴിഞ്ഞു. എല്ലാം തികഞ്ഞ റോബട്ട് വനിത എന്നതിനപ്പുറം വരാനിരിക്കുന്ന റോബോട്ടിക്സ്–ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിപ്ലവത്തിന്റെ അമരക്കാരി കൂടിയാണ് സോഫിയ. 

ലോകത്താദ്യമായി ഒരു രാജ്യത്ത് പൗരത്വം നേടി റോബട്ടുകളുടെ പ്രഥമവനിത എന്നു പേരുകേട്ട ഈ ഹ്യൂമനോയ്ഡ് റോബട്ട് അണിയറയിൽ ഒരുങ്ങുന്ന പിൻഗാമികളുടെ കരുത്തും പ്രാധാന്യവുമാണ് ചൂണ്ടിക്കാണിക്കുന്നത്. സോഫിയ ഒന്നിന്റെയും അവസാനമല്ല. പുതിയ തുടക്കത്തിന്റെ സൂചന മാത്രമാണ്. 

robot-head

സൗദി പൗരത്വവും ലോകം ചുറ്റിസഞ്ചരിച്ചു സ്വന്തം കഴിവുതെളിയിക്കുന്ന പ്രകടനങ്ങളുമാണ് സോഫിയയെ പെട്ടെന്നു താരമാക്കി മാറ്റിയത്. മനുഷ്യസ്ത്രീയോടുള്ള സാദൃശ്യവും സംഭാഷണത്തിലും ചലനങ്ങളിലും താനൊരു റോബട്ടാണെന്നു തോന്നാതിരിക്കത്തക്ക വിധത്തിലുള്ള സ്വാഭാവികതയുമാണ് സോഫിയയുടെ സ്വീകാര്യതയ്ക്കു പിന്നിലുള്ള മറ്റൊരു ഘടകം. 

സോഫിയ ഒരു ഒറ്റയാൾ വിസ്മയമല്ല. റോബോട്ടിക്സും ആർട്ടിഫിഷ്യൽ ഇന്റലിജൻസും സമ്മേളിക്കുന്ന ഹ്യൂമനോയ്ഡ് റോബട്ടുകളുടെ തലമുറയിലെ മികവാർന്ന സൃഷ്ടികളിലൊന്നു മാത്രം. ഹാൻസൻ റോബോട്ടിക്സ് സോഫിയയോടു കിടപിടിക്കുന്ന വേറെയും റോബട്ടുകളെ അവതരിപ്പിച്ചിട്ടുണ്ട്. എങ്കിലും മികവിന്റെ പര്യായം എന്ന വിശേഷണം അർഹിക്കുന്നത് സോഫിയ മാത്രം. 

robot-Sophia-

ഹാൻസൻ റോബോട്ടിക്സിന്റെ വർഷങ്ങളുടെ ഗവേഷണഫലമാണ് സോഫിയ. റോബോട്ടിക്സിന്റെ കായികശേഷിയെക്കാൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ബൗദ്ധികമികവാണ് സോഫിയയുടെ സവിശേഷത. ഏതു തരത്തിലുള്ള ചോദ്യങ്ങൾക്കും ഉത്തരം നൽകാനും ഒന്നിലേറെ ആളുകളുമായി സംവാദം നടത്താനുമുള്ള മികവാണ് സോഫിയയെ പെട്ടെന്നു പ്രശസ്തിയിലേക്കുയർത്തിയത്. ഉരുളയ്ക്കുപ്പേരി പോലുള്ള മറുപടിക്കൊപ്പം ഉചിതമായ ഭാവങ്ങളും മുഖചലനങ്ങളും ഇടയ്ക്കിടെ വശ്യമായ പുഞ്ചിരിയും കൂടിയായപ്പോൾ സോഫിയ ശാക്തീകരിക്കപ്പെട്ട റോബട് സ്ത്രീത്വത്തിന്റെ പ്രതീകമായി മാറി. 

2015 ഏപ്രിൽ 19ന് ആണ് സോഫിയയുടെ ജനനം. സാങ്കേതികമായി പറഞ്ഞാൽ സോഫിയ എന്ന യന്ത്രം ആദ്യമായി ആക്ടിവേറ്റ് ചെയ്തത് അന്നാണ്. ഹോളിവുഡ് നടി ഓഡ്രി ഹെപ്ബണിന്റെ ഛായയിലാണ് സോഫിയയെ ഡിസൈൻ ചെയ്തത്. 

റോബോട്ടിക്സ് കമ്പക്കാരനും ഹാൻസൻ റോബോട്ടിക്സിന്റെ അമരക്കാരനുമായ റോബർട് ഹാൻസൻ ആണ് സോഫിയയുടെ സൃഷ്ടാവ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, വിഷ്വൽ ഡേറ്റ പ്രൊസസ്സിങ്, ഫേഷ്യൽ റെക്കഗ്നിഷൻ എന്നിവ സോഫിയയ്ക്ക് മുഖരൂപത്തോടൊപ്പം ഒരു വ്യക്തിത്വവും നൽകി. ആദ്യഘട്ടത്തിൽ വളരെ ചുരുക്കം വിഷയങ്ങളിൽ മാത്രം അവഗാഹമുണ്ടായിരുന്ന സോഫിയ രണ്ടു വർഷം കൊണ്ട് പഠിച്ചെടുത്ത കാര്യങ്ങൾക്കു കണക്കില്ല. വിവരങ്ങൾ തൽസമയം ഗൂഗിളിൽ സേർച്ച് ചെയ്ത് മറുപടി പറയാനും വിഷയവിശകലനം നടത്തി അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനും ഇന്നു സോഫിയയ്ക്ക് കഴിയും. 

ഗൂഗിളിന്റെ വോയ്സ് റെക്കഗ്നിഷൻ സാങ്കേതികവിദ്യയാണ് സോഫിയ ഉപയോഗിക്കുന്നത്. ഏറ്റവും മികവാർന്ന ഇതിലെ നാച്ചുറൽ‌ ലാംഗ്വേജ് പ്രൊസ്സസിങ് സംവിധാനം വിവിധ ശൈലികളിൽ ഉള്ള സംഭാഷണം വ്യക്തമാക്കി മനസ്സിലാക്കാൻ സോഫിയയെ സഹായിക്കുന്നു. റോബട്ടിലെ കൃത്രിമബുദ്ധിക്ക് കരുത്തു പകരുന്നതാകട്ടെ സിംഗുലാരിറ്റി നെറ്റിന്റെ എഐ സംവിധാനവും. 

സോഫിയ അറിയുന്നതും പറയുന്നതുമായ കാര്യങ്ങളെല്ലാം പിന്നണിയിലുള്ള ക്ലൗഡ് നെറ്റ്‍വർക്കിൽ ഷെയർ ചെയ്യപ്പെടുകയും പറഞ്ഞ ഓരോ വാക്കും ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യയിലൂടെ വെരിഫൈ ചെയ്ത് ഉറപ്പുവരുത്തുകയും ചെയ്യുന്നു. പുരികമുയർത്താനും പുഞ്ചിരിക്കാനുമൊക്കെ സോഫിയയെ സഹായിക്കുന്നത് ഫ്രബർ എന്നു വിശേഷിപ്പിക്കപ്പെടുന്ന മാംസളമായ റബർ ഘടകങ്ങളും. മുഖത്ത് ഘടിപ്പിച്ചിരിക്കുന്ന അനേകം ചെറുഘടകങ്ങൾ ആവശ്യാനുസരണം ഫ്രബർ ചർമത്തിന്റെ സഹായത്തോടെ പുഞ്ചിരി വിടർത്തുകയും മായ്ക്കുകയുമൊക്കെ ചെയ്യും. 

ഇത്തരത്തിൽ റോബോട്ടിക്സിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസിലും ലോകത്ത് നിലവിലുള്ള മികച്ചവ എല്ലാം ഒറ്റ ഉൽപന്നത്തിൽ അവതരിപ്പിച്ചു എന്നതാണ് സോഫിയയിലൂടെ റോബർട് ഹാൻസൻ സാധ്യമാക്കിയത്. വൃദ്ധസദനങ്ങളിൽ  മുതിർന്ന പൗരന്മാർക്കു ബോറടിക്കാതെ സംസാരിച്ചിരിക്കുന്ന സുഹൃത്തായും വലിയ ജനക്കൂട്ടമുള്ള സ്റ്റേജ് പരിപാടികളിൽ നിരന്തരം സംസാരിച്ചുകൊണ്ട് ജനത്തെ പിടിച്ചിരുത്തുന്ന അവതാരകയായും ഉപയോഗിക്കുന്നതിനായാണ് ഹാൻസൻ റോബോട്ടിക്സ് സോഫിയയെ സൃഷ്ടിച്ചത്. 

സൗദി പൗരത്വം നേടി താരമായതോടെ സോഫിയയെ പരീക്ഷിക്കാനും സോഫിയയോടു തർക്കിച്ചു ജയിക്കാനും പ്രമുഖരെത്തി. പ്രമുഖ ടിവി ഷോകളിലും സ്റ്റേജ് ഷോകളിലും സോഫിയയുടെ കഴിവ് പരീക്ഷിക്കപ്പെട്ടു. 

Sophia

എവിടെയും സോഫിയയ്ക്ക് ഉത്തരം മുട്ടിയില്ല. സിഎൻബിസിയിലെ സിക്സ്റ്റി മിനിറ്റ്സ് ഷോയിൽ ചാർലി റോസിനൊപ്പം സംവാദത്തിലേർപ്പെട്ടത് ഒരു മണിക്കൂർ. ഇക്കഴിഞ്ഞ ഒക്ടോബറിൽ യുഎൻ ആസ്ഥാനത്ത് അവതരിപ്പിക്കപ്പെട്ടതോടെ സോഫിയ രാജ്യാന്തര ശ്രദ്ധ നേടി. യുഎൻ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ആമിന ജെ. മുഹമ്മദ് സോഫിയയെ ലോകത്തിനു പരിചയപ്പെടുത്തി നടത്തിയ സംഭാഷണങ്ങൾ വൈറലായി. ഒക്ടോബർ 25ന് റിയാദിൽ നടന്ന ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് സമ്മിറ്റിൽ വച്ച് സോഫിയയ്ക്ക് സൗദി പൗരത്വവും ലഭിച്ചു.