വണ്ടര്‍വുമണിലെ താരം ഗാല്‍ ഗാഡോട്ടിന്റെ ഒറിജിനലിനെ വെല്ലുന്ന അശ്ലീല വിഡിയോയാണ് സോഷ്യല്‍മീഡിയ സൈറ്റായ റെഡിറ്റില്‍ പറപറക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (കൃത്രിമ ബുദ്ധി) ഉപയോഗിച്ച് നിര്‍മിച്ചതാണ് ഈ ദൃശ്യമെന്നതാണ് മറ്റു തട്ടിപ്പ് ദൃശ്യങ്ങളെ അപേക്ഷിച്ചുള്ള വ്യത്യസ്ഥത. എഐ പോലുള്ള സാങ്കേതികവിദ്യകള്‍ തെറ്റായ കൈകളിലെത്തിയാല്‍ എന്തൊക്കെയായിരിക്കും അനന്തരഫലമെന്നതിന്റെ സൂചനയാണ് ഗാല്‍ ഗാഡോട്ടിന്റെ ഈ വിഡിയോ.
റെഡിറ്റ് യൂസറായ ഡീഫ്‌ഫൈയ്ക്‌സ് ആണ് ഈ വ്യാജ ഗാല്‍ ഗാഡോട്ടിനെ സൃഷ്ടിച്ചിരിക്കുന്നത്. ഒരു അശ്ലീല വിഡിയോയിലുള്ള സ്ത്രീയുടെ മുഖം ഗാല്‍ ഗാഡോട്ടിന്റേതാക്കി മാറ്റുകയാണ് ചെയ്തത്. ഈ പണി ചെയ്തത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സാണെന്നതാണ് ശ്രദ്ധേയമായ കാര്യം. ഗാല്‍ ഗാഡോട്ടിന്റെ ഗൂഗിളില്‍ നിന്നും ലഭിച്ച ചിത്രങ്ങളും യുട്യൂബ് വിഡിയോകളുമാണ് വ്യാജനെ നിര്‍മിക്കാനായി ഉപയോഗിച്ചിരിക്കുന്നത്. ചിത്രങ്ങളും വിഡിയോയും ഉപയോഗിച്ച് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിര്‍മിച്ച ഗാല്‍ ഗാഡോട്ടിന്റെ ഭാവങ്ങളും വിഡിയോയിലെ സ്ത്രീയുടെ മുഖഭാവത്തിനനുസരിച്ച് കൃത്രിമമായി നിര്‍മിച്ചെടുക്കുകയാണ് ഈ റോബോട്ടിക് അല്‍ഗോരിതം ചെയ്തത്.
ഗാല്‍ ഗാഡോട്ടിന്റെ വ്യാജ വിഡിയോ മുഴുവന്‍ കാണുന്നതിന് മുൻപ് തന്നെ എല്ലാവര്‍ക്കും എന്തോ പന്തികേട് തോന്നും. എന്നാല്‍ തികച്ചും അമേച്വറായ ഒരാള്‍ നിര്‍മിച്ച ഈ വ്യാജ ഗാല്‍ ഗാഡോട്ടിനേക്കാള്‍ സ്വാഭാവികത തോന്നിപ്പിക്കുന്ന ഒന്ന് നിര്‍മിച്ചെടുക്കാന്‍ പ്രൊഫഷണലായ ഒരാള്‍ക്ക് വലിയ പണിയൊന്നുമില്ല. ഇതാണ് അസ്വസ്ഥപ്പെടുത്തുന്ന പ്രധാന വസ്തുത.
ടെയ്‌ലര്‍ സ്വിഫ്റ്റിന്റേയും ഗെയിം ഓഫ് ത്രോണ്‍സ് താരം മെയ്‌സി വില്യംസിന്റേയും സമാനമായ വിഡിയോകള്‍ ഇതേ 'ഡീപ് ഫെയ്ക്‌സ്' നിര്‍മിച്ചിട്ടുണ്ട്. ഓണ്‍ലൈനില്‍ നിന്നും ശേഖരിച്ച നൂറുകണക്കിന് ചിത്രങ്ങളുപയോഗിച്ച് താരങ്ങളുടെ വ്യത്യസ്ഥ ഭാവങ്ങളിലുള്ള ലക്ഷക്കണക്കിന് ചിത്രങ്ങള്‍ നിര്‍മിക്കാന്‍ കഴിയും. ഇത്തരം ചിത്രങ്ങളുപയോഗിച്ചാണ് ഒരാളുടെ മുഖം തന്നെ മാറ്റിവെക്കുന്ന നിലയിലേക്ക് റോബോട്ടിക്ക് ബുദ്ധി പ്രവര്‍ത്തിക്കുന്നത്. ഇതേ രീതിയില്‍ ഏതൊരാളുടേയും വ്യാജ വിഡിയോ നിര്‍മിക്കാന്‍ മണിക്കൂറുകള്‍ മാത്രം മതി.
സോഷ്യല്‍മീഡിയ കാലത്ത് പ്രശസ്ത താരങ്ങളെല്ലാം തന്നെ അവരുടെ നിരവധി ചിത്രങ്ങള്‍ പല വെബ് സൈറ്റുകളിലും അപ്‌ലോഡ് ചെയ്യുന്നുണ്ട്. ഈ ചിത്രങ്ങളെല്ലാം തന്നെ എല്ലാവര്‍ക്കും ലഭ്യവുമാണ്. അതുകൊണ്ടുതന്നെ ഏതൊരു പ്രശസ്തന്റേയോ പ്രശസ്തയുടേയോ ചിത്രങ്ങള്‍ ലഭിക്കുക ബുദ്ധിമുട്ടുള്ള കാര്യമല്ല. അങ്ങനെ ലഭിക്കുന്ന ചിത്രങ്ങളുപയോഗിച്ച് ഏതുതരം വിഡിയോയും എളുപ്പത്തില്‍ നിര്‍മിക്കാമെന്ന അപകടമുന്നറിയിപ്പാണ് ഗാല്‍ ഗാഡോട്ടിന്റെ വ്യാജ അശ്ലീല വിഡിയോ നല്‍കുന്നത്.