Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അറിഞ്ഞിരിക്കണം! ആന്‍ഡ്രോയിഡിലെ വൻ മാറ്റങ്ങൾ‍; പഴയ ഫോണിന് എന്തു സംഭവിക്കും?

smartphones

2019ല്‍ ആന്‍ഡ്രോയിഡ് ഒഎസില്‍ കാര്യമായ പുതുക്കി പണിയല്‍ നടക്കും. അത് ഉപയോക്താക്കളെ എങ്ങനെ ബാധിക്കുമെന്നു നോക്കാം. 

പ്രധാനമായി എന്തു മാറ്റമാണ് വരുന്നത്? 

ആന്‍ഡ്രോയിഡിന്റെ പുതിയ പതിപ്പുകളില്‍ 64-ബിറ്റ് ആപ്പുകളെ മാത്രമെ പ്രവർത്തിക്കാന്‍ അനുവദിക്കൂ. 64-ബിറ്റ് ഒഎസ്, കംപ്യൂട്ടറിന്റെ റാം നിയന്ത്രണത്തില്‍ കൂടുതല്‍ കാര്യപ്രാപ്തി കാണിക്കുന്നുവെന്നു മനസ്സിലാക്കിയ ആപ്പിള്‍ 2013ല്‍ 64-ബിറ്റ് സപ്പോര്‍ട്ട് തങ്ങളുടെ മൊബൈല്‍ ഒഎസ് ആയ ഐഒഎസില്‍ അവതരിപ്പിക്കുകയായിരുന്നു. ഐഫോണ്‍ 5sലാണ് ഇത് ആദ്യമായി കൊണ്ടുവന്നത്. 

64-ബിറ്റ് ആപ്പുകള്‍, 64-ബിറ്റ് ഒഎസില്‍ നല്ല പ്രകടനം കാഴ്ചവച്ചു. തുടര്‍ന്ന്, 2014ല്‍ ആന്‍ഡ്രോയിഡും ആപ്പിളിന്റെ രീതി അനുകരിച്ച് 64-ബിറ്റ് ആപ്പുകളെ സപ്പോര്‍ട്ടു ചെയ്യാന്‍ സജ്ജമായി.

ആപ് സൃഷ്ടാക്കളോടു മാസങ്ങള്‍ക്കു മുൻപെ 64-ബിറ്റിലേക്ക് അപ്‌ഗ്രേഡു ചെയ്യാന്‍ ആവശ്യപ്പെട്ട ശേഷം, 2017ല്‍ ഐഒഎസ് 11ല്‍ ആപ്പിള്‍ എല്ലാ 32-ബിറ്റ് ആപ്പുകളെയും കുടഞ്ഞെറിഞ്ഞ് കൂടുതല്‍ സ്മാര്‍ട്ടായി. ആന്‍ഡ്രോയിഡില്‍ ഇപ്പോഴും 32-ബിറ്റ്, 64-ബിറ്റ് ആപ്പുകള്‍ ഒരുമിച്ചു കഴിയുന്നു. എന്നാല്‍, ഇതാണ് 2019ല്‍ അവസാനിക്കുമെന്നു പറയുന്നത്. പ്ലേസ്റ്റോറിലെ ആപ്പുകള്‍ മുഴുവന്‍ 2019ല്‍ 64-ബിറ്റ് ആകും. 

അതൊക്കെ ശരി. എന്റെ ഫോണിന് എന്തു പറ്റും?

ആന്‍ഡ്രോയിഡ് കിറ്റ്കാറ്റ് 4.4 ഉം അതിനു മുൻപിലുമുള്ള വേര്‍ഷനുകളുള്ള ഫോണുകള്‍ ഉപയോഗിക്കുന്നവരാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടത്. ഫോണ്‍ തുടര്‍ന്നും പ്രവര്‍ത്തിക്കുമെങ്കിലും പല ആപ്പുകളും പ്രവര്‍ത്തിക്കില്ല. എന്നാല്‍ ഫോണ്‍ കോളിനോ, ഫോട്ടോ എടുക്കാനോ എല്ലാം മാത്രമെ ഫോണ്‍ ഉപയോഗിക്കുന്നുള്ളുവെങ്കില്‍ വലിയ പ്രശ്‌നം കാണില്ല. മിക്കവാറും ആന്‍ഡ്രോയിഡിലെ നേറ്റീവ് ആപ്‌സ് (ഉദാ: ഗൂഗിള്‍ മാപ്‌സ്) പോലും പ്രവര്‍ത്തിച്ചേക്കില്ല. ഒരു പക്ഷേ, സെക്യൂരിറ്റി അപ്‌ഡേറ്റുകളും പഴയ ഒഎസിനു നല്‍കിയേക്കില്ലെന്നതും ഒരു പ്രശ്‌നമായേക്കാം. ആന്‍ഡ്രോയിഡ് 5.0 ലോലിപോപ് മുതലുള്ള ഫോണുകളില്‍ ആപ്പുകള്‍ പ്രവര്‍ത്തിച്ചേക്കും പക്ഷേ, പല പുതിയ ഫീച്ചറുകളും ഉണ്ടാവില്ല. ആപ്പുകളെല്ലാം ആന്‍ഡ്രോയിഡ് ഓറിയോയ്ക്കു (Oreo) വേണ്ടി കോഡു ചെയ്യപ്പെട്ടവയാകും. 

2018ല്‍ ഇറങ്ങുന്ന ആന്‍ഡ്രോയിഡ് Pയില്‍ തന്നെ 64-ബിറ്റ് ആപ്പുകളെ മാത്രം സ്വീകരിക്കുന്ന രീതി വരാമെന്നും കേള്‍ക്കുന്നുണ്ട്. അതായത്, പുതിയ ഒഎസിലുള്ള ഉപകരണങ്ങളില്‍ 32-ബിറ്റ് ആപ്പുകള്‍ പ്രവര്‍ത്തിക്കില്ല. കൂടാതെ സുരക്ഷാ പ്രോട്ടോകോളുകളിലും ആപ്പിൽ മാറ്റം വരുത്തുന്നു. ഇതോടെ, മാള്‍വെയര്‍ ബാധിച്ച ആപ്പുകള്‍ക്ക് പ്ലേസ്റ്റോറില്‍ കയറിക്കൂടാനാവില്ല. 2018 ആദ്യം തന്നെ ഇതിനായുള്ള പ്രവര്‍ത്തനം തുടങ്ങും.

അപ്പോള്‍ എന്തെല്ലാമാണ് ചെയ്യേണ്ടത്?

ആപ്പുകള്‍ ഉപയോഗിക്കുന്ന വ്യക്തിയാണെങ്കില്‍ പഴയ ഒഎസിലുള്ളവര്‍ പുതിയ ഫോണ്‍ വാങ്ങുന്നതു പരിഗണിക്കുന്നതായിരിക്കും ഉചിതം. കുറച്ചു കൂടെ കഴിഞ്ഞു വാങ്ങിയാല്‍ മിക്കവാറും എല്ലാ ഫോണുകളും പുതിയ ഒഎസുമായി ഇറങ്ങുന്നവയായിരിക്കുമെന്ന് ഉറപ്പിക്കാം. എന്തായാലും ഒഎസിന്റെ വേര്‍ഷന്‍ ഏതാണെന്നു നോക്കിയ ശേഷം മാത്രം പുതിയ ഫോണുകള്‍ വാങ്ങുക.