Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതിയ ‘നിധി’ തേടി ഗൾഫ് രാജ്യങ്ങൾ, പ്രതീക്ഷയോടെ, ആശങ്കയോടെ പ്രവാസികൾ

dubai

കേരളത്തെ ഇന്നത്തെ നിലയിൽ ഒരുപരിധി വരെ എത്തിച്ചത് ഗൾഫ് പണം തന്നെയാണ്. എണ്ണ സമ്പത്ത് ഗൾഫ് രാജ്യങ്ങളെ അത്യുന്നതങ്ങളിൽ എത്തിച്ചു. എന്നാൽ മറ്റുരാജ്യങ്ങൾ സാങ്കേതിക, ശാസ്ത്ര മേഖലകളിൽ കുതിപ്പ് നടത്തിയപ്പോൾ ഗൾഫ് രാജ്യങ്ങൾ അത്തരം മേഖലകൾ മറന്നു, എന്നും രക്ഷയ്ക്ക് ഇന്ധനം ഉണ്ടാകുമെന്ന് കരുതി. എന്നാൽ ലോകം മാറിമറിഞ്ഞു, നിലവിലെ സാഹചര്യങ്ങൾക്കെല്ലാം വൻ മാറ്റം വന്നു. 

എന്നാൽ നിലവിലെ സാഹചര്യങ്ങൾ മറികടക്കാൻ ഏറെ വൈകിയാണെങ്കിലും ഗൾഫ് രാജ്യങ്ങളെല്ലാം സാങ്കേതിക മേഖലകളിൽ സജീവമായി കഴിഞ്ഞു. യുഎഇ, സൗദിഅറേബ്യ രാജ്യങ്ങളെല്ലാം എണ്ണവില ഇടിവിനെ മറികടക്കാൻ യുദ്ധകാലടിസ്ഥാനത്തിൽ ടെക്നോളജി നടപ്പിലാക്കുകയാണ്. 

എണ്ണയില്‍ നിന്നുള്ള വരുമാനത്തെ ആശ്രയിക്കാതെയുള്ള ഒരു സമ്പദ് വ്യവസ്ഥ അതാണ് ഇപ്പോൾ യുഎഇയുടെയും സൗദി അറേബ്യയുടെയും ലക്ഷ്യം. ഇതിന്റെ ഭാഗമായി തെരുവും നഗരങ്ങളും ടെക്നോളജി കരുത്തിൽ കെട്ടിപ്പടുക്കുകയാണ് ഇരുരാജ്യങ്ങളും. ലോകത്തെ മുൻനിര ടെക്ക് കമ്പനികളെല്ലാം ഇവിടെക്ക് സ്വാഗതം ചെയ്യുകയാണ്. പല ഗള്‍ഫ് രാജ്യങ്ങള്‍ക്കും ചിന്തിക്കാന്‍പോലുമാകാത്ത ഈ ലക്ഷ്യത്തിലേക്ക് അതിവേഗം മുന്നേറുകയാണ് യുഎഇ. എമിറേറ്റ്സ് സയന്‍സ് ആന്‍ഡ് ടെക്നോളജി ഇന്നവേഷന്‍പോളിസിയാണ് എണ്ണയിതര സമ്പദ് വ്യവസ്ഥയെന്ന യുഎഇയുടെ ലക്ഷ്യത്തിന് ഊടും പാവും നല്‍കുന്നത്. 

മാറുന്ന കാലഘട്ടത്തിന്‍റെ യാഥാര്‍ഥ്യം ഉള്‍ക്കൊണ്ട് എണ്ണ ഇതര സമ്പദ് വ്യവസ്ഥ എന്ന ലക്ഷ്യത്തിലേക്ക് ഉറച്ച ചുവടുകളുമായി നടക്കുകയാണ് യുഎഇയും പിന്നാലെ സൗദിയും. എണ്ണയിതര വരുമാനങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുള്ള എമിറേറ്റ് സയന്‍സ് ആന്‍ഡ് ടെക്നോളജി ഇന്നവേഷന്‍പോളിസി സജീവമായി മുന്നോട്ടുപോകുകയാണ്. വിദ്യാഭ്യാസം ആരോഗ്യം, ഊര്‍ജം, ഗതാഗതം, ജലം, ബഹിരാകാശം തുടങ്ങി വിവിധ മേഖലകളില്‍നൂറു ദേശീയ സംരഭങ്ങളാണ് പുതിയ നയം വിഭാവനം ചെയ്യുന്നത്. കോടിക്കണക്കിന് ദിര്‍ഹമാണ് ഇതിനായി യുഎഇ നീക്കി വച്ചിരിക്കുന്നത്. പരിമിതമായ എണ്ണ സ്രോതസുകളെ ആശ്രയിക്കുന്നതിനു പകരം ശാസ്ത്രം സങ്കേതിക വിദ്യ നൂതനാശയങ്ങള്‍ എന്നിവയിലൂടെ വന്‍കുതിച്ചു ചാട്ടത്തിനാണ് കളമൊരുങ്ങുന്നത്. വിവരാധിഷ്ഠിത സമ്പദ് വ്യവസ്ഥയാണ് പുതിയ നയത്തിലൂടെ യുഎഇ മുന്നില്‍കാണുന്നത്. 

പുതിയ നയങ്ങൾ എത്രത്തോളം പ്രായോഗികമാണെന്ന ചോദ്യത്തിന് അസാധ്യമായി ഒന്നുമില്ലെന്ന് ലോകത്തിന് കാണിച്ചു കൊടുത്ത യുഎഇ പാരമ്പര്യം തന്നെയാണ് മറ്റു ഗൾഫ് രാജ്യങ്ങളുടെയും പ്രതീക്ഷ. നിലവില്‍രാജ്യത്തെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്‍റെ എഴുപത് ശതമാനവും എണ്ണയിതര വരുമാനത്തില്‍ നിന്നാണ്. 2001ല്‍ഇത് 35 ശതമാനം മാത്രമായിരുന്നു. പുതിയ സയന്‍സ് ആന്‍ഡ് ടെക്നോളജി ഇന്നവേഷന്‍പോളിസിയിലൂടെ അടുത്ത ആറുവര്‍ഷത്തിനകം ഇത് 80 ശതമാനത്തിലെത്തിക്കുകയാണ് ലക്ഷ്യം. 

dubai-international-airport-terminal

ഊര്‍ജരംഗത്ത് മാത്രം വൻ നിക്ഷേപം ഇറക്കാനാണ് യുഎഇയും സൗദിയും ആലോചിക്കുന്നത്. വ്യോമഗതാഗത ഗവേഷണരംഗത്ത് നാലായിരം കോടി രൂപാണ് അടുത്തിടെ യുഎഇ നിക്ഷേപിച്ചത്. ബഹിരാകാശ ഗവേഷണത്തിന് മാത്രമായി രണ്ടായിരം കോടിയും നിക്ഷേപം നടത്തി. ഇരു രാജ്യങ്ങളിലെയും പുതിയ പദ്ധതികൾ പ്രവാസികൾ പ്രതീക്ഷ നൽകുന്നുണ്ട്. എന്നാൽ നിയമങ്ങളും സാമ്പത്തിക പരിഷ്കാരങ്ങളും പ്രവാസികളെ ആശങ്കയിലാക്കുന്നുമുണ്ട്. ആറു വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് വിവരാധിഷ്ഠിത തൊഴില്‍മേഖലയില്‍ ജോലി ചെയ്യുന്നവരുടെ എണ്ണത്തില്‍ നാല്‍പത് ശതമാനം വര്‍ധനയാണ് യുഎഇ പ്രതീക്ഷിക്കുന്നത്. ഇതേവഴിക്ക് തന്നെയാണ് സൗദി സര്‍ക്കാരും നീങ്ങുന്നത്. സാങ്കേതിക രംഗത്തും മറ്റും ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ഇതുവഴി ഏറെ അവസരങ്ങള്‍തുറന്നു കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ഒരു റോക്കറ്റ് പോലും വിക്ഷേപിക്കാത്ത യുഎഇയുടെ സ്വപ്ന പദ്ധതി 

  ബഹിരാകാശ രംഗത്ത് ഏറെയൊന്നും അഭിമാനാര്‍ഹമായ നേട്ടങ്ങള്‍ സ്വന്തമായി ഇല്ലാത്ത രാജ്യമാണ് യുഎഇ. ഒരു റോക്കറ്റ് പോലും ബഹിരാകാശത്തേക്ക് വിക്ഷേപിക്കാത്ത യുഎഇ ബഹിരാകാശ ഏജന്‍സിയുടെ ഏറ്റവും പുതിയ ലക്ഷ്യം ചൊവ്വയിലെ പച്ചക്കറി കൃഷിയാണ്! ചുവന്ന ഗ്രഹമെന്ന വിളിപ്പേരുള്ള ചൊവ്വയില്‍ ചീരയും തക്കാളിയും ഈന്തപ്പഴവും സ്‌ട്രോബറിയുമെല്ലാം കൃഷി ചെയ്യുകയാണ് യുഎഇയുടെ പ്രഖ്യാപിത ലക്ഷ്യം. 

നവംബര്‍ 12 മുതല്‍ 16 വരെ ദുബൈയില്‍ നടന്ന എയര്‍ഷോയ്ക്കിടെയാണ് യുഎഇ തങ്ങളുടെ ലക്ഷ്യം പരസ്യമായി പ്രഖ്യാപിച്ചത്. വെറുതെ പ്രഖ്യാപിക്കുക മാത്രമല്ല കാലബന്ധിതമായി ലക്ഷ്യത്തിലെത്താന്‍ ജാപ്പനീസ് ബഹിരാകാശ ഏജന്‍സിയായ ജാക്‌സയുമായി സഹകരിക്കുന്നു. 2020ഓടെ ലക്ഷ്യത്തിലെത്തുകയാണ് പരിപാടി. ചൊവ്വയില്‍ മനുഷ്യ കോളനി സ്ഥാപിക്കുകയെന്ന അജണ്ടയും യുഎഇയുടെ പുതിയ പദ്ധതിക്ക് പിന്നിലുണ്ടെന്ന് കരുതപ്പെടുന്നു. മിറ്റ്‌സുബിഷി ഹെവി ഇന്‍ഡസ്ട്രീസുമായി കൂടി ചേര്‍ന്നായിരിക്കും യുഎഇ തങ്ങളുടെ ബഹിരാകാശ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കുക. 

uae-mars-project-team

2014മാത്രം രൂപീകരിച്ച ബഹിരാകാശ ഏജന്‍സിയാണ് യുഎഇ സ്‌പേസ് ഏജന്‍സി (യുഎഇഎസ്എ). ബഹിരാകാശ വ്യവസായത്തിലേക്ക് ഇറങ്ങിച്ചെന്ന് തങ്ങളുടേതായ സ്ഥാനം നേടിയെടുക്കുകയാണ് ഇവരുടെ ലക്ഷ്യം. ഇതിനൊപ്പം ചൊവ്വാ പര്യവേഷണ പദ്ധതിയുടെ ഭാഗമായുള്ള തങ്ങളുടെ ആദ്യ സാറ്റലൈറ്റ് ബഹിരാകാശത്തെത്തിക്കാനും ഇവര്‍ പദ്ധതിയിടുന്നു. ഒരു ചെറുകാറിന്റെ ഭാരമുള്ള ഉപഗ്രഹമായിരിക്കും യുഎഇ ആദ്യമായി വിക്ഷേപിക്കുക. 

മരുഭൂമിയും ചൊവ്വയുടെ ഉപരിതലവും തമ്മില്‍ പലകാര്യങ്ങളിലും സാമ്യതകളുണ്ട്. അതുകൊണ്ടു തന്നെ ചൊവ്വയിലെ കൃഷി തങ്ങള്‍ക്ക് സാധ്യമാക്കാനാകുമെന്നാണ് യുഎഇ കരുതുന്നത്. എന്തുകൊണ്ടാണ് ചൊവ്വയില്‍ കൃഷി ആരംഭിക്കാന്‍ ശ്രമിക്കുന്നതെന്ന ചോദ്യത്തിനും യുഎഇക്ക് മറുപടിയുണ്ട്. മനുഷ്യര്‍ എന്നെങ്കിലും ചൊവ്വയില്‍ കുടിയേറുമ്പോള്‍ ഭക്ഷണത്തിനു വേണ്ടിയാണ് ഈ കൃഷിയെന്ന് യുഎഇ സ്‌പേസ് ഏജന്‍സിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ റാഷിദ് അല്‍ സാദി പറയുന്നു. തങ്ങള്‍ കൃഷിക്ക് ശ്രമിക്കുന്ന ഈന്തപ്പനയടക്കമുള്ളവ ചൊവ്വയിലെ പ്രകൃതിക്കനുസരിച്ച് വളരുന്നവയാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും ഇവര്‍ അവകാശപ്പെടുന്നു. 

Dub-mars-2

അതേസമയം, യുഎഇയുടെ പുതിയ നീക്കം അറബ് രാഷ്ട്രങ്ങള്‍ക്കു ശാസ്ത്ര സാങ്കേതികവിദ്യയില്‍ നിക്ഷേപിക്കാനുള്ള താത്പര്യത്തിന്റെ പ്രതിഫലനമായാണ് പലരും വിലയിരുത്തുന്നത്. എണ്ണയെ അടിസ്ഥാനമാക്കിയുള്ള സമ്പദ് വ്യവസ്ഥയെ കൂടുതല്‍ സുസ്ഥിരമാക്കാന്‍ ഇത്തരം നടപടികള്‍ സഹായിക്കുമെന്നാണ് അറബ് രാജ്യങ്ങളില്‍ പലതും കരുതുന്നത്. അറബ് മേഖലയില്‍ നിന്നുള്ള ശാസ്ത്രജ്ഞരുടെ എണ്ണക്കുറവും ഇത്തരം പദ്ധതികള്‍ക്ക് പ്രേരകമാകുന്നുണ്ട്. 

ചൊവ്വയില്‍ 1.9 ദശലക്ഷം അടി വിസ്താരമുള്ള മനുഷ്യ നിര്‍മ്മിത കോളനിയാണ് യുഎഇ സ്വപ്‌നം കാണുന്നത്. ഇതിനായി 140 ദശലക്ഷം ഡോളറാണ് ചിലവ് കണക്കാക്കുന്നത്. മനുഷ്യനു ജീവിക്കാനാവശ്യമായ വെള്ളം ഭക്ഷണം മറ്റ് ഊര്‍ജ്ജ സ്രോതസുകള്‍ എന്നിവ നിര്‍മിക്കുന്നതിലൂടെ ചൊവ്വയില്‍ കോളനി സ്ഥാപിക്കാനാകുമെന്നാണ് യുഎഇ പ്രതീക്ഷിക്കുന്നത്. അടുത്ത 100 വര്‍ഷത്തിനിടെ ഭൂമിയുടെ ഏറ്റവും അടുത്തുള്ള ഗ്രഹമായ ചൊവ്വയിലേക്ക് മനുഷ്യ കുടിയേറ്റം സാധ്യമാകുമെന്നും അവര്‍ ഉറച്ചു വിശ്വസിക്കുന്നു. 

ആപ്പിളും ആമസോണും സൗദി അറേബ്യയിലേക്ക് 

ടെക് ലോകത്തെ വലിയ രണ്ട് കമ്പനികളായ ആമസോണും ആപ്പിളും സൗദി അറേബ്യയിലേക്ക് നീങ്ങുകയാണ്. സാങ്കേതിക അത്ര മുന്നേറിയിട്ടില്ലാത്ത സൗദി അറേബ്യയിൽ നിക്ഷേപം ഇറക്കാൻ തന്നെയാണ് ആപ്പിളും ആമസോണും ആലോചിക്കുന്നത്. ഇത് സംബന്ധിച്ച് സൗദി ഭരണകൂടവുമായി ചർച്ച നടത്തി കഴിഞ്ഞു. 

Saudi-Arabia-Riyadh

ടെലികോം രംഗത്ത് വൻ മാറ്റങ്ങൾ 

സൗദി അറേബ്യയിലും യുഎഇയിലും ടെലികോം രംഗത്ത് വൻ മാറ്റങ്ങളാണ് നടപ്പിലാക്കുന്നത്. രാജ്യത്തെ ടെലികോം കമ്പനികളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി സോഷ്യല്‍മീഡിയ ആപ്പുകൾക്ക് നിയന്ത്രണം കൊണ്ടുവന്നു. വാട്സാപ്പ്, സ്കൈപ്പ്, ഫെയ്സ്ബുക്ക് മെസഞ്ചർ വിഡിയോ കോളുകൾക്ക് യുഎഇ നിയന്ത്രണം ഏർപ്പെടുത്തിയപ്പോൾ സൗദി അറേബ്യ ചെയ്തത് വിലക്കുകളെല്ലാം നീക്കുകയായിരുന്നു. 

സോഫിയ: സൗദി പൗരത്വം നേടി ‘വനിതാ’ റോബട്ട് 

ലോകത്ത് ആദ്യമായി റോബട്ടിനു പൗരത്വം നൽകി സൗദി അറേബ്യ ചരിത്രം കുറിച്ചു. സോഫിയ എന്ന ‘വനിതാ’ റോബട്ടിനു പൗരത്വം നൽകുന്നതായി ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനിഷ്യേറ്റിവ് ഉച്ചകോടിയിലാണു പ്രഖ്യാപിച്ചത്. ലോകത്ത് തന്നെ ഇത് ആദ്യ സംഭവമാണ്. 

sophia-saudi-

എന്നാൽ ശാസ്ത്ര, സാങ്കേതിക മേഖലയ്ക്ക് വൻ നിക്ഷേപം നടത്തുമ്പോൾ തന്നെ നിലവിലെ സാമ്പത്തിക മേഖലയിൽ വൻ മാറ്റങ്ങളാണ് സൗദിയും യുഎഇയും നടപ്പിലാക്കുന്നത്. വികസനത്തിനു വേണ്ട പണം വിപണിയിൽ നിന്നു കണ്ടെത്താനായി ടെക് വിപണിയിലും വൻ പരിഷ്കാരങ്ങൾ നടത്തി. ഇതോടെ മിക്ക ഉല്‍പ്പന്നങ്ങളുടെയും വിലകൂടി. ഇത് പ്രവാസികൾക്ക് ആശങ്കയായിട്ടുണ്ട്.