എഴുത്തും വായനയും അറിയാത്ത ഇന്ത്യക്കാർക്ക് എന്ത് ആധാർ വെർച്വൽ ഐഡി?

aadhar-id

ആഴ്ചകൾക്ക് മുൻപാണ് രാജ്യത്തെ ഞെട്ടിപ്പിക്കുന്ന ചില കണക്കുകൾ പുറത്തുവന്നത്. ഡിജിറ്റല്‍ ഇന്ത്യയെക്കുറിച്ചും ക്യാഷ്‌ലെസ് ഇക്കോണമിയെക്കുറിച്ചും പ്രധാനമന്ത്രിയും സര്‍ക്കാരും വാചാലരാകുന്നതിനിടെയാണ് ഈ കണക്കുകളും പുറത്തുവന്നത്. സ്വന്തം രാജ്യത്തിന്‍റെ ഭൂപടം കണ്ടാല്‍ തിരിച്ചറിയാത്ത ഇന്ത്യക്കാരുടെ കണക്കുകൾ അദ്ഭുതപ്പെടുത്തുന്നതാണ്.

ഗ്രാമീണ ഇന്ത്യയിലെ സ്‌കൂളുകളില്‍ പഠിക്കുന്ന 14നും 18നും ഇടയില്‍ പ്രായമുള്ള വിദ്യാർഥികളില്‍ നാലിലൊന്നിന്റെ അവസ്ഥയാണിത്. പകുതിയില്‍ ഏറെ പേര്‍ക്കും (57 ശതമാനം) ചെറിയ ഹരണ ക്രിയകള്‍ പോലും പിടിയില്ല. ഇത് വിദ്യാർഥികളുടെ മാത്രം അവസ്ഥയല്ല, ഈ കുട്ടികളെ പഠിക്കാൻ വിടുന്നവരുടെതും കൂടിയാണ്. പ്രഥം ഫൗണ്ടേഷന്റെ ആന്വല്‍ സ്റ്റാറ്റസ് ഓഫ് എജ്യുക്കേഷന്‍ റിപ്പോര്‍ട്ടിലാണ് ഇന്ത്യയുടെ ‘ലോകതോൽവി’ വ്യക്തമാക്കുന്നത്.

14നും 16നും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ നാലില്‍ ഒരാൾക്ക് അവരുടെ സ്വന്തം ഭാഷ നന്നായി വായിക്കാന്‍ അറിയില്ല. 60 ശതമാനം പേര്‍ കംപ്യൂട്ടറോ ഇന്റര്‍നെറ്റോ ഇതുവരെ ഉപയോഗിച്ചിട്ടില്ല. ഇവിടെയാണ് ഡിജിറ്റൽ ഇന്ത്യയും ആധാറും ചർച്ച ചെയ്യേണ്ടത്. സത്യത്തിൽ രാജ്യത്തെ 75 ശതമാനം സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ആധാറിന്റെ നേട്ടങ്ങളും കോട്ടങ്ങളും അറിയില്ല. സർക്കാരിൽ നിന്ന് ആനുകൂല്യങ്ങൾ ലഭിക്കാനും അല്ലെങ്കിൽ മറ്റു ചിലരുടെ സമ്മർദ്ദങ്ങൾക്ക് കീഴടങ്ങിയുമാണ് മിക്ക സാധാരണക്കാരും ആധാർ എടുത്തിരിക്കുന്നത്.

എന്നാൽ ആധാറുമായി ബന്ധപ്പെട്ടുളള വിവാദങ്ങളോ, ആധാർ സുരക്ഷ സംബന്ധിച്ച ചർച്ചകളോ അവർ അറിയുന്നില്ല. അവരുടെ ആധാർ ഡേറ്റകൾ ആരോക്കൊ ഉപയോഗിക്കുന്നുണ്ടോ, ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടോ ഒന്നും അറിയുന്നില്ല. കാരണം അവർ ആരും ഡിജിറ്റലല്ല. 12 അക്ക ആധാറിൽ നിന്ന് 16 അക്ക വെർച്വൽ ഐഡിയിലേക്ക് മാറാൻ പറഞ്ഞാൽ എത്ര പേർക്ക് സ്വീകരിക്കാനാകും എന്നത് ഒരു ചോദ്യമാണ്.

ആധാറിന്റെ സുരക്ഷ വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ പാളുന്നതെങ്ങനെ

വെര്‍ച്വല്‍ ഐഡിയും കെവൈസി (ഉപഭോക്താക്കളെ അറിയൂ)ക്ക് വേണ്ടി നല്‍കുന്ന വിവരങ്ങള്‍ പരിമിതപ്പെടുത്തുന്നതും പോലുള്ള നടപടികളും ആധാറിന്റെ സുരക്ഷ ഉറപ്പിക്കുമെന്ന് ഇപ്പോഴും ഉറപ്പിക്കാനാകില്ല. ആധാര്‍ വിവരങ്ങള്‍ ചോരുന്നുവെന്ന വാര്‍ത്തകള്‍ വന്നതിന്റെ അടിസ്ഥാനത്തിലാണ് യുഐഡിഎഐ ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാക്കാനായി വെര്‍ച്വല്‍ ഐഡിയും പരിമിതപ്പെടുത്തിയ കെവൈസി വിവരങ്ങളും അവതരിപ്പിക്കുന്നത്. എന്നാല്‍ ഈ നടപടിക്രമങ്ങളും ആധാറിനെ പൂര്‍ണ്ണമായും സുരക്ഷിതമാക്കില്ല എന്നാണ് വിദഗ്ധരുടെ നിരീക്ഷണം.

ആധാര്‍ വിവരങ്ങള്‍ പൊതുജനങ്ങളില്‍ നിന്നും ശേഖരിക്കുന്നവരെ രണ്ട് വിഭാഗക്കാരായി മാറ്റുകയാണ് ഫലത്തില്‍ യുഐഡിഎഐ ചെയ്തത്. ഗ്ലോബല്‍ എയുഎ എന്നതാണ് ഇതിലെ ആദ്യവിഭാഗം. ഇതിന് കീഴില്‍ വരുന്ന ബാങ്കുകളും മൊബൈല്‍ സേവനദാതാക്കളും സര്‍ക്കാര്‍ വിഭാഗങ്ങള്‍ക്കുമെല്ലാം ആധാര്‍ നമ്പറടക്കം എല്ലാ വിവരങ്ങളും ലഭ്യമാകും. അതുകൊണ്ടു തന്നെ ഇവര്‍ക്ക് ആധാര്‍ വിവരങ്ങള്‍ നല്‍കുമ്പോള്‍ വെര്‍ച്വല്‍ ഐഡി കൊണ്ട് ഗുണമുണ്ടാകില്ല.

രണ്ടാം ഗണത്തില്‍ പെടുന്ന ലോക്കല്‍ എയുഎ (Authentication User Agencies)കള്‍ക്ക് ആധാര്‍ വഴി ഉപഭോക്താക്കളുടെ എല്ലാ വിവരങ്ങളും ലഭിക്കില്ല. യുഐഡിഎഐ പ്രഖ്യാപിച്ച വെര്‍ച്വല്‍ ഐഡി ഉപയോഗിക്കുന്ന ആധാര്‍ ഉടമയുടെ ആധാര്‍ നമ്പര്‍ പോലും ഇവര്‍ക്ക് ലഭിക്കില്ല. വിവരങ്ങള്‍ പരിശോധിക്കുന്നതിന് മാത്രമായി ആധാര്‍ ഉപയോഗിക്കുന്ന സ്റ്റാര്‍ട്ട് അപ്പുകളും ചെറുകിട സ്ഥാപനങ്ങളുമായിരിക്കും ഈ ഗണത്തില്‍ പെടുകയെന്ന് കരുതുന്നു.

ഇത്തരം തരംതിരിക്കലുകള്‍ എന്തിന്റെ അടിസ്ഥാനത്തിലായിരിക്കും നടത്തുകയെന്നത് സംബന്ധിച്ച് വ്യക്തമായ മാനദണ്ഡങ്ങളൊന്നും യുഐഡിഎഐ കുറിപ്പുകളിലും വ്യക്തമാക്കുന്നില്ല. ലോക്കല്‍ എയുഎയാക്കി യുഐഡിഎഐ തീരുമാനിച്ച ഏതെങ്കിലും കമ്പനിയെ കോടതി ഉത്തരവ് മൂലമോ സര്‍ക്കാര്‍ ഇടപെടല്‍ മൂലമോ ഗ്ലോബല്‍ എയുഎയാക്കി മാറ്റേണ്ട സാഹചര്യവും വന്നേക്കാം.

അവരുടെ സോഫ്റ്റ്‌വെയറില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി മാര്‍ച്ച് ഒന്നിന് മുൻപ് തയാറാക്കുമെന്നാണ് യുഐഡിഎഐ വ്യക്തമാക്കിയിരിക്കുന്നത്. ആധാര്‍ വിവരങ്ങള്‍ ജനങ്ങളില്‍ നിന്നും ശേഖരിക്കുന്നവര്‍ അവരുടെ സോഫ്റ്റ്‌വെയറുകളില്‍ ജൂണ്‍ ഒന്നിന് മുൻപ് മാറ്റം വരുത്തണം. ഇത്തരം മാറ്റം വരുത്തുന്നത് വൈകിപ്പിക്കുന്നവര്‍ക്ക് പിഴയും സേവനങ്ങള്‍ റദ്ദാക്കുന്നതടക്കമുള്ള നടപടികളെ നേരിടേണ്ടി വരുമെന്നും യുഐഡിഎഐ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

പെട്ടെന്ന് പ്രഖ്യാപിച്ചതിനാല്‍ തന്നെ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി മാര്‍ച്ച് ഒന്നിന് തന്നെ സോഫ്റ്റ്‌വെയര്‍ തയാറാകാനുള്ള സാധ്യതപോലും കുറവാണെന്ന ആശങ്കയുണ്ട്. ആധാറിന്റെ പകര്‍പ്പ് പേപ്പറില്‍ നല്‍കുന്നവര്‍ക്ക് ഇത്തരത്തിലുള്ള വെര്‍ച്വല്‍ ഐഡി സുരക്ഷകൊണ്ട് യാതൊരു ഗുണവുമില്ല. ഇവര്‍ നല്‍കുന്ന പകര്‍പ്പില്‍ എല്ലാ വിവരങ്ങളുമുണ്ടെന്നതാണ് വെര്‍ച്വല്‍ ഐഡി പരാജയപ്പെടാനുള്ള കാരണം. ആധാര്‍ വിവരങ്ങള്‍ ചോരുന്നതിലെ പ്രധാന കണ്ണികളിലൊന്ന് ഇത്തരത്തിലുള്ള ആധാറിന്റെ പകര്‍പ്പുകളാണ്. അതുകൊണ്ടുതന്നെ ആധാര്‍ പൂര്‍ണ്ണമായും സുരക്ഷിതമാണെന്ന വാദം തെറ്റാണെന്നാണ് ഇന്റര്‍നെറ്റ് ഫ്രീഡം ഫൗണ്ടേഷന്‍ സ്ഥാപകരിലൊരാളായ കിരണ്‍ ജൊന്നാല്‍ഗഡ പറയുന്നത്.

ആധാര്‍ ഉടമക്ക് യുഐഡിഎഐ വെബ്‌സൈറ്റ് വഴി മാത്രമാണ് വെര്‍ച്വല്‍ ഐഡി നിര്‍മിക്കാനാവുക. രാജ്യത്തെ ഇന്റര്‍നെറ്റില്ലാത്ത വലിയൊരു വിഭാഗം ജനവിഭാഗങ്ങള്‍ക്കും ഇത്തരം വെര്‍ച്വല്‍ ഐഡികള്‍ കയ്യെത്താ ദൂരത്തായിരിക്കുമെന്നതാണ് മറ്റൊരു വിമര്‍ശനം. പ്രധാന പ്രശ്‌നം നിലവില്‍ ചോര്‍ന്ന ആധാര്‍ വിവരങ്ങള്‍ അങ്ങനെ തന്നെയിരിക്കുന്നുവെന്നതാണ്. ചോര്‍ന്നുവെന്ന് കരുതപ്പെടുന്ന കോടിക്കണക്കിന് ആധാര്‍ വിവരങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള ഏക മാര്‍ഗ്ഗം ഈ ആധാര്‍ നമ്പറുകള്‍ മാറ്റി നല്‍കുക എന്നതാണ്. എന്നാല്‍ ഇത് സംഭവിക്കാനുള്ള സാധ്യത വളരെ കുറവാണ്.