ടെലികോം കമ്പനികളോ ബാങ്കുകളോ തിരിച്ചറിയൽ രേഖയായി ആധാര്‍ തന്നെ വേണമെന്നു ശഠിച്ചാൽ ഒരു കോടി രൂപ വരെ പിഴയും ആധാര്‍ ചോദിച്ച ഉദ്യോഗസ്ഥര്‍ക്ക് മൂന്നു മുതല്‍ പത്തു വര്‍ഷം വരെ തടവും നല്‍കാനുള്ള ഭേദഗതിക്ക് കേന്ദ്ര മന്ത്രാലയത്തിന്റെ അംഗീകാരം. പുതിയ മൊബൈല്‍ കണക്‌ഷനോ, ബാങ്ക് അക്കൗണ്ടോ എടുക്കുമ്പോഴും ഇതു ബാധകമായിരിക്കും. ഇക്കാര്യങ്ങള്‍ക്ക് പാസ്‌പോര്‍ട്ട്, റേഷന്‍ കാര്‍ഡ് തുടങ്ങിയ രേഖകള്‍ നല്‍കിയാല്‍ ധാരാളം മതിയാകും.
എന്നാല്‍, ഉപയോക്താക്കള്‍ക്ക് നോ യുവര്‍ കസ്റ്റമര്‍ ഫോം പൂരിപ്പിക്കാന്‍, സ്വമേധയാ ആധാര്‍ നമ്പര്‍ നല്‍കാനുള്ള അവസരം നല്‍കും. സുപ്രീം കോടതിയുടെ വിധി മാനിച്ച് ടെലിഗ്രാഫ് ആക്ടിലും പിഎംഎല്‍എയിലും (Indian Telegraph Act and PMLA) ഭേദഗതി വരുത്തുകയാണ് ചെയ്യുന്നത്. സുപ്രീംകോടതി പറഞ്ഞിരിക്കുന്നത് ആധാര്‍ നമ്പര്‍ (യുണീക് ഐഡി) പൊതുമുതലുമായി ബന്ധപ്പെട്ട ക്ഷേമപദ്ധതികള്‍ക്കു മാത്രമേ നിര്‍ബന്ധമായി ചോദിക്കാനൊക്കൂ എന്നാണ്.
ഭേദഗതിയിലൂടെ സ്വകാര്യത സംരക്ഷിക്കാന്‍ തന്നെയാണ് സർക്കാർ ശ്രമിക്കുന്നത്. നിയമം ഉടനെ പാര്‍ലമെന്റില്‍ പാസാക്കിയേക്കും. ആധാര്‍ ഉപയോഗിക്കുന്ന കാര്യത്തില്‍ 'സംസ്ഥാനങ്ങളുടെ താൽപര്യം' എങ്ങനെ സംരക്ഷിക്കാമെന്ന കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല. പക്ഷേ, അതും സുപ്രീംകോടതിയുടെ വിധിക്കനുസരിച്ചായിരിക്കും. ആധാര്‍ എടുത്ത കുട്ടികള്‍ക്ക് 18 വയസു തികയുമ്പോള്‍ അതു വേണ്ടെന്നു വയ്ക്കാനുള്ള അവസരം നല്‍കാനും സാധ്യതയുണ്ട്. വേണ്ടെന്നുവച്ചാല്‍ ബയോമെട്രിക്‌സ് രേഖകളും മറ്റും നീക്കം ചെയ്യും.
ബയോമെട്രിക്‌സില്‍ എന്തെങ്കിലും തരം മാറ്റംവരുത്തല്‍ നടത്താന്‍ ശ്രമിച്ചുവെന്നു കണ്ടാലും ശിക്ഷ ലഭിക്കും. ആധാറിന്റെ ബയോമെട്രിക് ഡേറ്റ, ഇലക്ട്രോണിക് ഒതന്റിക്കേഷന്‍ നടത്താന്‍ ശ്രമിക്കുന്ന ഏജന്‍സികള്‍ക്ക് എത്തിപ്പിടിക്കാനാവില്ല. പക്ഷേ, അത്തരം ഏതെങ്കിലും ശ്രമങ്ങള്‍ കണ്ടെത്തിയാല്‍ 50 ലക്ഷം രൂപ വരെ പിഴയിടും. വ്യക്തികള്‍ക്ക് സ്വമേധയ ആധാര്‍ നല്‍കാന്‍ സാധിക്കുമെങ്കിലും അതിനപ്പുറത്തേക്കുള്ള കൈകടത്തലുകള്‍ ഒഴിവാക്കുകയാണ് ലക്ഷ്യം. ടെലികോം കമ്പനികള്‍ ഉപയോക്താക്കളെ ആധാര്‍ നമ്പര്‍ ചോദിച്ച് നിരന്തരം ശല്യപ്പെടുത്തുന്നതും ചില കമ്പനികള്‍ ബിസിനസ് ആവശ്യങ്ങള്‍ക്കായി ആധാര്‍ നമ്പര്‍ ഉപയോഗിക്കുന്നുവെന്ന ആരോപണം ഇല്ലാതാക്കാനുമാണ് പുതിയ മാനദണ്ഡങ്ങള്‍ വരുന്നത്.
ഉപയോക്താവിന്റെ സമ്മതമില്ലാതെ ആധാര്‍ വിവരങ്ങള്‍ എടുത്താല്‍ 10,000 രൂപ പിഴയും മൂന്നു വര്‍ഷം തടവും ലഭിക്കാം. ക്യൂആര്‍ കോഡ് വേരിഫിക്കേഷന്റെ കാര്യത്തിലും ഇതു ബാധകമായിരിക്കും. സമ്മതം വാങ്ങാതെ ആരുടെയെങ്കിലും ഐഡിയോ ഫോട്ടോയോ പ്രസിദ്ധീകരിക്കുന്നവരെ കാത്തിരിക്കുന്നത് 10,000 രൂപ മുതല്‍ 1 ലക്ഷം രൂപ വരെ പിഴയാണ്. എന്നാല്‍ സ്വകാര്യതയെക്കുറിച്ചു ബോധമില്ലാത്ത ഉപയോക്താക്കള്‍ എങ്ങനെ പ്രതികരിക്കുമെന്നു കണ്ടറിയേണ്ട കാര്യമാണ്.