ആധാറിനെ സംബന്ധിച്ച് സുപ്രീംകോടതിയുടെ ചരിത്രപരമായ വിധിയിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം ആധാർ നിയമത്തിലെ വകുപ്പ് 57 റദ്ദാക്കിയതാണ്. വകുപ്പ് 57 റദ്ദായതോടെ വ്യക്തിവിവരങ്ങൾ ഉറപ്പിക്കാനായി സ്വകാര്യ കമ്പനികൾ ആധാർ വിവരങ്ങൾ ഉപയോഗിക്കാമെന്ന പഴുതടഞ്ഞു. മൊബൈൽ കമ്പനികൾക്കോ ബാങ്കുകൾക്കോ അവരുടെ സേവനത്തിനായി ഉപയോക്താവിൽ നിന്നും ആധാർ വിവരങ്ങൾ ചോദിക്കാനാകാത്ത സ്ഥിതിയാണ് ഇതോടെ സംജാതമായിട്ടുള്ളത്. ഏറെ സ്വാഗതാർഹമായ വിധി അവശേഷിപ്പിക്കുന്ന ഒരു സംശയം നിലവിൽ മൊബൈൽ കമ്പനികൾ സമാഹരിച്ചിട്ടുള്ള ഉപയോക്താക്കളുടെ ആധാർ വിവരങ്ങൾക്ക് എന്തു സംഭവിക്കുമെന്നതാണ്. വൻ തോതിലുള്ള ഡേറ്റ ശേഖരണം നടന്നിട്ടുള്ളതിനാൽ ഈ ചോദ്യം ഏറെ പ്രസക്തവുമാണ്.
നിലവിൽ ശേഖരിക്കപ്പെട്ടിട്ടുള്ള ഡേറ്റ ഡിലീറ്റ് ചെയ്യുകയാകും ഏറ്റവും അഭികാമ്യമെങ്കിലും ഇതുസംബന്ധിച്ച നിർദേശമൊന്നും തന്നെ കോടതിയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. ഉപയോക്താക്കളിൽ നിന്നും ടെലികോം സേവനദാതാക്കൾ സമാഹരിച്ച വിവരങ്ങൾ മുഴുവൻ ഡിലീറ്റ് ചെയ്യണമെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് മാത്രമാണ് അഭിപ്രായപ്പെട്ടിട്ടുള്ളത്, അഞ്ചംഗ ബെഞ്ച് അവരുടെ അന്തിമ വിധിയിൽ ഇക്കാര്യത്തിലൊരു വ്യക്തത വരുത്താത്ത സാഹചര്യത്തിൽ സേവനദാതാക്കള്‍ സ്വയമേവ ഡേറ്റ ഡിലീറ്റ് ചെയ്യാനുള്ള സാധ്യത കൂറവാണ്. വ്യക്തിഗത ഡേറ്റ നീക്കം ചെയ്യണമെന്ന് ഉപയോക്താവ് രേഖാമുലം ആവശ്യപ്പെട്ടാലും ഇതിനോട് സേവനദാതാക്കൾ എത്രകണ്ട് അനുകൂലപ്രതികരിക്കുമെന്നതും സംശയമാണ്.
ജസ്റ്റിസ് ചന്ദ്രചൂഡിന്‍റെ നിലപാട് ചൂണ്ടിക്കാട്ടി വ്യക്തത ആവശ്യപ്പെട്ട് ഉപയോക്താക്കൾ ഹൈക്കോടതികളെ സമീപിച്ചാലും സുപ്രീംകോടതി പരിഗണിച്ച കേസായതിനാൽ ഇത് പരിഗണിക്കാനുള്ള സാധ്യത കുറവാണെന്ന് നിയമവൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഇതുവരെ സമാഹരിച്ച ഡേറ്റയുടെ കാര്യത്തിൽ വ്യക്തത തേടി സുപ്രീംകോടതിയെ തന്നെ സമീപിക്കുകയാകും കൂടുതൽ അഭികാമ്യമെന്നാണ് നിയമവിദഗ്ധർ പറയുന്നത്.
മൊബൈലുമായി ആധാർ കാർഡ് ബന്ധിപ്പിക്കണമെന്ന സേവനദാതാക്കളുടെ കടുംപിടുത്തത്തെ തുടർന്ന് നല്ലൊരു ശതമാനം ഉപയോക്താക്കളും ഇപ്രകാരം ചെയ്തിട്ടുള്ളതായാണ് സൂചന. ടെലികോം മേഖലയിലെ അതികായരായ റിലയൻസ് ജിയോ മാത്രം ആധാറിലെ വിരലടയാളം ഉപയോഗിച്ച് ഈ മാസം 62 ദശലക്ഷം ഉപയോക്താക്കളുടെ ആധികാരികത ഉറപ്പുവരുത്തിയിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്, എയർടെൽ ആകട്ടെ 44 ദശലക്ഷം ഉപയോക്താക്കളുടെ ആധികാരികതയാണ് ഇത്തരത്തിൽ ഉറപ്പു വരുത്തിയത്. വോഡഫോണും ഐഡിയയുമാണ് മൂന്നും നാലും സ്ഥാനങ്ങളിൽ.
കേവലം മൊബൈൽ കമ്പനികൾ മാത്രമല്ല ഇത്തരത്തിൽ ആധാറുമായി ബന്ധിപ്പിച്ച് ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ സമാഹരിച്ചിട്ടുള്ളത്. ബാങ്കുകളും, പേടിഎം, ആമസോൺ പേ തുടങ്ങിയവയും ഈ പട്ടികയിൽ ഉൾപ്പെടും, ഇവരുടെയെല്ലാം സെർവറുകളിൽ നിന്നും വിവരങ്ങൾ നീക്കം ചെയ്യപ്പെടുന്നുവെന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. സുപ്രീംകോടതിയെ തന്നെ സമീപിക്കുകയാകും ഇതിനുള്ള എളുപ്പ വഴി. ഇക്കാര്യത്തിൽ ഒരു പുനഃപരിശോധന ഹർജിയുടെ ആവശ്യമില്ലെന്നും വ്യക്തത തേടിയാൽ മാത്രം മതിയെന്നും നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മൊബൈലിനായി ആധാർ വിവരങ്ങൾ ശേഖരിക്കുന്നത് വ്യക്തി സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണെന്ന് കോടതി നിരീക്ഷണം അക്ഷരാർഥത്തിൽ പാലിക്കപ്പെടണമെങ്കിൽ നിലവില്‍ സമാഹരിച്ച ഡേറ്റയുടെ കാര്യത്തിലും ഒരു തീരുമാനം അനിവാര്യമാണ്.